പത്തനംതിട്ട: സുപ്രീംകോടതി വിധി മുന്‍ നിര്‍ത്തി ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട തമിഴ്‌നാട്ടിലെ മനിതി സംഘടനയിലെ പ്രവര്‍ത്തകരെ തടയാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ സംഘടിക്കുന്നു. കുമളി ചെക്ക് പോസ്റ്റിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ സംഘടിക്കുന്നത്. മനിതി കൂട്ടയ്മയിലെ സ്ത്രീകള്‍ കുമളി- കമ്പംമേട് വഴിയാണ് എത്തുന്നത് എന്ന വിവരത്തെ തുടര്‍ന്നാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ സംഘടിക്കുന്നത്.
അതേസമയം ശബരിമലക്ക് പോകുന്ന മനിതി സംഘത്തിലെ യുവതികളെ ജില്ലയില്‍ എവിടെയെങ്കിലും തടഞ്ഞാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് ജില്ല പൊലീസ് മേധാവി ഹരിശങ്കര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ട്രാക്കില്‍ അറ്റകുറ്റപ്പണിമൂലം കോട്ടയം വഴി ട്രെയിനുകള്‍ ഞായറാഴ്ച രാവിലെ ഒമ്പതു മുതല്‍ ഒന്നുവരെ ആലപ്പുഴ വഴിയാണ് പോകുക. ജില്ലയില്‍ എവിടെയെങ്കിലും യുവതികളെ തടഞ്ഞാല്‍ ക്രമസമാധാനപ്രശ്‌നമായി കണ്ട് നടപടിയെടുക്കാന്‍ ഡിവൈ.എസ്.പിമാര്‍ക്ക് എസ്.പി നിര്‍ദേശം നല്‍കി.
ജില്ല അതിര്‍ത്തിവരെ യുവതികളെ സുരക്ഷിതമായി എത്തിക്കും. ഇതിനായി വനിത പൊലീസിനോടും ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ചു.
ചെന്നൈയില്‍ നിന്നും മധുരയില്‍ നിന്നും രണ്ട് സംഘമായാണ് വനിതകള്‍ എത്തുന്നത്. ചെന്നൈയില്‍ നിന്നെത്തുന്ന സംഘത്തോടൊപ്പം തമിഴ്നാട് പോലീസുമുണ്ട്. കുമളി ചെക്ക് പോസ്റ്റില്‍ വെച്ച് ഇവരെ കേരളാ പോലീസിന് കൈമാറും. സംഘര്‍ഷം മുന്നില്‍ കണ്ട് പോലീസ് സ്ഥലത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കുമളി, കമ്പംമേട് ചെക്ക് പോസ്റ്റുകളിലായാണ് ബിജെപി- സംഘപരിവാര്‍ സംഘടനകള്‍ സംഘടിച്ചിരിക്കുന്നത്.