| Friday, 10th February 2017, 10:09 am

ചുവന്ന മുണ്ടുടുത്ത ദളിത് യുവാക്കളെ മുണ്ടുരിഞ്ഞ് മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് ബി.ജെ.പിക്കാര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തലശ്ശേരി: ചുവപ്പ് മുണ്ടുടുത്തതിന്റെ വിരോധത്തില്‍ ദളിത് യുവാക്കളെ നടുറോഡില്‍ ഉടുമുണ്ടുരിഞ്ഞ് നഗ്നരാക്കി മര്‍ദിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന കേസില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. തലശ്ശേരി ഡി.വൈ.എസ്.പി പ്രിന്‍സ് എബ്രഹാമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ടെമ്പിള്‍ ഗേറ്റിലെ അണിയേരി ശ്രീജേഷ്, നങ്ങാറത്ത് പീടികയിലെ ടി.കെ വികാസ് എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജനുവരി 18 ന് ബി.ജെ.പിയുടെ ഹര്‍ത്താല്‍ ദിനത്തിലായിരുന്നു സംഭവം.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ കുട്ടിമാക്കൂലിലെ പ്രിന്‍സ്, വിപിനേഷ് എന്നിവരെയാണ് ഉടുമുണ്ട് പറിച്ചെറിഞ്ഞ് മര്‍ദിച്ചത്. പ്രിന്‍സ് മാഹിയിലെ സഹോദരിയുടെ വീട്ടിലേക്ക് കൂട്ടുകാരന്‍ വിപിനേഷിനൊപ്പം ബൈക്കില്‍ പോകുമ്പോഴായിരുന്നു സംഭവം.

കുട്ടിമാക്കൂല്‍ സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞതോടെ ഒരു സംഘം റോഡിലേക്ക് കുതിച്ചെത്തി ബൈക്ക് തടഞ്ഞ് യുവാക്കളെ മര്‍ദ്ദിക്കുകയായിരുന്നു. അക്രമി സംഘം ആദ്യം ഇവരുടെ ഉടുമുണ്ട് പറിച്ച് തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ മുകളിലേക്ക് എറിഞ്ഞു.


Dont Miss ലോ അക്കാദമിയില്‍ കണ്ടത് കോലീബി സഖ്യത്തിനുള്ള നീക്കം: വിവേകം വൈകിയുദിച്ചാലും നല്ലതുതന്നെയെന്ന് പറഞ്ഞ് സമരം അവസാനിപ്പിച്ചതിനെ പരിഹസിച്ച് കോടിയേരി 


ഉടുമുണ്ടില്ലാതെയാണ് ഇവരെ റോഡിലൂടെ നടത്തിച്ചത്. അക്രമികളില്‍നിന്ന് രക്ഷപ്പെട്ട് ഏതാനും മീറ്റര്‍ അപ്പുറമുള്ള ഒരു വീട്ടിലെത്തി മുണ്ട് വാങ്ങിയാണ് നാട്ടിലെത്തിയതെന്ന് യുവാക്കള്‍ പറഞ്ഞിരുന്നു.

സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ്സാണെന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അന്ന് തന്നെ ആരോപിച്ചിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ പൊലീസ് സ്ഥലത്തുണ്ടായിട്ടും ഇടപെട്ടില്ലെന്നും ആരോപണമുണ്ടായിരുന്നു. ദൃശ്യങ്ങളില്‍ പൊലീസ് സാന്നിധ്യവും വ്യക്തമായിരുന്നു.

പട്ടികജാതി ക്ഷേമസമിതി തലശേരി ഏരിയാ സെക്രട്ടറിയും മുനിസിപ്പല്‍ തൊഴിലാളി യൂണിയന്‍ നേതാവുമായ ശശീന്ദ്രന്റെ മകനാണ് പ്രിന്‍സ്. ഓട്ടോഡ്രൈവര്‍ വിനോദന്റെ മകനാണ് അടിയേറ്റ വിപിനേഷ്. പരിക്കേറ്റ രണ്ടു പേരും തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

We use cookies to give you the best possible experience. Learn more