| Monday, 13th May 2019, 8:07 pm

ഡി.കെ ശിവകുമാര്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കി; പൊലീസ് ഉദ്യോഗസ്ഥരെയടക്കം സ്വാധീനിച്ചു: പരാതിയുമായി ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കോണ്‍ഗ്രസ് മന്ത്രി ഡി.കെ ശിവകുമാര്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിച്ചുവെന്ന ആരോപണവുമായി ബി.ജെ.പി.ഇത് സംബന്ധിച്ച ബി.ജെ.പി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി. ഡി.കെ ശിവകുമാര്‍ വോട്ടര്‍മാര്‍ക്കും നേതാക്കള്‍ക്കും അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫിനും പണം നല്‍കിയെന്നാണ് ആരോപണം.

‘കുണ്ഡ്‌ഗോളയില്‍ ശിവകുമാര്‍ ക്യാമ്പ് ചെയ്തത് വോട്ടര്‍മാര്‍ക്കും നേതാക്കള്‍ക്കും പണം നല്‍കാന്‍ വേണ്ടിയാണ്. അദ്ദേഹം ഇപ്പോള്‍ താമസിക്കുന്നത് ഹുബ്ലി വിമാന്തതാവളത്തിന് എതിര്‍വശത്തുള്ള ഹോട്ടല്‍ കോട്ടണ്‍ കണ്‍ട്രിയിലാണ്. വോട്ടര്‍മാര്‍ക്ക് പണം നല്‍കിയത് പോലെ പ്രാദേശിക നേതാക്കള്‍ക്ക് പണം നല്‍കാന് വേണ്ടിയാണ് അവിടെ കഴിയുന്നത്. ‘ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തില്‍ പറയുന്നു.

ഉദ്യോഗസ്ഥര്‍ പോലും അദ്ദേഹത്തിന്റെ സ്വാധീനവലയത്തിലായതിനാല്‍ ഇത് തെരഞ്ഞെടുപ്പ് ഫലത്തിലും പ്രകടമായേക്കാമെന്നും കത്തില്‍ പറയുന്നുണ്ട്.

‘കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥരെ അദ്ദേഹം സ്വാധീനിച്ചിട്ടുണ്ട്. ഡി.കെ.ആര്‍ മന്ത്രിയായിരിക്കുമ്പോള്‍ പോലും ഉദ്യോഗസ്ഥര്‍ പണം വിതരണം ചെയ്യാന്‍ അദ്ദേഹത്തെ സഹായിച്ചു. ‘ എന്നും കത്തില്‍ പറയുന്നു.

ലോക്‌സഭാതെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടമായ ഏപ്രില്‍ 18 നും മൂന്നാംഘട്ടമായ 23 നുമാണ് കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് നടന്നത്.

We use cookies to give you the best possible experience. Learn more