വാരണാസി: ബി.ജെ.പി പ്രവര്‍ത്തകനെന്ന് അവകാശപ്പെടുന്നയാള്‍ നിസ്‌കാര സമയത്ത് വരാണസിയില്‍ വീടിന്റെ ടെറസില്‍ ഉച്ചഭാഷിണിയിലൂടെ ഹനുമാന്‍ ചാലിസ ചൊല്ലി. കര്‍ണാടകയിലും മഹാരാഷ്ട്രയിലും മസ്ജിദുകളില്‍ ഉച്ചഭാഷിണി നിരോധിക്കണമെന്ന ആവശ്യം വര്‍ധിച്ചുവരുന്നതിനിടയിലാണ് ഇയാള്‍ ഉച്ചഭാഷിണിയിലൂടെ ഹനുമാന്‍ ചാലിസ ചൊല്ലിയത്.
വാരണാസി മണ്ഡലത്തിലെ സങ്കട് മോചന്‍ ക്ഷേത്രത്തിന് സമീപമുള്ള സാകേത് നഗര്‍ കോളനിയിലെ താമസക്കാരനായ സുധീര്‍ സിംഗാണ് ഉച്ചഭാഷിണിയിലൂടെ ഹനുമാന്‍ ചാലിസ ചൊല്ലിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ മണ്ഡലം കൂടിയാണ് വാരണാസി. ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ താന്‍ ബി.ജെ.പി പ്രവര്‍ത്തകനാണെന്നും ശ്രീ കാശി വിശ്വനാഥ് മുക്തി ആന്ദോളന്‍ പ്രസിഡന്റാണെന്നും പറയുന്നുണ്ട്.
ഏതാനും യുവാക്കളോടൊപ്പം ഹനുമാന്‍ ചാലിസ ചൊല്ലുന്ന വീഡിയോ സുധീര്‍ സിംഗ് പങ്കുവെക്കുകയും ഇത് വൈറലാവുകയും ചെയ്തിരുന്നു.
ദിവസവും അഞ്ച് പ്രാവിശം ഉച്ചഭാഷിണിയിലൂടെ ഹനുമാന്‍ ചാലിസ ചൊല്ലാന്‍ താന്‍ താരുമാനിച്ചതായും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ സുധീര്‍ സിംഗ് പ്രഖ്യാപിച്ചിരുന്നു.
‘നേരത്തെ, ഞങ്ങള്‍ രാവിലെ എഴുന്നേല്‍ക്കുന്നത് സംസ്‌കൃത ശ്ലോകങ്ങള്‍ കേട്ടാണ്, ഇപ്പോള്‍ ഞങ്ങള്‍ ഉണരുമ്പോള്‍ ബാങ്ക് കേള്‍ക്കുന്നു. ഇത് കാശിയാണോ കഅബയാണോ, ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല,” അദ്ദേഹം വീഡിയോയില്‍ പറഞ്ഞു.