| Sunday, 20th February 2022, 9:03 am

ബി.ജെ.പി പ്രവര്‍ത്തകന്റെ ബോംബ് നിര്‍മാണത്തിനിടെ തകര്‍ന്ന കൈപ്പത്തി മുറിച്ചുമാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വടകര: ചെരണ്ടത്തൂരില്‍ ബോംബ് നിര്‍മാണത്തിനിടെ വീടിനുമുകളിലുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി മുറിച്ചുമാറ്റി. ചെരണ്ടത്തൂര്‍ മൂഴിക്കല്‍ മീത്തല്‍ ഹരിപ്രസാദിനാണ് സ്‌ഫോടനത്തിനിടെ പരിക്കേറ്റിരുന്നത്.

സ്‌ഫോടനത്തില്‍ ചിതറിയ വലത് കൈപ്പത്തിയാണ് മുറിച്ചുമാറ്റിയത്. ഇടത് കൈപ്പത്തിയുടെ മൂന്ന് വിരലുകളും നഷ്ടമായിട്ടുണ്ട്.

മൂന്ന് പടക്കങ്ങളില്‍ നിന്ന് വെടി മരുന്ന് ശേഖരിച്ച് ചാക്ക് നൂല്‍ കൊണ്ട് വരിഞ്ഞ് മുറുക്കുന്നതിനിടയിലാവാം സ്‌ഫോടനം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. സ്‌ഫോടന സ്ഥലത്ത് നിന്ന് തന്നെ ചാക്ക് നൂല്‍, കരിങ്കല്ല് തുടങ്ങിയ ബോംബ് നിര്‍മാണ സാമഗ്രികള്‍ കണ്ടെത്തിയിരുന്നു.

രക്തം ഒട്ടിപ്പിടിച്ച നിലയില്‍ തടി മരക്കഷണവും പൊലീസ് കണ്ടെത്തി. സ്‌ഫോടനത്തില്‍ മരം ചിന്നി ചിതറിയ നിലയിലാണ്. ടെറസില്‍ ഉണ്ടായിരുന്ന ചെങ്കല്ലിനോട് ചേര്‍ത്ത് മരത്തടി വെച്ചതിന് പിന്നില്‍, ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം ഉണ്ടായാല്‍ ദേഹ സുരക്ഷ ഉറപ്പ് വരുത്തുക എന്നതാണെന്നാണ് പൊലീസിന്റെ നിഗമനം.

സ്‌ഫോടനത്തിനിടെ ചിതറിത്തെറിച്ച കൈ വിരലുകളുടെയും, നഖം ഉള്‍പെടെയുള്ള മാംസത്തിന്റെ ഭാഗങ്ങളും സ്ഥലത്ത് ചിതറിക്കിടക്കുന്നുണ്ടായിരുന്നു. സ്‌ഫോടനത്തിന് ശേഷം തെളിവുകള്‍ നശിപ്പിക്കാനും ശ്രമം നടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

വീടിന്റെ അടുക്കള ഭാഗത്തോട് ചേര്‍ന്ന പറമ്പിലെ കുഴിയില്‍ തീ കത്തിച്ചതായി വ്യാഴാഴ്ച്ച രാത്രി തന്നെ പോലീസ് പരിശോധനയില്‍ കണ്ടെത്തിയതോടെ ഈ ഭാഗം കയര്‍ കെട്ടി വേര്‍തിരിച്ചിരുന്നു. ഈ സ്ഥലത്ത് രാവിലെ തന്നെ പൊലീസ് കുഴിയെടുത്ത് പരിശോധന നടത്തി. ഇവിടെ നിന്ന് രക്തക്കറ പുരണ്ട കാവി തോര്‍ത്തും, കാവി മുണ്ടും പോലീസ് കണ്ടെത്തിയിരുന്നു.

നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീപ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് ഹരിപ്രസാദ്. ഇയാളുടെ മൊഴിയെടുക്കാന്‍ കഴിഞ്ഞ ദിവസം പൊലീസ് ആശുപത്രിയില്‍ എത്തിയെങ്കിലും ഹരിപ്രസാദിന്റെ ആരോഗ്യനില മെച്ചപ്പെടാത്തതിനാല്‍ സാധിച്ചിരുന്നില്ല.

അതേസമയം, ചെരണ്ടത്തൂരിലേ സ്ഫോടനവുമായി ബി.ജെ.പിക്ക് യാതൊരു വിധ ബന്ധവുമില്ലെന്ന് ബി.ജെ.പി കോഴിക്കോട് ജില്ല പ്രസിഡന്റ് വി.കെ. സജീവന്‍ നേരത്തെ പറഞ്ഞിരുന്നു. ഹരിപ്രസാദിനെ ഒന്നര വര്‍ഷം മുന്‍പ് സംഘടന വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണ്. ബി.ജെ.പിയുമായി ബന്ധം വിഛേദിക്കപ്പെട്ട ആളുകളെ തേടി പിടിച്ച് സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് ക്രിമിനല്‍ സംഘങ്ങളില്‍ ചേര്‍ക്കാനുളള ശ്രമങ്ങളാണ് നടക്കുന്നതെന്നും സജീവന്‍ പറഞ്ഞിരുന്നു.


Content Highlights: BJP activist had his broken arm amputated during a bomb-making operation

We use cookies to give you the best possible experience. Learn more