ബിറ്റ്‌കോയിന്‍ വ്യാപാരം; സൗദിയില്‍ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍
World News
ബിറ്റ്‌കോയിന്‍ വ്യാപാരം; സൗദിയില്‍ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st December 2024, 11:42 am

ദമാം: ബിറ്റ്‌കോയിന്‍ വ്യാപാരത്തിന് എത്തിയ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ സൗദിയില്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയിലായി. കണ്ണൂര്‍, തളിപ്പറമ്പ് സ്വദേശിയായ ദുബായ് പ്രവാസിയാണ് പിടിയിലായ മലയാളി. ചൈന സ്വദേശിയാണ് ഇയാള്‍ക്കൊപ്പം അറസ്റ്റിലായ മറ്റൊരാള്‍.

സൗദിയില്‍ അംഗീകാരമില്ലാത്ത ബിറ്റ്‌കോയിന്‍ മാര്‍ക്കറ്റിങ്ങിന് ദുബൈയില്‍ നിന്ന് സന്ദര്‍ശക വിസയില്‍ എത്തിയതായിരുന്നു ഇരുവരും. ബിറ്റ്‌കോയിന്‍ വ്യാപരത്തിനായി കൂടികാഴ്ചക്കായി കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫില്‍ എത്തിയ സമയത്താണ് രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്.

സാമൂഹമാധ്യമം വഴിയായിരുന്നു ഇവര്‍ ബിറ്റ്‌കോയിന്‍ മാര്‍ക്കറ്റിങ് നടത്തി ഗുണഭോക്താക്കളെ കണ്ടെത്തിയിരുന്നത്. സൗദിയില്‍ ആളുകളെ നേരില്‍ കാണാനായി എത്തിയപ്പോഴാണ് രഹസ്യാന്വേഷണ വിഭാഗം പിടികൂടിയത്. അടുത്തിടെയായി സൗദിയില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യമുണ്ടായിരുന്നു.

ഈ പശ്ചാത്തലത്തില്‍ ഏറെ ജാഗരൂകരായിരുന്ന സൗദി രഹസ്യാന്വേഷണ വിഭാഗം ഇടപാടുകാര്‍ ആണെന്ന വ്യാജേന സംഘത്തെ സമീപിക്കുകയായിരുന്നു. എളുപ്പം പണം സമ്പാദിക്കാന്‍ സാധിക്കുന്നതിനാല്‍ ഇത്തരം രാജ്യ വിരുദ്ധമായ പ്രവര്‍ത്തികള്‍ക്ക് സൗദിയില്‍ വലിയ ശിക്ഷയാണ് നല്‍കുന്നത്.

ബ്ലോക്ക്‌ചെയിന്‍ സാങ്കേതിക വിദ്യയും കംപ്യൂട്ടര്‍ കോഡുകളും മറ്റും ഉപയോഗിച്ച് നിര്‍മിച്ച ഡിജിറ്റല്‍ – വെര്‍ച്വല്‍ സാങ്കല്‍പിക കറന്‍സികളാണ് ക്രിപ്‌റ്റോ കറന്‍സികള്‍. ഇത്തരം ക്രിപ്‌റ്റോ കറന്‍സിയില്‍ ബിറ്റ്‌കോയിനിനാണ് ഏറ്റവും സ്വീകാര്യതയുള്ളതും ഉയര്‍ന്ന വിലയുള്ളതും.

Content Highlight: Bitcoin Trading, Including A Malayali Two Persons Arrested In Saudi