| Wednesday, 1st January 2025, 9:36 pm

എറിഞ്ഞത് വെറും ഒറ്റ പന്ത്, നേടിയത് 15 റണ്‍സ്!! ഡേയ്, എന്നടാ പണ്ണി വെച്ചിര്‍ക്കേ...

സ്പോര്‍ട്സ് ഡെസ്‌ക്

ഒരു മാച്ചില്‍ എത്ര വിചിത്ര സംഭവങ്ങള്‍ അരങ്ങേറും! അങ്ങനെ പ്രത്യേകിച്ച് കയ്യും കണക്കുമൊന്നും ഇല്ല എന്ന തെളിയിക്കുകയാണ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ കുല്‍ന ടൈഗേഴ്‌സും ചിറ്റഗോങ് കിങ്‌സും തമ്മില്‍ നടന്ന മത്സരം.

ഒരു ഇന്നിങ്‌സില്‍ ഒരു ബാറ്റര്‍ രണ്ട് തവണ പുറത്തായ അതേ മത്സരത്തില്‍ ഒറ്റ പന്തില്‍ 15 റണ്‍സ് വിട്ടുകൊടുത്താണ് ഒഷാനെ തോമസ് തലകുനിച്ചുനിന്നത്. ആ ഓവറില്‍ 18 റണ്‍സാണ് താരം വഴങ്ങിയത്, അതില്‍ പതിനഞ്ചും ഒറ്റ പന്തിലാണ് എന്നതാണ് രസകരമായ വസ്തുത.

നോ ബോളെറിഞ്ഞാണ് ഒഷാനെ തോമസ് തുടങ്ങിയത്. ഫ്രീ ഹിറ്റ് ഡെലിവെറി ബാറ്റര്‍ സിക്‌സറിന് പറത്തിയെങ്കിലും ആ പന്തും നോ ബോളായി വിധിക്കപ്പെട്ടു. അടുത്ത പന്ത് വൈഡായി മാറി. എങ്ങനെയെങ്കിലും പന്തെറിഞ്ഞുതീര്‍ക്കാനുള്ള തത്രപ്പാടില്‍ വീണ്ടും മറ്റൊരു വൈഡ്.

അടുത്ത പന്ത് ബാറ്റര്‍ക്ക് നേരെ എറിയുകയും ബാറ്റര്‍ ഫോറടിക്കുകയും ചെയ്തതോടെ എല്ലാം തീര്‍ന്നു എന്ന് ആശ്വസിച്ച ഒഷാനെ തോമസിന് വീണ്ടും പിഴച്ചു. ആ പന്തും നോ ബോളായി അമ്പയര്‍ വിധിയെഴുതി.

ഒരു ലീഗല്‍ ഡെലിവെറിക്കായി രണ്ട് വൈഡും മൂന്ന് നോ ബോളുമാണ് താരം എറിഞ്ഞത്. ഇതില്‍ ഒരു സിക്‌സറും ഫോറും പിറന്നതോടെ ഒറ്റ പന്തില്‍ ചിറ്റഗോങ് കിങ്‌സിന്റെ സ്‌കോര്‍ ബോര്‍ഡില്‍ കയറിയത് 15 റണ്‍സാണ്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും മത്സരത്തില്‍ വിജയിക്കാന്‍ മാത്രം ചിറ്റഗോങ്ങിന് സാധിച്ചില്ല. 37 റണ്‍സിനാണ് ടീം പരാജയപ്പെട്ടത്. കുല്‍ന ടൈഗേഴ്സ് ഉയര്‍ത്തിയ 204 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിങ്സിന് 166 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ടൈഗേഴ്സ് ഓപ്പണര്‍ വില്‍ ബോസിസ്റ്റോയുടെയും മഹിദുള്‍ ഇസ്‌ലാം അന്‍കോണിന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. ബോസിസ്റ്റോ 50 പന്തില്‍ പുറത്താകാതെ 75 റണ്‍സടിച്ചപ്പോള്‍ 22 പന്തില്‍ പുറത്താകാതെ 59 റണ്‍സാണ് അന്‍കോണ്‍ നേടിയത്.

26 റണ്‍സ് നേടിയ മുഹമ്മദ് നയീമും 18 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മിറാസുമാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചിറ്റഗോങ്ങിനായി ഷമിം ഹൊസൈന്‍ മാത്രമാണ് ചെറുത്തുനിന്നത്. 38 പന്ത് നേരിട്ട താരം ഏഴ് ഫോറും അഞ്ച് സിക്സറും അടക്കം 78 റണ്‍സ് സ്വന്തമാക്കി. ഷമീം ഹൊസൈന് പിന്തുണ നല്‍കാന്‍ മറ്റാര്‍ക്കും തന്നെ സാധിച്ചില്ല.

ഒടുവില്‍ 166 റണ്‍സിന് ചിറ്റഗോങ്ങിന്റെ അവസാന വിക്കറ്റും നഷ്ടമായി. ടൈഗേഴ്‌സിനായി അബു ഹൈദര്‍ നാല് വിക്കറ്റ് നേടി. മുഹമ്മദ് നവാസ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മെഹ്ദി ഹസന്‍ മിറാസ്, ഹസന്‍ മഹ്‌മൂദ്, നാസും അഹമ്മദ്, ഒഷാനെ തോമസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

Content Highlight: Bizarre incidents in Bangladesh Premier League

We use cookies to give you the best possible experience. Learn more