| Thursday, 16th February 2017, 12:34 pm

യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊല: അറസ്റ്റിലായവരില്‍ ബി.ജെ.പി പ്രവര്‍ത്തകനും; വെട്ടിലായത് ഹര്‍ത്താല്‍ നടത്തിയ ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സംഭവത്തിന് പിന്നില്‍ തൃശൂര്‍ കോര്‍പ്പറേഷനിലെ സി.പി.ഐ.എം കൗണ്‍സിലര്‍ സതീശ് ചന്ദ്രന് ബന്ധമുള്ളതായും സി.പി.ഐ.എമ്മാണ് കൊലപാതകത്തിന് പിന്നിലെന്നും ആരോപിച്ച് ബി.ജെ.പി തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താലും നടത്തിയിരുന്നു.


തൃശൂര്‍: കഴിഞ്ഞദിവസം തൃശൂരില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ നിര്‍മ്മല്‍ കൊല്ലപ്പെട്ടത് രാഷ്ട്രീയസംഘര്‍ഷത്തിലല്ലെന്ന് പൊലീസ്. കൊലപാതകത്തിനു പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

മണ്ണൂത്തി നെല്ലങ്കരിലെ കോക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് നിര്‍മ്മല്‍ കുത്തേറ്റുമരിച്ചത്. സംഭവത്തിന് പിന്നില്‍ തൃശൂര്‍ കോര്‍പ്പറേഷനിലെ സി.പി.ഐ.എം കൗണ്‍സിലര്‍ സതീശ് ചന്ദ്രന് ബന്ധമുള്ളതായും സി.പി.ഐ.എമ്മാണ് കൊലപാതകത്തിന് പിന്നിലെന്നും ആരോപിച്ച് ബി.ജെ.പി തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താലും നടത്തിയിരുന്നു. ഈ ആരോപണമാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ അറസ്റ്റോടെ പൊലീസ് തള്ളിയിരിക്കുന്നത്.

ഫെബ്രുവരി 12നാണ് നിര്‍മ്മല്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. മുക്കാട്ടുകര സ്വദേശികളായ പൂരത്തില്‍ വീട്ടില്‍ സിദ്ധുരാജ്, സഹോദരന്‍ സൂരജ് രാജന്‍, നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പയ്യപ്പാട്ടില്‍ യേശുദാസന്‍, ഇലഞ്ഞിക്കുളം സ്വദേശി കുറ്റിക്കാട്ട് പറമ്പില്‍ അരുണ്‍, നെല്ലങ്കര സ്വദേശി സച്ചിന്‍ ഹരിദാസ് എന്നിവരാണ് അറസ്റ്റിലായത്.


Also Read: കമലിന്റെ ‘ആമി’ ഏറ്റെടുക്കുന്ന മഞ്ജുവാര്യര്‍ക്കുനേരെ സംഘികളുടെ സൈബര്‍ ആക്രമണം


ഇതില്‍ അരുണ്‍ ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകനാണെന്നാണ് പൊലീസ് പറയുന്നത്. പൂര്‍വ്വവിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് പറയുന്നു. കുമ്മാട്ടിക്കളിയുമായി ബന്ധപ്പെട്ട് രണ്ട് സംഘങ്ങള്‍ തമ്മില്‍ മുന്‍പ് തന്നെയുള്ള തര്‍ക്കത്തിന്റെ ബാക്കിയാണ് ഈ കൊലയെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

ഒല്ലൂര്‍ സി.ഐ കെ.കെ സജീവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

തിങ്കളാഴ്ച 12 മണിക്കൂര്‍ ഹര്‍ത്താല്‍ നടത്തുകയും സി.പി.ഐ.എമ്മിനെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുകയും ചെയ്ത ബി.ജെ.പി പൊലീസ് റിപ്പോര്‍ട്ടു പുറത്തുവന്നതോടെ പ്രതിരോധത്തിലായിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more