| Saturday, 26th February 2022, 4:06 pm

315ല്‍ 24 എണ്ണം മാത്രം, അഡ്രസ്സില്ലാതെ ബി.ജെ.പി; കരുത്തുകാട്ടി ബിജു ജനതാ ദള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭുവനേശ്വര്‍: ഒഡീഷ ജില്ലാ പരിഷത്ത്  തെരഞ്ഞെടുപ്പില്‍ ലാന്‍ഡ് സ്ലൈഡ് വിജയമുറപ്പിച്ച് മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാ ദള്‍ (ബി.ജെ.ഡി).

ആകെയുള്ള 315 സോണുകളില്‍ 270ലും ലീഡ് നേടിയാണ് ബി.ജെ.ഡി ഒഡീഷയിലെ തങ്ങളുടെ സമഗ്രാധിപത്യം അരക്കിട്ടുറപ്പിച്ചത്. 85 ശതമാനത്തിലധികമാണ് പാര്‍ട്ടിയുടെ സ്‌ട്രൈക്ക് റേറ്റ്.

പ്രധാന എതിരാളികളായ കോണ്‍ഗ്രസും ബി.ജെ.പിയും അടിത്തറയില്ലാത്ത അവസ്ഥയിലേക്ക് ചുരുങ്ങി. ബി.ജെ.പിക്ക് 24 സോണുകളിലും കോണ്‍ഗ്രസിന് 15 സോണുകളിലും മാത്രമാണ് ലീഡ് നേടാനായത്. ആറ് സോണുകളില്‍ മറ്റ് പാര്‍ട്ടികളും സ്വതന്ത്രരും ലീഡ് ചെയ്യുന്നു.

ബി.ജെ.പിയുടെ ശക്തിദുര്‍ഗങ്ങളില്‍ പോലും കനത്ത തിരിച്ചടിയാണ് പാര്‍ട്ടിക്ക് നേരിട്ടത്. പശ്ചിമ ഒഡീഷയില്‍ ബി.ജെ.പിക്ക് വേരോട്ടമുള്ള സ്ഥലങ്ങളില്‍ പോലും ബി.ജെ.ഡി സീറ്റുകള്‍ പിടിച്ചെടുക്കുന്ന കാഴ്ചയാണ് കാണുന്നത്.

2017ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കൊപ്പം നിന്ന കലഹന്ദി, ബലംഗീര്‍, നുവാപഡ, സംബല്‍പൂര്‍, സുന്ദര്‍ഗഡ്, മയൂര്‍ഭാബ്ജ് ജില്ലകളിലടക്കം ബി.ജെ.ഡി നില മെച്ചപ്പെടുത്തിയിരിക്കുകയാണ്.

അവസാനമായി വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 16 ജില്ലകളില്‍ ഒരെണ്ണത്തില്‍ പോലും ബി.ജെ.പിക്ക് ലീഡ് നേടാനാവാത്ത സ്ഥിതിയാണ്.

കോണ്‍ഗ്രസും ഇതേ അവസ്ഥയില്‍ തന്നെയാണ്. എങ്കിലും പരമ്പരാഗത മേഖലയായ ദക്ഷിണ ഒഡീഷയില്‍ നല്ല രീതിയില്‍ മത്സരം കാഴ്ചവെക്കാനെങ്കിലും കോണ്‍ഗ്രസിന് സാധിക്കുന്നുണ്ട്.

Content highlight:  BJD heading for landslide victory in Zilla Parishad elections in Odisha

We use cookies to give you the best possible experience. Learn more