ന്യൂദല്‍ഹി: ഉത്തരേന്ത്യയില്‍ ശൈത്യം ശക്തമാകവെ യു.പിയില്‍ 16 പേര്‍ മരിച്ചു. മൂടല്‍ മഞ്ഞ് കാരണമുള്ള അപകടങ്ങളില്‍ നിന്നും മറ്റുമാണ് കൂടുതല്‍ പേരും മരിച്ചത്. ഇതോടെ ഈ മാസം ശൈത്യം കാരണം മരണപ്പെടുന്നവരുടെ എണ്ണം 125 ആയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന കഠിനമായ തണുപ്പ് കുറച്ച് ദിവസങ്ങള്‍ കൂടെ നീളുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ ദല്‍ഹി, യു.പി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലായി റെയില്‍, വ്യോമ ഗതാഗത സംവിധാനങ്ങളടക്കം താറുമാറായിരിക്കുകയാണ്.
ദല്‍ഹിയില്‍ മാത്രമായി 60 ഓളം വിമാനങ്ങളും നൂറോളം ട്രെയിനുകളുമാണ് വൈകിയോടുന്നത്. തലസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത് 4.5 ഡിഗ്രി തണുപ്പാണ്. കഴിഞ്ഞ ഞായറാഴ്ച രേഖപ്പെടുത്തിയിരുന്നത് 2.6 ഡിഗ്രിയായിരുന്നു. ദല്‍ഹിയില്‍ തണുപ്പിനെ തുടര്‍ന്ന് മൂന്ന് പേരാണ് മരിച്ചത്.
യു.പിയില്‍ ആഗ്രയിലാണ് ഏറ്റവും കൂടുതല്‍ തണുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. 2.8 ഡിഗ്രിയാണ് ഇവിടത്തെ താപനില. യു.പിയില്‍ ഷാജഹാന്‍പൂര്‍(3.2), കാണ്‍പൂര്‍(3.6), ലക്‌നൗ(4.9) എന്നിവിടങ്ങളിലായി കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്
പഞ്ചാബില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നത് സീസണിലെ ഏറ്റവും കൂറഞ്ഞ താപനിലയായിരുന്നു. ഹരിയാനയിലും ശരാശരി 3 ഡിഗ്രിയായിരുന്നു രേഖപ്പപ്പെടുത്തിയിരുന്നത്. ജമ്മുവിലും വിവിധയിടങ്ങളില്‍ കടുത്ത തണുപ്പാണ് രേഖപ്പെടുത്തിയത്. ശ്രീനഗറില്‍ മൈനസ് ഏഴ് ഡിഗ്രിയും, കാര്‍ഗില്‍, ലേ എന്നിവിടങ്ങളിലായി മൈനസ് 15.2, മൈനസ് 17 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഹിമാചലിലും കനത്ത തണുപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്.