കൗണ്ടി ക്രിക്കറ്റിലെ ഒരു വിക്കറ്റാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ഗ്ലോസ്റ്റര്‍ഷെയറും ലെസ്റ്റര്‍ഷെയറും തമ്മില്‍ നടന്ന ടെസ്റ്റ് മാച്ചിന്റെ മൂന്നാം ദിവസമാണ് ഈ വിചിത്രമായ സംഭവം നടന്നത്.
ലെസ്റ്റര്‍ഷെയറിന്റെ ആദ്യ ഇന്നിങ്‌സിനിടെയായിരുന്നു സംഭവം. ആറാം നമ്പറായി കളത്തിലിറങ്ങിയ ലൂയീസ് കിംബെര്‍ ക്യാപ്റ്റന്‍ ലൂയീസ് ഹില്ലിനൊപ്പം ചേര്‍ന്ന് മികച്ച രീതിയില്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയായിരുന്നു. എന്നാല്‍ ഒലി പ്രൈസിന്റെ പന്തില്‍ താരം പുറത്തായതാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.
78ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു താരം പുറത്തായത്. പ്രൈസിന്റെ പന്തില്‍ ഡിഫന്‍സീവ് ഷോട്ട് കളിക്കാന്‍ ശ്രമിച്ച കിംബെറിന് പിഴച്ചിരുന്നു. പന്ത് താരത്തിന്റെ നെഞ്ചിനോളം ഉയര്‍ന്ന് പൊങ്ങിയപ്പോള്‍ കിംബെര്‍ അത് കൈകൊണ്ട് പിടിക്കാന്‍ ശ്രമിച്ചു. ക്രിക്കറ്റില്‍ ഇങ്ങനെ ചെയ്യുന്നത് തെറ്റാണ്. ഹാന്‍ഡ്‌ലിങ് ദി ബോള്‍ നിയമപ്രകാരം താരത്തെ പുറത്താക്കാന്‍ സാധിക്കുന്നതുമാണ്.
കിംബെറിന്റെ വിക്കറ്റിനായി പ്രൈസ് അടക്കമുള്ള ഗ്ലോസ്റ്റര്‍ഷെയര്‍ താരങ്ങള്‍ അപ്പീല്‍ ചെയ്യുകയും ചര്‍ച്ചകള്‍ക്ക് ശേഷം അമ്പയര്‍ വിക്കറ്റ് അനുവദിക്കുകയായിരുന്നു. ഒബ്‌സ്ട്രക്ടിങ് ദി ഫീല്‍ഡര്‍ പ്രകാരമാണ് അമ്പയര്‍ ഔട്ട് അനുവദിച്ചത്. ഇതാണ് ആരാധകര്‍ക്കിടയില്‍ കണ്‍ഫ്യൂഷനുണ്ടാക്കിയത്.
ഇത് എങ്ങനെയാണ് ഒബ്‌സ്ട്രക്ടിങ് ദി ഫാല്‍ഡര്‍ ആവുകയെന്നും ഇത് ഹാന്‍ഡ്‌ലിങ് ദി ബോള്‍ അല്ലേയെന്നും ആരാധകര്‍ ചോദിക്കുന്നു.
അതേസമയം, നേരത്തെ ടോസ് നേടിയ ഗ്ലോസ്റ്റര്‍ഷെയര്‍ 368 റണ്‍സ് നേടിയിരുന്നു. ഒലി പ്രൈസിന്റെയും ഡാനി ലാംബിന്റെയും അജീത് ഡേലിന്റെയും അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ഗ്ലോസ്റ്റര്‍ഷെയര്‍ 368 റണ്‍സെടുത്തത്.
ലെസ്റ്റര്‍ഷെയറിനായി ക്രിസ് റൈറ്റ്, ജോഷ് ഹള്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റും ടോം സ്‌കീവനും കാല്ലം പാര്‍കിന്‍സണും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ലെസ്റ്റര്‍ഷെയറിന് ഓപ്പണര്‍ റിഷി പട്ടേലിന്റെയും ക്യാപ്റ്റന്‍ ലൂയിസ് ഹില്ലിന്റെയും ഇന്നിങ്‌സുകള്‍ കരുത്തായി. പട്ടേല്‍ 70 പന്തില്‍ നിന്നും 59 റണ്‍സ് നേടിയപ്പോള്‍ ഹില്‍ 219 പന്തില്‍ നിന്നും 103 റണ്‍സ് നേടി പുറത്തായി. 34 റണ്‍സ് നേടിയ ലൂയിസ് കിംബെറും 30 റണ്‍സടിച്ച ടോം സ്‌കിവനുമാണ് മറ്റ് റണ്‍ഗെറ്റര്‍മാര്‍.
ഗ്ലോസ്റ്റര്‍ഷെയറിന് വേണ്ടി പന്തെറിഞ്ഞവരില്‍ സമാന്‍ അക്തറാണ് തിളങ്ങിയത്. അക്തര്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഒലി പ്രൈസ് മൂന്നും സഫര്‍ ഗോഹര്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി.
ഒടുവില്‍ 350 റണ്‍സിന് ലെസ്റ്റര്‍ഷെയര്‍ ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചു.
18 റണ്‍സിന്റെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഗ്ലോസ്റ്റര്‍ഷെയര്‍ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഒമ്പത് റണ്‍സാണ് നേടിയത്. ഓപ്പണര്‍ ബെന്‍ ചാള്‍സ്‌വെര്‍ത്തും ക്രിസ് ഡെന്റും ഓരോ റണ്‍സ് വീതം നേടിയപ്പോള്‍ ഏഴ് റണ്‍സ് എക്‌സ്ട്രാസ് ഇനത്തിലാണ് ഗ്ലോസ്റ്റര്‍ഷെയറിന്റെ അക്കൗണ്ടിലെത്തിയത്.
Content highlight: Bizarre dismissal in county cricket