| Friday, 4th January 2019, 2:20 pm

കൊടുങ്ങല്ലൂരില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥ ശ്രീജയെ പരസ്യമായി മര്‍ദ്ദിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍; തടയാന്‍ ശ്രമിച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കും ക്രൂരമര്‍ദ്ദനം-വീഡിയോ

ജിന്‍സി ടി എം

കൊടുങ്ങല്ലൂര്‍: വടക്കേക്കര പൊലീസ് സ്റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥയായ ശ്രീജയെ പൊതുനിരത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ബുധനാഴ്ച വൈകുന്നേരം കൊടുങ്ങല്ലൂര്‍ മൂത്തകുന്നത്താണ് സംഭവം. ശ്രീജ, ഭര്‍ത്താവും കെ.എസ്.ആര്‍.ടി.സി ഡ്രൈവറുമായ ബോസ് എന്നിവരാണ് ആക്രമിക്കപ്പെട്ടത്.

കനകദുര്‍ഗയും ബിന്ദുവും ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന സ്ഥിരീകരണം വന്നതിനു പിന്നാലെ കൊടുങ്ങല്ലൂരില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞത് ചോദ്യം ചെയ്തതിനാണ് ശ്രീജയെ ആക്രമിച്ചതെന്ന് വടക്കേക്കര പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഡൂള്‍ന്യൂസിനോടു പറഞ്ഞു. ഇത് തടയാന്‍ ശ്രമിച്ച ബോസിനെയും ഇവര്‍ ആക്രമിക്കുകയായിരുന്നു.

“തുരുത്തിപ്പുറം എന്ന സ്ഥലത്തുള്ള പെട്രോള്‍ പമ്പിനു മുമ്പിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞത്. അതിനു തൊട്ടുമുമ്പ് സമീപത്തെ അമ്പലത്തിനു മുമ്പില്‍ കെ.എസ്.ആര്‍.ടി.സി ബസിനു നേരെ കല്ലെറിഞ്ഞിരുന്നു. അക്കാര്യം അന്വേഷിക്കാനായി ഞങ്ങള്‍ അവിടെ എത്തിയപ്പോഴാണ് ഈ സംഭവമുണ്ടായത്. പെട്രോള്‍ പമ്പിലെ ബസ് തടഞ്ഞിട്ടിരിക്കുന്നത് അന്വേഷിക്കാന്‍ വേണ്ടിയായിരുന്നു ശ്രീജ അവിടെ എത്തിയത്. കാര്യങ്ങള്‍ അന്വേഷിക്കുന്നതിനിടെ അക്രമികള്‍ അവരുടെ മുഖത്തടിക്കുകയും ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിക്കുകയുമായിരുന്നു.തടയാന്‍ ശ്രമിച്ച ബോസിനെ ഹെല്‍മറ്റുകൊണ്ട് അടിച്ച് താഴെയിടുകയായിരുന്നു” എന്ന് വടക്കേക്കര എസ്.ഐ സ്‌റ്റെപ്‌റ്റോ ഡൂള്‍ന്യൂസിനോടു പറഞ്ഞു.

അമ്പലത്തിനു മുമ്പില്‍ ആക്രമിക്കപ്പെട്ട ബസ് അവിടെ നിന്നും നീക്കാനെത്തിയതായിരുന്നു ബോസ്. ശ്രീജയെ ആക്രമിക്കുന്നതു കണ്ട് അവിടെയെത്തിയ തന്നെയും അവര്‍ ആക്രമിക്കുകയായിരുന്നുവെന്ന് ബോസ് ഡൂള്‍ന്യൂസിനോടു പറഞ്ഞു.

“അവിചാരിതമായിട്ടാണ് ഞാന്‍ അവിടെ എത്തിയത്. ഒരു കെ.എസ്.ആര്‍.ടി.സി ബസിന് കല്ലെറിഞ്ഞ് ഡ്രൈവറിന് പരിക്കുപറ്റിയിരുന്നു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിക്കാനാണ് ഞാന്‍ അവിടെ എത്തിയത്. ഞങ്ങള്‍ സ്റ്റേഷനിലേക്ക് പോകും വഴിയാണ് പെട്രോള്‍ പമ്പിനു സമീപം ഒരു ബസ് തടഞ്ഞിട്ട് ആളുകള്‍ കൂടി നില്‍ക്കുന്നത് കണ്ടത്. ഡ്രൈവര്‍ പരിചയക്കാരനായതുകൊണ്ട് വണ്ടി നിര്‍ത്തി അടുത്തുപോയി നോക്കിയപ്പോഴാണ് ശ്രീജയുടെ കയ്യില്‍ പിടിച്ച് ഒരാള്‍ മൊബൈല്‍ പിടിച്ചുവാങ്ങാന്‍ നോക്കുന്നത് കണ്ടത്. അവനെ തട്ടിമാറ്റാന്‍ ശ്രമിക്കുമ്പോള്‍ മൂന്നാലുപേര്‍ എന്നെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.” ബോസ് വിശദീകരിക്കുന്നു.

ബസ് തടഞ്ഞത് ശ്രദ്ധയില്‍പ്പെട്ട ശ്രീജ സ്റ്റേഷനിലേക്ക് വിളിച്ച് കാര്യം അറിയിച്ച ശേഷം ഡി.വൈ.എസ്.പിയെ വിളിക്കാന്‍ ശ്രമിക്കുമ്പോഴാണ് അക്രമികള്‍ മര്‍ദ്ദിച്ചതെന്നും ബോസ് പറയുന്നു.

കൊടുങ്ങല്ലൂര്‍ ഭാഗത്തുള്ള ബി.ജെ.പി പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്നാണ് എസ്.ഐ പറയുന്നത്. പ്രതികളെയെല്ലാം അറസ്റ്റു ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കലേഷ്, ഉണ്ണിക്കൃഷ്ണന്‍, ഷിനു, ശിവരാമന്‍, സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ റിമാന്‍ഡിലാണ്. കൊച്ചുമോന്‍ എന്ന പ്രതിയെ പിടികൂടാനുണ്ട്. സ്ത്രീകളെ ആക്രമിക്കല്‍, വധശ്രമം, ഭീഷണിപ്പെടുത്തല്‍, മൊബൈല്‍ തട്ടിപ്പറിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ജിന്‍സി ടി എം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2010 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more