തലശ്ശേരി: കുട്ടികളുടെ കരോള്‍ ഗാനസംഘത്തെ ആര്‍.എസ്.എസ് കേന്ദ്രത്തില്‍ തടഞ്ഞ് ബി.ജെ.പി നേതാക്കള്‍. പത്തായക്കുന്ന് കോങ്കച്ചിയില്‍ വെച്ചാണ് കുട്ടികളുടെ കരോള്‍ സംഘത്തെ തടയുകയും മര്‍ദിക്കുകയും ചെയ്തതെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.
അധ്യാപകനായ ബി.ജെ.പി മണ്ഡലം നേതാവിന്റെ നേതൃത്വത്തിലാണ് ഒരു സംഘം ആളുകള്‍ കുട്ടികളെ മര്‍ദിച്ചത്. കരോളിനായി വാടകയ്‌ക്കെടുത്ത വസ്തുക്കള്‍ കുട്ടികളില്‍ നിന്നും പിടിച്ചു പറിക്കുകയും ചെയ്തു.
‘ഓണവും വിഷുവും അവര്‍ (ക്രിസ്ത്യാനികള്‍) ആഘോഷിക്കാറുണ്ടോ,’ എന്ന് ചോദിച്ചായിരുന്നു ഇവര്‍ കുട്ടികളെ മര്‍ദിച്ചത്.
പ്രദേശത്തെ ബി.ജെ.പിയോട് അനുഭാവമുള്ള കുടുംബങ്ങളിലെ കുട്ടികളാണ് ക്രിസ്മസ് അപ്പൂപ്പന്റെ വേഷം കെട്ടിയും പുല്‍ക്കൂടൊരുക്കിയും ക്രിസ്മസ്-പുതുവത്സര ആഘോഷം സംഘടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളിലും കുട്ടികള്‍ ഇവിടെ സ്ഥിരമായി ആഘോഷങ്ങള്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു.
ഡിസംബര്‍ 23നായിരുന്നു കുട്ടികള്‍ ഒത്തുകൂടുകയും പുല്‍ക്കൂടൊരുക്കുകയും ചെയ്തത്. ഇതിന് പിന്നാലെയാണ് ബി.ജെ.പി നേതാക്കള്‍ ഭീഷണിയുമായെത്തിയത്.
ഒരു ക്രിസ്മസ് പരിപാടിയും ഇവിടെ നടത്തേണ്ടെന്ന് ആക്രോശിച്ചായിരുന്നു ബി.ജെ.പി നേതാക്കളുടെ അതിക്രമം. അവര്‍ പറഞ്ഞതനുസരിക്കാതെ വീണ്ടും പുല്‍ക്കൂടൊരുക്കിയ കുട്ടികളെ നേതാക്കള്‍ മര്‍ദിക്കുകയും ചെയ്തു.
എന്നാല്‍ ഇതേ കുട്ടികളുടെ അമ്മമാര്‍ ക്രിസ്മസ് തലേന്ന് പുല്‍ക്കൂടൊരുക്കിയും ആഘോഷം സംഘടിപ്പിച്ചുമാണ് ഇതിന് മറുപടി നല്‍കിയത്.