അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ സംഘപരിവാര്‍ വ്യാജപ്രചരണം; ചുക്കാന്‍ പിടിച്ചത് ബി.ജെ.പി സംസ്ഥാന നേതാക്കള്‍
Focus on Politics
അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ സംഘപരിവാര്‍ വ്യാജപ്രചരണം; ചുക്കാന്‍ പിടിച്ചത് ബി.ജെ.പി സംസ്ഥാന നേതാക്കള്‍
ജദീര്‍ നന്തി
Wednesday, 18th April 2018, 10:18 am

കോഴിക്കോട്: കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നടന്ന അപ്രാഖ്യാപിത ഹര്‍ത്താലിനിടെയുള്ള ചിത്രങ്ങള്‍ പ്രചരിപ്പിച്ച് വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമം. ഹര്‍ത്താലിനിടെ തകര്‍ക്കപ്പെട്ട ആര്‍.എസ്.എസ് ശാഖയുടെ ചിത്രങ്ങള്‍ ക്ഷേത്രങ്ങളുടേതാണെന്ന രീതിയില്‍ പ്രചരിപ്പിച്ചാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ സോഷ്യല്‍മീഡിയയിലൂടെ വര്‍ഗ്ഗീയത പടര്‍ത്താന്‍ ശ്രമിച്ചത്.

“മലപ്പുറത്തെ താനൂരില്‍ വന്‍ അക്രമം, വാക്കാട് ക്ഷേത്രത്തില്‍ കയറി അക്രമം” – എന്നാണ് ഫേസ്ബുക്കിലൂടെയും വാട്‌സ്അപ്പിലൂടെയും വ്യാപകമായി പ്രചരിച്ചത്. എന്നാല്‍ തിരൂരില്‍ വാക്കാട് പടിയത്തിനും ആശാന്‍ പടിക്കും ഇടയിലുള്ള ആര്‍.എസ്.എസ് ശാഖയാണ് ആക്രമിക്കപ്പെട്ടത്. ഇതിന്റെ ചിത്രമാണ് ക്ഷേത്രം ആക്രമിക്കപ്പെട്ടു എന്ന രീതിയില്‍ പ്രചരിപ്പിച്ചത്. ഒറ്റ മുറിക്കെട്ടിടവും ക്ഷേത്രത്തിനെ അനുസ്മരിപ്പിക്കും വിധമുള്ള ചുവരിലെ നിലവിളക്കുകളുടെ ചിത്രവും അത് അമ്പലമാണെന്ന തെറ്റിദ്ധാരണ പ്രചരിപ്പിക്കാന്‍ എളുപ്പമാക്കി.

 

ബി.ജെ.പി നാഷനല്‍ എക്‌സിക്യൂട്ടീവ് അംഗം പി.കെ കൃഷ്ണദാസ് ഉള്‍പ്പടെയുള്ളവര്‍ ഈ ചിത്രം ഉപയോഗിച്ച് പ്രചാരണം നടത്തിയിട്ടുണ്ട്.

“കേരളത്തില്‍ പുതിയ പരീക്ഷണമാണ് മുസ്‌ലിം ഭീകരവാദ സംഘടനകള്‍ നടത്തിയത്. കാശ്മീരില്‍ നടന്ന നിഷ്ഠുരവും ക്രൂരവുമായ സംഭവത്തിന്റെ മറ പിടിച്ച് സംസ്ഥാന വ്യാപകമായി വ്യാപാര സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും
ക്ഷേത്രങ്ങള്‍ക്കും നേരെ നടന്ന അക്രമം ഗൗരവമായി കാണേണ്ടതുണ്ട്. കാശ്മീരില്‍ ഭീകരസംഘടനകള്‍ പിന്തുടരുന്ന പ്രചാരണവും അക്രമ രീതികളുമാണ് കേരളത്തില്‍ പരീക്ഷിച്ചിരിക്കുന്നത്. ” എന്നാണ് ശാഖയുടെ ചിത്രത്തോടൊപ്പം കൃഷ്ണദാസ് കുറിച്ചത്.

കേന്ദ്രസേനയെ വിളിക്കാന്‍ തയ്യാറാവണമെന്നും ഹിന്ദു വിരുദ്ധ കലാപത്തിന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും സര്‍ക്കാരും
അകമഴിഞ്ഞ് സഹായ സഹകരണം നല്‍കിയിരിക്കുകയാണെന്നും കൃഷ്ണദാസ് ആരോപിച്ചു.

എന്നാല്‍, ക്ഷേത്രം ആക്രമിക്കപ്പെട്ടതായി സംഭവങ്ങളൊന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും അത്തരം പരാതികള്‍ ലഭിച്ചിട്ടില്ലെന്നും തിരൂരിലെയും താനൂരിലെയും പൊലീസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. ക്ഷേത്രം ആക്രമിക്കപ്പെട്ടു എന്ന വാര്‍ത്ത വ്യാജമാണെന്നും അങ്ങനെ ഒരു സംഭവം സ്ഥലത്തുണ്ടായിട്ടില്ലെന്നും താനൂരിലെ യൂത്ത് ലീഗ് നേതാവ് കമറുദ്ദീനും വ്യക്തമാക്കി.

ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രനും ഫേസ്ബുക്കില്‍ വ്യാജപ്രചാരണത്തില്‍ പങ്കാളിയായിരുന്നു. “കാശ്മീര്‍ സംഭവത്തിന്റെ മറവില്‍ സി. പി. എമ്മുകാരുടെ സഹായത്തോടെ മുസ്‌ലിം തീവ്രവാദസംഘടനകള്‍ കേരളത്തില്‍ പലയിടത്തും വര്‍ഗ്ഗീയസംഘര്‍ഷങ്ങളുണ്ടാക്കാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്. ” – എന്നാണ് കെ. സുരേന്ദ്രന്‍ ഹര്‍ത്താല്‍ ദിവസം ഫേസ്ബുക്കില്‍ കുറിച്ചത്.


Also Read: കഠ്‌വ സംഭവം; കുറ്റവാളികള്‍ക്ക് എന്ത് ശിക്ഷ നല്‍കിയാലും പകരമാവില്ല; കൊലയാളികളെ പിന്തുണക്കുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് വിജയ് സേതുപതി


എന്നാല്‍ മറ്റൊരു ദിവസം കോഴിക്കോട് ഫേസ്ബുക്ക് കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ ബാനര്‍ ആണ് പോസ്റ്റിനൊപ്പം സുരേന്ദ്രന്‍ ഉപയോഗിച്ചത്. ഇതേ ചിത്രങ്ങള്‍ പ്രതിഷേധ വാര്‍ത്തയ്‌ക്കൊപ്പം മാധ്യമങ്ങല്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. ഇക്കാര്യം കമന്റുകളില്‍ പലരും ചൂണ്ടിക്കാട്ടിയിട്ടും പോസ്റ്റ് ഡിലീറ്റ് ചെയ്യാനോ തിരുത്താനോ പോലും സുരേന്ദ്രന്‍ തയ്യാറായിട്ടില്ല.

കെ.സുരേന്ദ്രന്‍റെ പോസ്റ്റിനൊപ്പം ചേര്‍ത്ത ചിത്രം.

15ന് മിഠായിത്തെരുവില്‍ ഫേസ്ബുക്ക് കൂട്ടായ്മ നടത്തിയ പ്രതിഷേധ പരിപാടിയുടെ വാര്‍ത്തയ്ക്കൊപ്പം ഡൂള്‍ നല്‍കിയ ചിത്രം.

കത്വയില്‍ മുസ്‌ലിം പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച സംസ്ഥാനത്ത് അപ്രഖ്യാപിത ഹര്‍ത്താല്‍ നടന്നത്. ഒരു സംഘടനയുടെയും പിന്തുണയില്ലാതെ നടത്തുന്ന ഹര്‍ത്താലില്‍ സഹകരിക്കണമെന്നാവശ്യപ്പെട്ടുള്ള സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചായിരുന്നു ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

എന്നാല്‍ ചില സംഘങ്ങള്‍ ഹര്‍ത്താലിന്റെ പേരില്‍ വാഹനങ്ങള്‍ തടയുകയും കടകള്‍ ബലമായി അടപ്പിക്കുകയും ചെയ്തതോടെ പൊലീസുമായി സംഘര്‍ഷത്തിലാകുകയായിരുന്നു. ഹര്‍ത്താല്‍ അക്രമാസക്തമായതിനെ തുടര്‍ന്ന് മലപ്പുറം ജില്ലയുടെ ചില ഭാഗങ്ങളില്‍ പൊലീസിന് നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടി വന്നു. കേരളാ പൊലീസ് നിയമം 78, 79 വകുപ്പുകള്‍ പ്രകാരമാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റ 7 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ജില്ലയില്‍ ഹര്‍ത്താലിന്റെ മറവില്‍ നടന്ന വ്യാപക ആക്രമണങ്ങളെ തുടര്‍ന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരുള്‍പ്പടെ 25 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് നാലു മണി മുതല്‍ ഏഴു ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. പൊതുസമ്മേളനങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും അക്രമാസക്തമായി സംഘടിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.