| Thursday, 11th April 2024, 9:39 pm

ഗൂഗിൾ വഴി ബി.ജെ.പിയുടെ വോട്ട് പിടിത്തം, പരസ്യങ്ങൾക്കായി ചിലവഴിച്ചത് കോടികൾ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ന്യൂദൽഹി: ജനുവരി ഒന്ന് മുതൽ ഗൂഗിളിൽ 81,874 രാഷ്ട്രീയ പരസ്യങ്ങൾക്കായി ബി.ജെ.പി 39 കോടി രൂപ ചെലവഴിച്ചതായി ഗൂഗിളിൻ്റെ പരസ്യ സുതാര്യത കേന്ദ്രത്തിൽ (ഗൂഗിൾസ് അഡ്വെർടൈസ്‌മെൻറ് ട്രാൻസ്പരെൻസി സെന്റർ) നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. ഇത് ഈ വർഷം ഇന്ത്യയിൽ ഗൂഗിളിൽ രാഷ്ട്രീയ പരസ്യങ്ങൾക്കായി ചെലവഴിച്ച മൊത്തം ഫണ്ടിൻ്റെ 32.8% വരും.

ഗൂഗിളിൽ ഇതേ കാലയളവിൽ 736 പരസ്യങ്ങൾക്കായി 9 കോടി രൂപയാണ് കോൺഗ്രസ് ചെലവഴിച്ചത്. ദ്രാവിഡ മുന്നേറ്റ കഴകത്തിന് വേണ്ടി പ്രവർത്തിക്കുന്ന സ്ട്രാറ്റജി കമ്പനിയായ പോപ്പുലസ് എംപവർമെൻ്റ് പ്രൈവറ്റ് ലിമിറ്റഡ് 10.2 കോടി രൂപ ചെലവഴിച്ചു.

പൊളിറ്റിക്കൽ സ്ട്രാറ്റജി സ്ഥാപനമായ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയുടെ ഹോൾഡിങ് കമ്പനിയായ ഇന്ത്യൻ പി.എ.സി കൺസൾട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് 7.25 കോടി രൂപ ചെലവഴിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.

കമ്പനി പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസിനും ആന്ധ്രാപ്രദേശിലെ വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിക്കും വേണ്ടി പ്രവർത്തിക്കുന്നുവെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

144 പരസ്യങ്ങൾക്കായി ജനുവരി ഒന്നു മുതൽ ബിജു ജനതാ ദൾ ചെലവഴിച്ചത് 2.4 കോടി രൂപയാണ്. ഗൂഗിൾ പരസ്യങ്ങൾക്കായുള്ള ബി.ജെ.പിയുടെ ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത് ഫെബ്രുവരി മുതൽ മാർച്ച് വരെയാണ്. എന്നാൽ ഏപ്രിലിൽ കോൺഗ്രസാണ് പരസ്യങ്ങൾക്കായി കൂടുതൽ പണം ചെലവഴിച്ചത്.

Content Highlight: BJP accounted for 32 percent of political ad spend on Google in India this year

We use cookies to give you the best possible experience. Learn more