കെ. സുരേന്ദ്രനെ ബി.ജെ.പി പ്രവര്‍ത്തകര്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്നതായി വിമതര്‍
Kerala News
കെ. സുരേന്ദ്രനെ ബി.ജെ.പി പ്രവര്‍ത്തകര്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്നതായി വിമതര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th February 2022, 11:16 am

കാസര്‍കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ കാസര്‍കോട്ടെ ബി.ജെ.പി പ്രവര്‍ത്തകര്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്നതായി വിമത നേതാക്കള്‍. സി.പി.ഐ.എം പിന്തുണയോടെ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷനെ നിയമിച്ചുവെന്ന് ആരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസ് താഴിട്ട് പൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണവുമായി വിമതര്‍ രംഗത്തെത്തിയത്.

കെ. സുരേന്ദ്രന് എന്തോ മറച്ചുവെക്കാനുണ്ടെന്ന് സംശയിക്കുന്നുണ്ട്. കുമ്പള പഞ്ചായത്തില്‍ സി.പി.ഐ.എം പിന്തുണയോടെ ബി.ജെ.പി അംഗങ്ങള്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ പദവിയിലെത്തിയത് ക്ഷമിക്കാനാവാത്ത കുറ്റമാണ്. ഇതിന് പാര്‍ട്ടിയിലെ ചില നേതാക്കള്‍ കൂട്ടുനിന്നുവെന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ നേരത്തെ പറഞ്ഞിരുന്നു.

എന്നാല്‍ ഒരു വര്‍ഷം മുമ്പ് വിഷയത്തെ ചൊല്ലി പ്രശ്‌നമുണ്ടായ ഉടനെ സംസ്ഥാന പ്രസിഡന്റിനെ കണ്ടപ്പോള്‍ സി.പി.ഐ.എമ്മുമായി കൂട്ടുകൂടാന്‍ തീരുമാനമെടുത്തവര്‍ അനുഭവിക്കട്ടെ എന്നായിരുന്നു പറഞ്ഞതെന്നാണ് വിമത നേതാക്കള്‍ പറയുന്നത്.

സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു. ആ വിശ്വാസം തകര്‍ന്ന സാഹചര്യത്തിലാണ് പ്രതിഷേധവുമായി തങ്ങള്‍ രംഗത്തെത്തിയത്. സി.പി.ഐ.എമ്മുമായി ചില പ്രവര്‍ത്തകര്‍ക്ക് നേരത്തെ തന്നെ രഹസ്യ ബന്ധമുണ്ട്.

പാര്‍ട്ടിയുടെ കുറ്റിക്കോല്‍ ബൂത്ത് ഓഫീസിന് വാങ്ങിയ ഭൂമി റോഡ് വികസനത്തിന് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഏറ്റെടുപ്പിച്ചപ്പോള്‍ ചില നേതാക്കള്‍ സി.പി.ഐ.എമ്മുമായി ഒത്തുകളിച്ചു.

എന്നാല്‍ ആരോപണ വിധേയരായ നേതാക്കള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനക്കയറ്റം നല്‍കിയത് ഏറെ വിഷമമുണ്ടാക്കി. സംസ്ഥാന സെക്രട്ടറി കെ. ശ്രീകാന്ത്, ഉത്തരമേഖല ജനറല്‍ സെക്രട്ടറി പി. സുരേഷ് കുമാര്‍, ജില്ല സെക്രട്ടറി മണികണ്ഠ റായ് എന്നിവര്‍ക്കെതിരെ നടപടിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നുകൊണ്ട് തന്നെ കടുത്ത നടപടിയുമായി മുന്നോട്ട് പോകും. പ്രവര്‍ത്തകരുടെ പിന്തുണ തങ്ങള്‍ക്കുണ്ട്, എന്നാല്‍ ജില്ല പ്രസിഡന്റിന് ഇതിലൊന്നും പങ്കില്ലെന്നും വിമത നേതാക്കള്‍ വ്യക്തമാക്കി.

കുമ്പള പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിലെ സി.പി.ഐ.എം- ബി.ജെ.പി കൂട്ടുകെട്ട് വിഷയത്തില്‍ കെ. സുരേന്ദ്രന്‍ നേരിട്ടെത്തി പരിഹാരം കാണാണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രവര്‍ത്തകര്‍ പാര്‍ട്ടി ജില്ല ഓഫീസ് ഉപരോധിച്ചത്.

സി.പി.ഐ.എമ്മിനെ കൂട്ടുപിടിച്ച് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഒരാള്‍ക്ക് നേടി കൊടുക്കാന്‍ ശ്രമിച്ചുവെന്ന പരാതി പാര്‍ട്ടി പ്രവര്‍ത്തകര്‍ നേരത്തെ തന്നെ ഉന്നയിച്ചിരുന്നു.

വിഷയത്തില്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.


Content Highlights:  BJP activists are blackmailing K. Surendran