സര്‍ക്കാര്‍ സംവിധാനവും തൊഴിലുറപ്പ് പദ്ധതിയും ദുരുപയോഗപ്പെടുത്തിയാണ് സി.പി.ഐ.എം മനുഷ്യച്ചങ്ങലയ്ക്ക് ആളെ കൂട്ടിയതെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന്‍ ആരോപിച്ചു.
കോട്ടയം: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധന നടപടിയില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയ്‌ക്കെതിരെ ബി.ജെ.പി രംഗത്ത്.
സര്‍ക്കാര്‍ സംവിധാനവും തൊഴിലുറപ്പ് പദ്ധതിയും ദുരുപയോഗപ്പെടുത്തിയാണ് സി.പി.ഐ.എം മനുഷ്യച്ചങ്ങലയ്ക്ക് ആളെ കൂട്ടിയതെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന്‍ ആരോപിച്ചു.
സി.പി.ഐ.എം അനുകൂല സംഘടനാ പ്രവര്‍ത്തകര്‍ ഏതാനും ദിവസമായി സര്‍ക്കാര്‍ ഓഫീസുകളില്‍ എത്താതെ മനുഷ്യച്ചങ്ങലയ്ക്ക് ആളെ കൂട്ടുന്ന പ്രവര്‍ത്തനം നടത്തുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കോട്ടയത്ത് ഒരു പൊതുചടങ്ങില്‍ സംസാരിക്കവെയാണ് വി. മുരളീധരന്‍ ഇക്കാര്യം പറഞ്ഞത്.
ചില പഞ്ചായത്തുകളില്‍ തൊഴിലുറപ്പ് പദ്ധതി അംഗങ്ങളെ മസ്റ്റര്‍ റോളില്‍ ഒപ്പിടുവിച്ച ശേഷം ചങ്ങല പിടിക്കാന്‍വേണ്ടി വാഹനങ്ങളില്‍ കൊണ്ടുപോയി. മറ്റുചില പഞ്ചായത്തുകളില്‍ അടുത്ത ദിവസം ഒപ്പിടാന്‍ അവസരം നല്‍കാമെന്ന് ഉറപ്പു കൊടുത്തിട്ടാണ് അംഗങ്ങളെ മനുഷ്യച്ചങ്ങല പിടിക്കാനായി കൊണ്ടുപോയതെന്നും മുരളീധരന്‍ ആരോപിച്ചു.
പല സ്ഥലത്തും ഇതു സംബന്ധിച്ച് തര്‍ക്കങ്ങളും ഉണ്ടായിട്ടുണ്ട്. ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് തെളിവു സഹിതം പരാതി നല്‍കുമെന്നും മുരളീധരന്‍ പറഞ്ഞു.
പൊതുഖജനാവിലെ പണം പാര്‍ട്ടി പരിപാടിക്കുവേണ്ടി ദുരുപയോഗം ചെയ്തു. കുമരകം, ടിവി പുരം ഉള്‍പ്പടെയുള്ള പഞ്ചായത്തുകളില്‍ ഇത് സംബന്ധിച്ച് പരാതി ഉയര്‍ന്നിട്ടുണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ, കേരളത്തിലെ ജനങ്ങള്‍ അന്നവും വെള്ളവും ഭൂമിയും തൊഴിലും കിട്ടാതെ അലയുമ്പോള്‍ ഭരണാധികാരികള്‍ കള്ളപ്പണക്കാരെ സംരക്ഷിക്കാന്‍ സമരം ചെയ്യുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞിരുന്നു.
ചങ്ങലയില്‍ അണിചേരുന്ന തൊട്ടടുത്ത് നില്‍ക്കുന്നയാളിന് ഇവയെല്ലാം കിട്ടുന്നുണ്ടെന്ന് നേതാക്കള്‍ക്ക് ഉറപ്പ് നല്‍കാനാകുമോയെന്നും കുമ്മനം ചോദിച്ചു. അണികളെ 700 കിലോമീറ്റര്‍ ക്യൂ നിര്‍ത്തുന്ന പാര്‍ട്ടി ഇല്ലാത്ത ക്യൂവിനെപ്പറ്റി കുപ്രചരണം നടത്തുകയാണെന്നും കുമ്മനം കുറ്റപ്പെടുത്തിയിരുന്നു.
സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തുന്ന ഉപവാസ സമരത്തിന് ആരംഭം കുറിച്ചു നടത്തിയ സമ്മേളനത്തിലാണ് കുമ്മനം ഇക്കാര്യം പറഞ്ഞത്. നോട്ട് ക്ഷാമമായിരുന്നു കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നമെങ്കില്‍ ഐ.എസ്.എല്‍ ഫൈനല്‍ കാണാന്‍ ഇത്രയധികം തിരക്ക് കൊച്ചിയില്‍ ഉണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.
അതേസമയം നോട്ട് നിരോധന നടപടിക്കും സഹകരണപ്രതിസന്ധിക്കുമെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള മനുഷ്യച്ചങ്ങലയില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ പങ്കെടുത്തു. നവംബര്‍ 8ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധന തീരുമാനത്തോടുള്ള മലയാളികളുടെ ആഴത്തിലുള്ള എതിര്‍പ്പ് തുറന്നുകാട്ടുന്നതായിരുന്നു മനുഷ്യച്ചങ്ങലയിലെ ജനസാന്നിധ്യം.
തെക്ക് തിരുവനന്തപുരം രാജ്ഭവനില്‍ നിന്ന് തുടങ്ങി വടക്ക് കാസര്‍കോട് ടൗണ്‍ വരെ 700 കിലോമീറ്റര്‍ നീണ്ട മനുഷ്യചങ്ങലയില്‍ നാടിന്റെ നാനാമേഖലയിലുള്ള ലക്ഷങ്ങള്‍ ജാതിമത വിഭാഗീയതകള്‍ക്കതീതമായി പങ്കെടുത്തു.