Advertisement
India
മോദി സര്‍ക്കാരിനെതിരെ ബി.ജെ.ഡിയും; ഇന്ത്യാ സഖ്യത്തിനൊപ്പം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jun 29, 03:27 am
Saturday, 29th June 2024, 8:57 am

ദല്‍ഹി: ഒഡീഷയിലെ ബിജു ജനതാദള്‍ രാജ്യസഭാ ബവിഷ്‌കരിച്ചിറങ്ങി. നരേന്ദ്രമോദി സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം രേഖപ്പെടുത്തികൊണ്ടാണ് ബി.ജെ.ഡിയുടെ പിന്മാറ്റം.

2014 മുതല്‍ പാര്‍ലമെന്റ് ഇരു സഭകളിലും നരേന്ദ്രമോദി സര്‍ക്കാറിനും ബി.ജെ.പിക്കും ഒപ്പം നിന്ന പാര്‍ട്ടിയായിരുന്നു ജനതാദള്‍. ലോക്‌സഭ- നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടന്നതില്‍ ഒഡീഷ ബി.ജെ.പി തൂത്തുവാരിയതിന് പിന്നാലെയാണ് ബി.ജെ.ഡിയുടെ ഈ മനം മാറ്റം.

എന്‍.ഡി.എയുടെ ഭാഗമായിരുന്നില്ലെങ്കിലും മുന്‍കാലങ്ങളില്‍ ഇരു സര്‍ക്കാരിനും ഒപ്പം നില്‍ക്കുന്ന നിലപാടായിരുന്നു ബി.ജെ.ഡിക്ക്. എന്നാല്‍ നീറ്റ് യു.ജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ രാജ്യസഭയില്‍ വെള്ളിയാഴ്ച കോണ്‍ഗ്രസ് വനിത എം.പി കുഴഞ്ഞു വീണതിനുശേഷവും നന്ദിപ്രമേയ ചര്‍ച്ചയുമായി ചെയര്‍മാന്‍ മുന്നോട്ടു പോയതില്‍ പ്രതിഷേധിച്ച് ഉച്ചയ്ക്കുശേഷം ഇന്ത്യ മുന്നണി സഭ ബഹിഷ്‌കരിച്ചപ്പോഴാണ് ബി.ജെ.ഡി അംഗങ്ങള്‍ ഒപ്പം ചേര്‍ന്നത്. രാജ്യസഭയില്‍ ഉണ്ടായിരുന്ന എല്ലാ ബി.ജെ.ഡി അംഗങ്ങളും സഭ വിട്ടിറങ്ങി.

കഴിഞ്ഞ രണ്ട് ദിവസമായി രാജ്യസഭയില്‍ രണ്ട് മാറ്റങ്ങള്‍ ഉണ്ടായെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ ജയറാം രമേശ് എക്‌സില്‍ കുറിച്ചു. ബി.ജെ.ഡി ഇന്ത്യ മുന്നണിക്കൊപ്പം പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നതും പ്രധാനമന്ത്രി സഭയില്‍ വരുമ്പോള്‍ മോദി, മോദി എന്ന മുദ്രാവാക്യ വിളികള്‍ ഇല്ലാതിരുന്നതുമാണ് ഈ മാറ്റങ്ങള്‍ എന്നാണ് ജയ്‌റാം രമേശ് പങ്കുവെച്ചത്.

 

Content Highlight: BJD against Narendra Modi government