'80 ലക്ഷത്തിന്റെ കൈക്കൂലി ഇടപാട്; വീട്ടില്‍ നിന്ന് പിടിച്ചത് എട്ട് കോടി'; കര്‍ണാടകയില്‍ ബി.ജെ.പി എം.എല്‍.എ അറസ്റ്റില്‍
Natonal news
'80 ലക്ഷത്തിന്റെ കൈക്കൂലി ഇടപാട്; വീട്ടില്‍ നിന്ന് പിടിച്ചത് എട്ട് കോടി'; കര്‍ണാടകയില്‍ ബി.ജെ.പി എം.എല്‍.എ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th March 2023, 10:14 pm

ബെംഗളൂരു: കര്‍ണാടകയില്‍ കൈക്കൂലിക്കേസില്‍ പ്രതിയായ ബി.ജെ.പി. എം.എല്‍.എ അറസ്റ്റില്‍. കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപം നേരിടുന്നതിനിടയിലാണ് ബി.ജെ.പി എം.എല്‍.എയായ മാഡല്‍ വിരൂപാക്ഷപ്പയാണ് അറസ്റ്റിലായത്. കര്‍ണാടക ലോകായുക്ത പൊലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ലോകായുക്ത രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ ഒന്നാം പ്രതിയാണ് വിരൂപാക്ഷപ്പ.

മൈസൂര്‍ സാന്‍ഡല്‍ സോപ്‌സ് നിര്‍മിക്കാനുള്ള നിര്‍മാണ സാമഗ്രികള്‍ കൂട്ടത്തോടെ വിതരണം ചെയ്യാനുള്ള കരാര്‍ നല്‍കാന്‍ 81 ലക്ഷം രൂപ കൈക്കൂലി ഇടപാട് നടത്തിയെന്നാണ് കേസ്. വിരൂപാക്ഷപ്പയുടെ മകന്‍ മാഡല്‍ പ്രശാന്തിനെ 40 ലക്ഷം കൈക്കൂലിപ്പണവുമായി ലോകായുക്ത നേരത്തെ ഇതേ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കേസുമായി ബന്ധപ്പെട്ട് നടത്തിയ ഇദ്ദേഹത്തിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ എട്ടുകോടി രൂപയിലധികം ലോകായുക്ത കണ്ടെത്തിയിരുന്നു.

കേസില്‍ വിരുപാക്ഷപ്പ ഒന്നാം പ്രതിയും മകന്‍ രണ്ടാം പ്രതിയുമാണ്. വിരൂപാക്ഷപ്പയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ ഭരണകക്ഷിയായ ബി.ജെ.പി എം.എല്‍.എ അറസ്റ്റിലാകുന്നത്.