| Sunday, 22nd January 2023, 3:26 pm

ആഹാ... ഇങ്ങനേം ബൗള്‍ ചെയ്യാം അല്ലേ... സംഭവം വെറൈറ്റി തന്നെ; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏററവും വിചിത്രമായ ഒരു ഡെലിവറിക്കാണ് ഐ.എല്‍.ടി-20 സാക്ഷ്യം വഹിച്ചത്. എം.ഐ എമിറേറ്റ്‌സും അബുദാബി നൈറ്റ് റൈഡേഴ്‌സും തമ്മില്‍ നടന്ന മത്സരത്തിലായിരുന്നു എം.ഐയുടെ അഫ്ഗാനിസ്ഥാന്‍ താരം ഫസലാഖ് ഫാറൂഖി മോശം പന്തെറിഞ്ഞത്.

നീളന്‍ റണ്ണപ്പുമായി പന്തെറിയാന്‍ തുടങ്ങിയ ഫസലാഖിന്റെ കയ്യില്‍ നിന്നും പന്ത് വഴുതി പോവുകയായിരുന്നു. കൈവിട്ടു പോയ പന്ത് വിക്കറ്റ് കീപ്പറുടെ തലക്ക് മുകളിലൂടെ ബൗണ്ടറി കടന്നു. നോ ബോളും ബൗണ്ടറിയുമായി അഞ്ച് എക്‌സ്ട്രാ റണ്ണാണ് നൈറ്റ് റൈഡേഴ്‌സിന്റെ എക്കൗണ്ടിലെത്തിയത്.

സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നേരത്തെ ടോസ് നേടിയ എം.ഐ എമിറേറ്റ്‌സ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

അത്ര മികച്ച തുടക്കമായിരുന്നില്ല നൈറ്റ് റൈഡേഴ്‌സിന് ലഭിച്ചത്. സ്‌കോര്‍ ബോര്‍ഡിലേക്ക് ഒറ്റ റണ്‍സ് മാത്രം ചേര്‍ത്തപ്പോഴേക്കും ആദ്യ വിക്കറ്റ് വീണിരുന്നു. എന്നാല്‍ വണ്‍ ഡൗണ്‍ ബാറ്ററായി എത്തിയ ധനഞ്ജയ ഡി സില്‍വയുടെ പ്രകടനം ടീമിന് കരുത്താകുകയായിരുന്നു.

40 പന്തില്‍ നിന്നും 65 റണ്‍സാണ് ഡി സില്‍വ സ്വന്തമാക്കിയത്. ചരിത് അസലങ്കയും സുനില്‍ നരെയ്‌നും തങ്ങളുടെ സംഭാവന കൂടി നല്‍കയപ്പോള്‍ നൈറ്റ് റൈഡേഴ്‌സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 170 റണ്‍സിലെത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ എമിറേറ്റ്‌സിനും മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. എന്നാല്‍ മൂന്നാമനായിറങ്ങിയ ആന്ദ്രേ ഫ്‌ളെച്ചറുടെയും കെയ്‌റോണ്‍ പൊള്ളാര്‍ഡിന്റെയും ഇന്നിങ്‌സ് ടീമിന് തുണയായി. ഫ്‌ളെച്ചര്‍ 43 പന്തില്‍ നിന്നും 53 റണ്‍സ് നേടിയപ്പോള്‍ പൊള്ളാര്‍ഡ് 23 പന്തില്‍ നിന്നും 31 റണ്ണടിച്ചു.

എന്നാല്‍ മുംബൈയുടെ യഥാര്‍ത്ഥ മാച്ച് വിന്നര്‍ ഫിനിഷറുടെ റോളിലിറങ്ങിയ നജിബുള്ള സദ്രാനായിരുന്നു. 17 പന്തില്‍ നിന്നും നാല് സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 35 റണ്‍സാണ് താരം സ്വന്തമാക്കിയത്. അവസാന പന്തില്‍ സിക്‌സറടിച്ച് എമിറേറ്റ്‌സിനെ വിജയിപ്പിച്ചതും സദ്രാന്‍ തന്നെ.

ആന്ദ്രേ റസല്‍ എറിഞ്ഞ അവസാന ഓവറില്‍ മൂന്ന് സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 25 റണ്‍സാണ് സദ്രാന്‍ അടിച്ചെടുത്തത്.

കളിച്ച മൂന്ന് മത്സരത്തില്‍ മൂന്നിലും ജയിച്ച എമിറേറ്റ്‌സ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. മൂന്ന് വീതം മത്സരത്തില്‍ നിന്നും മൂന്ന് വീതം ജയവുമായി ഡെസേര്‍ട്ട് വൈപ്പേഴ്‌സ് ഒന്നാമതും ഗള്‍ഫ് ജയന്റ്‌സ് രണ്ടാമതുമാണ്.

കളിച്ച അഞ്ചിലും തോറ്റ നൈറ്റ് റൈഡേഴ്‌സ് അവസാന സ്ഥാനക്കാരാണ്.

Content Highlight: Bizarre bowling by Fasalaq Farooqui

We use cookies to give you the best possible experience. Learn more