| Thursday, 2nd December 2021, 11:43 am

കൃഷ്ണ ജന്മഭൂമിയിലെ ക്ഷേത്രത്തിനായി ബി.ജെ.പി കാത്തിരിക്കുന്നു; ശാഹി ഈദ് ഗാഹ് മസ്ജിദിനെ ഉന്നമിട്ട് യു.പി ഉപമുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ക്ഷേത്രങ്ങള്‍ ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് വിഷയമല്ലെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ.

അയോധ്യയില്‍ ഒരു മഹത്തായ രാമക്ഷേത്രം നിര്‍മ്മിക്കപ്പെടുകയാണെന്നും മഥുരയിലെ കൃഷ്ണ ജന്മഭൂമിയില്‍ ഒരു ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായി ബി.ജെ.പി കാത്തിരിക്കുകയാണെന്നും മൗര്യ പറഞ്ഞു.

”അയോധ്യയില്‍ ഒരു മഹത്തായ രാമക്ഷേത്രം നിര്‍മ്മിക്കപ്പെടുന്നു, വാരണാസിയില്‍ കാശി വിശ്വനാഥ് ഇടനാഴി പദ്ധതിയുടെ പ്രവൃത്തി നടക്കുന്നു, ഇപ്പോള്‍ ഞങ്ങള്‍ മഥുരയിലെ കൃഷ്ണ ജന്മഭൂമിയില്‍ ഒരു ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായി കാത്തിരിക്കുകയാണ്. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഇത് തെരഞ്ഞെടുപ്പ് വിഷയങ്ങളല്ല,” മൗര്യ പറഞ്ഞു.

മഥുരയിലെ ശാഹി ഈദ് ഗാഹ് മസ്ജിദില്‍ ശ്രീകൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന തീവ്ര വലതുപക്ഷ സംഘടനകള്‍ ഭീഷണി മുഴക്കിയ സാഹചര്യത്തിലാണ് മൗര്യയുടെ പ്രസ്താവന.

മഥുരയിലെ പ്രമുഖ ക്ഷേത്രത്തിന് സമീപത്തുള്ള പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ശ്രീകൃഷ്ണന്റെ ‘യഥാര്‍ത്ഥ ജന്മസ്ഥല’മെന്നാണ് ബി.ജെ.പി ഉള്‍പ്പെടെയുള്ളവരുടെ വാദം.

പള്ളിയില്‍ ശ്രീകൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്നാണ് അഖില ഭാരത് ഹിന്ദു മഹാസഭയുടെ ഭീഷണി.

ഹിന്ദു മഹാസഭയുടെ ഭീഷണിയെ തുടര്‍ന്ന് മഥുര ജില്ലാ ഭരണകൂടം സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരം ജില്ലയില്‍ നിരോധന ഉത്തരവ് ഏര്‍പ്പെടുത്തിയിരുന്നു.

ഡിസംബര്‍ ആറിന് ശാഹി ഈദ് ഗാഹ് മസ്ജിദില്‍ മഹാജലാഭിഷേകത്തിന് ശേഷം കൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് ഹിന്ദു മഹാസഭ നേതാവ് രാജ്യശ്രീ ചൗധരി നേരത്തെ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  BJP about Temple Construction, Up, Madhura

We use cookies to give you the best possible experience. Learn more