ന്യൂദല്‍ഹി: ഇന്ത്യയില്‍ സ്ത്രീകളെ പലരും മനുഷ്യരായിപ്പോലും കണക്കാക്കാറില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. ദല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ ആള്‍ക്കൂട്ടം ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
’20 വയസുള്ള പെണ്‍കുട്ടിയെ ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ സമൂഹത്തിന്റെ അസ്വസ്ഥമായ മുഖമാണ് തുറന്നു കാണിക്കുന്നത്.
ഇന്ത്യയില്‍ പലരും സ്ത്രീകളെ മനുഷ്യരായി പോലും കണക്കാക്കുന്നില്ല എന്നതാണ് വേദനിപ്പിക്കുന്ന സത്യം,’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
The video of a 20-year-old woman being brutally beaten up exposes a very disturbing face of our society.
The bitter truth is that many Indians don’t consider women to be human.
This shameful fact needs to be acknowledged and called out.
— Rahul Gandhi (@RahulGandhi) January 31, 2022
കഴിഞ്ഞ റിപബ്ലിക് ദിനത്തിലായിരുന്നു സംഭവം നടന്നത്. മദ്യപാനികളാല്‍ കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട യുവതിയ മുടിമുറിച്ച് തെരുവിലൂടെ നടത്തുകയായിരുന്നു. സ്ത്രീകളടക്കമുള്ള സംഘമായിരുന്നു യുവതിയെ ആക്രമിച്ചത്.
ദല്‍ഹിയിലെ വിവേക് വിഹാറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. യുവതിക്കെതിരെ വ്യക്തിവിദ്വേഷമുള്ളവരാണ് ഹീനമായ കുറ്റകൃത്യത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. എട്ട് സ്ത്രീകളടക്കം പതിനൊന്ന് പേരാണ് സംഭവത്തില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.
ഭര്‍തൃമതിയായ യുവതിയാണ് നിഷ്ഠൂരമായ അതിക്രമത്തിനിരയായത്.
യുവതിയെ അയല്‍വാസിയായ ഒരു യുവാവ് നിരന്തരമായി ശല്യപ്പെടുത്തിയിരുന്നു. തനിക്ക് യുവതിയെ ഇഷ്ടമാണെന്ന് ഇയാള്‍ പറഞ്ഞിരുന്നു.
ഇയാള്‍ കഴിഞ്ഞ നവംബറില്‍ ആത്മഹത്യ ചെയ്തു. ഇയാളുടെ ആത്മഹത്യക്ക് ഉത്തരവാദി യുവതിയാണെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിനു പ്രതികാരമായായിരുന്നു അതിക്രമം.
കൂട്ടബലാത്സംഗത്തിനു ശേഷം യുവതിയുടെ മുടി മുറിച്ച്, മുഖത്ത് കറുത്ത പെയിന്റടിച്ച്, ചെരുപ്പ് മാലയണിഞ്ഞ് പ്രതികള്‍ തെരുവിലൂടെ നടത്തി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Content Highlight: Bitter truth is many Indians don’t consider women to be human: Rahul Gandhi