ബിറ്റ് കോയിന്‍ : ദ പൈഡ് പൈപ്പര്‍
Daily News
ബിറ്റ് കോയിന്‍ : ദ പൈഡ് പൈപ്പര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th February 2014, 4:39 pm

പുതിയ നാണയം കണ്ടെത്താനുള്ള അതി സങ്കീര്‍ണ ഗണിതസൂത്രവാക്യങ്ങള്‍ വശമുള്ളവര്‍ മൈന്‍ ചെയ്ത് മൈന്‍ ചെയ്ത് തങ്ങളുടെ സോഫ്റ്റ്‌വെയര്‍ പ്രാഗത്ഭ്യത്തിലൂടെ ഗണിച്ചുണ്ടാക്കുന്ന ഒന്നാണ് ബിറ്റ് കോയിന്‍. എന്നുവെച്ചാല്‍, നാണയം അച്ചടിക്കുന്നത് ഒരു കേന്ദ്ര ബാങ്കുമല്ല. വീക്കി പീഡിയ പലര്‍ ചേര്‍ന്ന് അപ്‌ഡേറ്റ് ചെയ്യുന്നതുപോലെ അനേകായിരം കമ്പ്യൂട്ടറുകളിലായി ലോകത്തിന്റെ നാനാഭാഗത്തുമുള്ള നെറ്റിസന്‍മാര്‍ വികസിപ്പിച്ചെടുക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ നിര്‍മ്മിതിയാണ് ബിറ്റ്‌കോയിന്‍.


line

എസ്സേയ്‌സ് / എ.കെ. രമേശ്

line

[share]

ബിറ്റ്‌കോയിനെക്കുറിച്ച് എനിക്ക് വലുതായൊന്നും അറിയില്ല. പിന്നെ എന്തിന് ഇങ്ങനെ ഒരു കുറിപ്പ് എന്നാണ് ചോദ്യമെങ്കില്‍ അറിവുള്ളവര്‍ കൂടുതല്‍ പറയാന്‍ എന്നു തന്നെ മറുപടി.

ബിറ്റ്‌കോയിനെക്കുറിച്ച് ഈയുള്ളവനെന്നല്ല, റിസര്‍വ് ബാങ്കിനുപോലുമുള്ള അറിവ് പരിമിതമാണ്. വാക്ക് സൂചിപ്പിക്കുന്നതുപോലെ, അതൊരു നാണയമാണ്.

കറന്‍സിയാണ് എന്നു പറഞ്ഞാല്‍ അത് അത്രകണ്ട് ശരിയാവുകയുമില്ല. ഒരു കേന്ദ്ര ബാങ്കിന്റെയും അംഗീകാരമോ നിയന്ത്രണമോ ഇല്ലാതെ ബിറ്റ്‌കോയിന്‍ വന്‍കരകളായ  വന്‍കരകളില്‍, രാഷ്ട്രങ്ങളായ രാഷ്ട്രങ്ങളിലാകെ തേരോട്ടം നടത്തുന്നു; നിക്ഷേപകരുടെ വിശ്വാസം നേടുന്നു.

മുമ്പ് മക്കന്നാസ് ഗോള്‍ഡില്‍ കണ്ടതുപോലെ, സ്വര്‍ണം തേടി കിഴക്കോട്ട് കിഴക്കോട്ട് പോവുന്നു. കുഴിച്ചെടുക്കുന്നു. ഇവിടെയുമതേ, നാണയം കുഴിച്ചെടുക്കുക തന്നെയാണ്. മൈനിങ്ങ് എന്നാണ് സാങ്കേതികമായി പറയുക.

bit-coin-1

പുതിയ നാണയം കണ്ടെത്താനുള്ള അതി സങ്കീര്‍ണ ഗണിതസൂത്രവാക്യങ്ങള്‍ വശമുള്ളവര്‍ മൈന്‍ ചെയ്ത് മൈന്‍ ചെയ്ത് തങ്ങളുടെ സോഫ്റ്റ്‌വെയര്‍ പ്രാഗത്ഭ്യത്തിലൂടെ ഗണിച്ചുണ്ടാക്കുന്ന ഒന്നാണ് ബിറ്റ് കോയിന്‍. എന്നുവെച്ചാല്‍, നാണയം അച്ചടിക്കുന്നത് ഒരു കേന്ദ്ര ബാങ്കുമല്ല. വീക്കി പീഡിയ പലര്‍ ചേര്‍ന്ന് അപ്‌ഡേറ്റ് ചെയ്യുന്നതുപോലെ അനേകായിരം കമ്പ്യൂട്ടറുകളിലായി ലോകത്തിന്റെ നാനാഭാഗത്തുമുള്ള നെറ്റിസന്‍മാര്‍ വികസിപ്പിച്ചെടുക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ നിര്‍മ്മിതിയാണ് ബിറ്റ്‌കോയിന്‍.

ഇന്റര്‍നെറ്റ് വഴി സാധനങ്ങള്‍ വാങ്ങിക്കുന്ന ഒരു സംവിധാനമില്ലേ, അതിന്റെ ഒരു വികസിത രൂപമായി ബിറ്റ് കോയിനെ കണക്കാക്കിയാല്‍ സംഗതി എളുപ്പം പിടികിട്ടും. ഇ-കോമേഴ്‌സ് എന്നു പറയുന്ന ആ കച്ചവടത്തില്‍ കൊടുക്കല്‍-വാങ്ങലുകള്‍ രാജ്യാതീതമായി നടക്കും.

മുമ്പൊക്കെ, ചരക്കുകള്‍ തുറമുഖങ്ങള്‍ വഴിയാണ് കടന്നുവരിക. ഇറക്കുമതിച്ചുങ്കം വഴി അതിനെ നിയന്ത്രിക്കാന്‍ സര്‍ക്കാറുകള്‍ക്ക് കഴിയുമായിരുന്നു.

എന്നാല്‍ ഇന്റര്‍നെറ്റ് വഴിയുള്ള ഓണ്‍ലൈന്‍ കച്ചവടത്തില്‍ പല ചരക്കുകളെക്കുറിച്ചും വാങ്ങുന്നവനും വില്‍ക്കുന്നവനും മാത്രമേ അറിയൂ. ഉദാഹരണത്തിന്, ഒരു പാട്ട് ഡൗണ്‍ലോഡ് ചെയ്‌തെടുക്കുക, അതല്ലെങ്കില്‍ ഒരു ചിത്രമോ ഫോട്ടോയോ കമ്പ്യൂട്ടര്‍ വഴി ഓണ്‍ലൈനായി ഇറക്കിവെക്കുക (Download).

അത്തരമൊരു കച്ചവടത്തില്‍ സര്‍ക്കാര്‍ എങ്ങനെ ഇടപെടും? ഉണ്ടാകാവുന്ന നികുതി നഷ്ടം എത്രയായിരിക്കും എന്നൊക്കെയായിരുന്നു ഇ-കോമേഴ്‌സിന്റെ ആദ്യനാളുകളില്‍ ഉയര്‍ന്നുവന്ന പ്രശ്‌നം.അതിലും വലിയ പ്രശ്‌നങ്ങളാണ് ബിറ്റ്‌കോയിന്‍ ഉണ്ടാക്കിത്തീര്‍ക്കുക.

ബിറ്റ്‌കോയിന്‍ ഇടപാടുകളെല്ലാം അതീവ രഹസ്യമായാണ് നടക്കുക. അതുകൊണ്ടുതന്നെ ഈ രഹസ്യ ഇടപാടുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതാര് എന്ന് കണ്ടെത്തുക വിഷമമാണ്.

പണം വെളുപ്പിക്കുന്ന വമ്പന്മാരും, ആയുധക്കച്ചവടക്കാരും മയക്കുമരുന്നിടപാടുകാരുമൊക്കെ ബിറ്റ്‌കോയിന്‍ ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ എങ്ങനെയൊണ് അതില്‍ ഇടപെടുക എന്നത് ഒരു വലിയ ചോദ്യമായിരുന്നു.

ബിറ്റ്‌കോയിന്‍ ഇടപാടുകളെല്ലാം അതീവ രഹസ്യമായാണ് നടക്കുക. അതുകൊണ്ടുതന്നെ ഈ രഹസ്യ ഇടപാടുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതാര് എന്ന് കണ്ടെത്തുക വിഷമമാണ്.

ഏതു കമ്പ്യൂട്ടറാണ് ബിറ്റ്‌കോയിന്‍ ഉല്പാദിപ്പിച്ചെടുത്തത് എന്നു കണ്ടെത്താനാവും. അത്രതന്നെ. പക്ഷേ അതിനെയും മറി കടക്കാനാവുന്ന സോഫ്റ്റ് വെയറുകള്‍ ഇതിനകം വികസിപ്പിച്ചെടുത്തു കഴിഞ്ഞു.

പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന വളരെ കൃത്യമായും പ്രഖ്യാപിച്ചതുപോലെ “പലരും ബിറ്റ്‌കോയിനെ ഒരു നാണയമെന്ന് വിശേഷിപ്പിക്കുന്നു. ഒരു മോണിറ്ററി അതോറിറ്റിയും പുറത്തിറക്കുന്നതല്ല അത് എന്നത് കൊണ്ടുതന്നെ അത് യഥാര്‍ത്ഥ നാണയമല്ല. ബിറ്റ്‌കോയിന്‍ ഒരു അയഥാര്‍ത്ഥ സാധനമാണ്. (Virtual good) അതിന് നിയമാനുസൃത പദവിയില്ല. അതുകൊണ്ടുതന്നെ കമ്പോളത്തില്‍ പ്രചാരമുള്ള കറന്‍സിയായി ഉപയോഗിക്കാനാവില്ല; പാടില്ല”.

ഏറ്റവും കൂടുതല്‍ ബിറ്റ്‌കോയിനുകള്‍ കൈകാര്യം ചെയ്യുന്ന ചൈനയില്‍ ഈ നിയന്ത്രണ ഉത്തരവ് വന്നതോടെ, ബിറ്റ്‌കോയിന്റെ വില കുത്തനെ ഇടിയുമെന്നായിരുന്നു ധാരണ, പക്ഷേ പ്രതീക്ഷിച്ച കുലുക്കമൊന്നും നമ്മുടെ ബിറ്റ്‌കോയിന്‍ എന്ന കേളനെ ബാധിച്ചില്ല എന്നതാണ് വസ്തുത. അതിന്റെ വില സ്വല്‍പം ഇടിഞ്ഞു എന്നത് നേരാണെങ്കിലും.

അടുത്ത പേജില്‍ തുടരുന്നു

 


ഇന്റര്‍നെറ്റ് വഴി സാധനങ്ങള്‍ വാങ്ങാന്‍ മാത്രമല്ല, ഇപ്പോള്‍ ബിറ്റ്‌കോയിന്‍ ഉപയോഗപ്പെടുത്തുന്നത്. സൈപ്രസിലെ നിക്കോഷ്യാ യൂനിവേഴ്‌സിറ്റി ഈയിടെ തങ്ങള്‍ക്കുള്ള ഫീസുകള്‍ അടയ്ക്കാനും ബിറ്റ്‌കോയിന്‍ ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നു. അങ്ങനെ ചെയ്യുന്ന ലോകത്തെതന്നെ ആദ്യത്തെ യൂനിവേഴ്‌സിറ്റി എന്ന ഖ്യാതി നേടുക മാത്രമല്ല, “”ഡിജിറ്റല്‍ കറന്‍സി””യില്‍ മാസ്റ്റര്‍ ബിരുദത്തിനുള്ള ഒരു കോഴ്‌സ് കൂടി തുടങ്ങുന്നുണ്ടത്രെ അവര്‍!


bit-coin-580-2

നാണയചരിത്രത്തില്‍ എന്നും ഒരു നടുനിലക്കാരനുണ്ടായിരുന്നു. മുമ്പൊക്കെ തട്ടാന്‍മാരായിരുന്നു; പിന്നെയത് ബാങ്കുകളായി; പിന്നീടത് കേന്ദ്ര ബാങ്കുകളുടെ ചുമതലയായി. എന്നാല്‍ സമീപകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ്, എന്തിന് കേന്ദ്ര ബാങ്ക് നിലനില്‍ക്കണം എന്നത്.

കറന്‍സിയുടെ സ്വകാര്യവല്‍ക്കരണം എന്ന ആശയം നിയോലിബറല്‍ കാലത്ത് ഏറെ കൊട്ടിഘോഷിക്കപ്പെട്ടതാണ്. എന്നാല്‍ അത്തരം കമ്പോള മൗലികവാദികള്‍ പോലും ബിറ്റ്‌കോയിന്റെ വ്യാപനം കണ്ട് അന്ധാളിച്ചു നില്‍ക്കുകയാണ്.

2013 തുടക്കത്തില്‍ ബിറ്റ്‌കോയിന്റെ മൂല്യം 14 ഡോളറായിരുന്നു. വര്‍ഷാവസാനമെത്തും മുമ്പ് 800 ലേറെയായി വളര്‍ന്നു. ഡിസംബര്‍ 4 ന് 1200 ഡോളറായിരുന്നു ബിറ്റ്‌കോയിന്റെ മൂല്യം. കൂടുതല്‍ കൂടുതലാളുകള്‍ തേടിയെത്തിയതു കൊണ്ടാണ് ഇതെന്നു വ്യക്തം. അത്തരമൊരവസ്ഥയിലാണ് പോള്‍ ക്രൂഗ്മാനെപ്പോലൊരാള്‍ “”ബിറ്റ്‌കോയിന്‍ തിന്മയാണ്”” എന്ന് പ്രഖ്യാപിക്കുന്നത്.

എവിടെ നിന്നാണ് ഈ കോയിന് മൂല്യം വന്നു ചേരുന്നത് എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. വെറുമൊരു കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ പ്രയോഗത്തിന് എങ്ങനെയാണ് ഇങ്ങനെയൊക്കെ പ്രചാരം നേടാനാവുന്നതും അതിന് മൂല്യമുണ്ടാവുന്നതും?

bit-coin-3

ബിറ്റ്‌കോയിന്‍ തിന്മയാണ് എന്ന പ്രയോഗത്തെ ഖണ്ഡിച്ചുകൊണ്ട് ഫ്രെഡ് എഹ്ര്‍ സാം ഒരു ലേഖനമെഴുതി: “”ബിറ്റ്‌കോയിന്‍ നന്മയാണ്”” എന്നായിരുന്നു മൂപ്പരുടെ തലക്കെട്ട്. പക്ഷേ ക്രൂഗ്മാന്റെ ചോദ്യത്തിന് കൃത്യമായ മറുപടി പറയാന്‍ കക്ഷിക്കും കഴിഞ്ഞില്ല എന്നതാണ് കാര്യം.

നാണയങ്ങള്‍ പ്രചാരത്തില്‍ വന്നതിന്റെ ചരിത്രവുമായി ബന്ധിപ്പിച്ചുകൊണ്ട് ഒലെഗ് ആന്‍ഡ്രീവ് ഇതിനൊരു മറുപടി നല്‍കാന്‍ ശ്രമിക്കുന്നുണ്ട്. അതിപുരാതന കാലത്ത് നാണയമായി ഉപയോഗിച്ചിരുന്നത് അപൂര്‍വ്വ വസ്തുക്കളാണല്ലോ- കടല്‍കക്കകള്‍, വിലകൂടിയ കല്ലുകള്‍ തുടങ്ങിയവ.

ഇങ്ങനെ ശേഖരിച്ചെടുക്കാവുന്ന നാണയങ്ങളുടെ കൂട്ടത്തില്‍ ബിറ്റ്‌കോയിനെയും ഉള്‍പ്പെടുത്തിയാലോ? അതിന്റെ മൂല്യം നിശ്ചയിക്കുക വാങ്ങാനുള്ള ആളുകളുടെ ആവശ്യമാണ്. മറ്റൊന്ന് കൂടിയുണ്ട്. വാതുവെപ്പിനുള്ള സാദ്ധ്യത. വിലകള്‍ കുത്തനെ കയറിക്കൊണ്ടിരിക്കും എന്ന തോന്നല്‍ ഉളവാക്കുന്ന ഏതു ചരക്കും വാതുവെപ്പിനുള്ള സാധ്യതകള്‍ തുറന്നു കൊടുക്കുന്നുണ്ട്.

2009 ല്‍ ഇങ്ങനെയൊരു നാണയത്തിന് രൂപകല്‍പ്പന ചെയ്ത  സതോഷി നകാമൊതോ എന്ന അജ്ഞാതനായ തൂലികാനാമധാരി കരുതിയതിലും എത്രയോ മടങ്ങ് വ്യാപ്തിയാണ് അനേകായിരം ഗണിത ശാസ്ത്ര വിശാരദരായ സോഫ്റ്റ് വെയര്‍ സാക്ഷരര്‍ ബിറ്റ്‌കോയിന് നല്‍കിയിരിക്കുന്നത്.

യൂറോപ്യന്‍ കേന്ദ്രബാങ്കാവട്ടെ, കുറേക്കൂടി കര്‍ക്കശമായി ബിറ്റ്‌കോയിന്‍ ഇടപാടുകള്‍  മരവിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും അതുകൊണ്ട് കരുതിക്കളിച്ചാല്‍ മതിയെന്നും പൊതുജനങ്ങള്‍ക്ക് താക്കീത് നല്‍കുകയുണ്ടായി.

ഇന്റര്‍നെറ്റ് വഴി സാധനങ്ങള്‍ വാങ്ങാന്‍ മാത്രമല്ല, ഇപ്പോള്‍ അതുപയോഗപ്പെടുത്തുന്നത്. സൈപ്രസിലെ നിക്കോഷ്യാ യൂനിവേഴ്‌സിറ്റി ഈയിടെ തങ്ങള്‍ക്കുള്ള ഫീസുകള്‍ അടയ്ക്കാനും ബിറ്റ്‌കോയിന്‍ ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നു. അങ്ങനെ ചെയ്യുന്ന ലോകത്തെതന്നെ ആദ്യത്തെ യൂനിവേഴ്‌സിറ്റി എന്ന ഖ്യാതി നേടുക മാത്രമല്ല, “”ഡിജിറ്റല്‍ കറന്‍സി””യില്‍ മാസ്റ്റര്‍ ബിരുദത്തിനുള്ള ഒരു കോഴ്‌സ് കൂടി തുടങ്ങുന്നുണ്ടത്രെ അവര്‍!

നിക്കോഷ്യാ യൂനിവേഴ്‌സിറ്റിയെപ്പോലെ തുറന്ന മനസ്സ് കാട്ടാന്‍ കേന്ദ്ര ബാങ്കുകള്‍ക്കാവില്ലല്ലോ. അവയില്‍ മിക്കവയും  ബിറ്റ്‌കോയിന്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യപ്പെടേണ്ടതാണെന്ന് പരസ്യമായി പ്രഖ്യാപിച്ചപ്പോള്‍, മലേഷ്യന്‍ കേന്ദ്രബാങ്കിന് ഇക്കാര്യത്തില്‍ വലിയ ആശങ്കയില്ലെന്ന് തോന്നുന്നു. ബിറ്റ്‌കോയിനെ  നിയന്ത്രിക്കാനൊന്നും തങ്ങള്‍ ഉദ്ദേശിക്കുന്നില്ല എന്ന് കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ബാങ്ക് നെഗറ മലേഷ്യ വെളിപ്പെടുത്തിയിരുന്നു. ഫിന്നിഷ് കേന്ദ്ര ബാങ്കാകട്ടെ ഡിജിറ്റല്‍ കറന്‍സി നിയമവിരുദ്ധമല്ല എന്നൊരു പ്രഖ്യാപനം തന്നെ നടത്തിക്കളഞ്ഞു.!

ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് താക്കീത് നല്‍കിക്കൊണ്ട് ആദ്യം രംഗത്തെത്തിയത് ബാങ്ക് ഓഫ് ലെബനണും ന്യൂസിലാന്റ് കേന്ദ്രബാങ്കും ആസ്‌ട്രേലിയന്‍ കേന്ദ്രബാങ്കുമാണ്. യൂറോപ്യന്‍ കേന്ദ്രബാങ്കാവട്ടെ, കുറേക്കൂടി കര്‍ക്കശമായി ബിറ്റ്‌കോയിന്‍ ഇടപാടുകള്‍  മരവിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും അതുകൊണ്ട് കരുതിക്കളിച്ചാല്‍ മതിയെന്നും പൊതുജനങ്ങള്‍ക്ക് താക്കീത് നല്‍കുകയുണ്ടായി.

എന്നാല്‍ ഇതിനൊക്കെയും മുമ്പെ, നമ്മുടെ പഴയ അലന്‍ ഗ്രീന്‍സ്പാന്‍ (അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ മുന്‍ തലവന്‍) ബിറ്റ്‌കോയിന്‍ വെറുമൊരു കുമിളയാണ്, അതിന് യാതൊരു സഹജ നാണയ വിലയുമില്ല”” എന്ന് വെട്ടിത്തുറന്നു പറഞ്ഞിരുന്നു.

അടുത്ത പേജില്‍ തുടരുന്നു

 


സാംസങ്ങിന്റെ ഗ്യാലക്‌സി നോട്ടിന് ആമസോണില്‍ 779 ഡോളറും അതോടൊപ്പം കടത്തുകൂലിയും നല്‍കേണ്ടി വരുമ്പോള്‍ വെറും 480 ഡോളറിന് ബിറ്റ്‌കോയിന്‍ സ്റ്റോറുകള്‍ വഴി അത് കിട്ടുമത്രെ! അതുകൊണ്ടൊക്കെത്തന്നെയാണ് മണിഗ്രാം, വെസ്റ്റേണ്‍ യൂണിയന്‍ തുടങ്ങിയ പണമിടപാട് സ്ഥാപനങ്ങള്‍ തങ്ങളുടെ ബിസിനസ്സ് ബിറ്റ്‌കോയിനുമായി ഉദ്ഗ്രഥിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.


bit-coin-580-3

സഹജമൂല്യമില്ലാത്ത വെറും സോഫ്റ്റ്‌വെയര്‍ സൂത്രവാക്യങ്ങള്‍ മാത്രമായ ഈ അയഥാര്‍ത്ഥ കറന്‍സി വ്യാപകമായ തോതില്‍ സ്വീകരിക്കപ്പെട്ടുപോന്നതില്‍ അസ്വാഭാവികത ഒന്നുമില്ല. ഇന്റര്‍നെറ്റ് വഴി സാധനങ്ങള്‍ വാങ്ങുമ്പോള്‍ നടുനിലക്കാരനായി ഏതെങ്കിലും ഒരു ബാങ്കോ, പേ പാല്‍ പോലുള്ള സേവനദാതാക്കളോ ആണല്ലോ കാര്യം നിറവേറ്റുക.

ആ നടുനിലക്കാരന്‍ ഇല്ലാതെയും ഇടപാടുകള്‍ നടത്താനായാലോ? ഇരു ചെവിയറിയാതെ, വാങ്ങുന്നവനും വില്‍ക്കുന്നവനും തമ്മിലുള്ള കൈമാറ്റമായി മാറിയാലുള്ള സൗകര്യമുണ്ടല്ലോ, അതു തന്നെയാണ് ബിറ്റ്‌കോയിന്റെ വ്യാപനത്തിനു പിറകില്‍. ആമസോണ്‍ പോലുള്ള സൈറ്റുകള്‍ വഴി കിട്ടുന്നതിലും കുറഞ്ഞ വിലക്ക് ബിറ്റ്‌കോയിന്‍ സ്റ്റോറുകള്‍ വഴി സാധനങ്ങള്‍ ലഭ്യമാവാന്‍ തുടങ്ങിയതോടെ സ്വാഭാവികമായും ഇതിന്റെ പ്രചാരം കൂടി.

സാംസങ്ങിന്റെ ഗ്യാലക്‌സി നോട്ടിന് ആമസോണില്‍ 779 ഡോളറും അതോടൊപ്പം കടത്തുകൂലിയും നല്‍കേണ്ടി വരുമ്പോള്‍ വെറും 480 ഡോളറിന് ബിറ്റ്‌കോയിന്‍ സ്റ്റോറുകള്‍ വഴി അത് കിട്ടുമത്രെ! അതുകൊണ്ടൊക്കെത്തന്നെയാണ് മണിഗ്രാം, വെസ്റ്റേണ്‍ യൂണിയന്‍ തുടങ്ങിയ പണമിടപാട് സ്ഥാപനങ്ങള്‍ തങ്ങളുടെ ബിസിനസ്സ് ബിറ്റ്‌കോയിനുമായി ഉദ്ഗ്രഥിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.

bit-coin-2

അദൃശ്യവും അരൂപിയുമായി ഒരു നാണയമെന്നതില്‍ നിന്ന് ദൃഷ്ടിഗോചരവും മൂര്‍ത്തവുമായ നാണയരൂപം കൂടി ഈയ്യിടെയായി ബിറ്റ്‌കോയിന്‍ ആര്‍ജിച്ചിട്ടുണ്ട്. അതിന്റെ ആദ്യ അവതാരം എന്ന് വിശേഷിപ്പിക്കാവുന്നത് “”ബിറ്റ് ബില്‍സി””യൊണ്. ബിറ്റ്ബില്‍ ഒരു പ്ലാസ്റ്റിക് കാര്‍ഡാണ്.

മുഖവിലക്കുള്ള സംഖ്യ ചെലവാക്കാന്‍ അതിന്റെ ഉടമസ്ഥനെ സഹായിക്കുന്ന ഒരു സൂത്രപ്പൂട്ട് അതിനകത്ത് നിക്ഷേപിച്ചിട്ടുണ്ടാവും. കാര്‍ഡിന് പരുക്കേല്‍പ്പിക്കാതെ ആ രഹസ്യത്താക്കോല്‍ കണ്ടെടുക്കാനാവില്ല. അതിനു പുറമെ, ആള്‍ വ്യാജനല്ല എന്ന് ഉറപ്പ് വരുത്താനായി ഒരു ഹോളോഗ്രോം അടയാളവും ഇതിനുണ്ട്. 2011 മെയ് 9 നാണ് ബിറ്റ്ബില്‍ പുറത്തിറങ്ങിയത്.

പ്ലാസ്റ്റിക് കാര്‍ഡില്‍ നിന്ന് ലോഹക്കാര്‍ഡിലേക്കുള്ള മാറ്റം വരുത്തിയാണ് “”ബാങ്ക് കാര്‍ഡ്”” പുറത്തിറങ്ങിയത്. ബിറ്റ് ബില്ല് പോലെ ഒരു നിശ്ചിത സംഖ്യക്കുള്ള ബിറ്റ്‌കോയിന്‍ ആയിട്ടല്ല അതിന്റെ ജന്മം. ഒരു ബാങ്ക് കാര്‍ഡ് വാങ്ങിച്ച് അതിലേക്ക് എത്ര ബിറ്റ്‌കോയിന്‍ നിക്ഷേപിക്കണമോ, അത്രയും നിങ്ങള്‍ക്കയക്കാം- നിങ്ങളുടെ കമ്പ്യൂട്ടര്‍ വഴി.

ഏത് സൂത്രപ്പൂട്ടും തകര്‍ത്ത് സൈബര്‍കൊള്ള നടത്താന്‍ കെല്‍പുള്ള ഇന്റര്‍നെറ്റ് മോഷ്ടാക്കളില്‍ നിന്ന് തല്‍ക്കാലം രക്ഷപ്പെടാനുള്ള ഒരു സാധ്യതയായിരിക്കണം ഇതിന്റെ മുഖ്യ സവിശേഷത.

2012 ല്‍ “”ബിറ്റ്‌ഫോര്‍”” എന്നു പേരുള്ള ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചിന് ഇന്റര്‍നെറ്റ് മോഷ്ടാക്കള്‍ വരുത്തിവെച്ച നഷ്ടം 2,50,000 ഡോളറിന്റെതായിരുന്നുവത്രെ! ആ നിലക്ക് കമ്പ്യൂട്ടറുകളില്‍ സൂക്ഷിച്ച ബിറ്റ്‌കോയിനെ ഫിസിക്കല്‍ നാണയമാക്കി സൂക്ഷിക്കാന്‍ ബാങ്ക് കാര്‍ഡുകള്‍ സൗകര്യമൊരുക്കുന്നുണ്ട്.

ബിറ്റ്‌കോയിനെ ഏതു വകുപ്പില്‍പെടുത്തി വേണം നിയന്ത്രിക്കാന്‍ എന്ന കാര്യത്തില്‍ അമേരിക്കയില്‍ നടന്നുകൊണ്ടിരുന്ന ചര്‍ച്ചകള്‍ തന്നെ നോക്കിയാല്‍ മനസ്സിലാവും ഇക്കാര്യത്തിലുള്ള അട്ടര്‍ കണ്‍ഫ്യൂഷന്‍.

ബിറ്റ്‌കോയിന്‍ ഉപഭോക്താവായ കസാഷ്യസ് എന്നൊരു വിദ്വാന്റെ പേരില്‍ കസാഷ്യസ് ബിറ്റ്‌കോയിന്‍ എന്നൊരു  നാണയവും ഇപ്പോള്‍ പ്രചാരത്തിലുണ്ട്. കസാഷ്യസ് വെബ്‌സൈറ്റ്‌വഴി ഈ നാണയങ്ങള്‍ വാങ്ങാനാവും.

1,10,25,100,1000 മൂല്യങ്ങളില്‍ 1.25  ഇഞ്ച് വ്യാസമുള്ള ഓട്ടുനാണയങ്ങളായാണ് ബിറ്റ്‌കോയിനുകള്‍ ഈ സൈറ്റ് വഴി പുറത്തിറങ്ങുന്നത്. ഇതിനിടക്ക് ആദ്യം പുറത്തിറങ്ങിയ നാണയങ്ങളില്‍ കസാഷ്യസിന്റെ പേരുതന്നെ ഹോളോഗ്രാമില്‍ തെറ്റായാണ് അച്ചടിച്ചുവന്നത്. അച്ചടിപ്പിശാച് കസാഷ്യസിന്റെ ഒരു “എസ്” വിഴുങ്ങിക്കളഞ്ഞത് പിന്നീട് രണ്ടാം സീരിസില്‍ തിരുത്തുകയാണത്രെ ചെയ്തത്!

കമ്പ്യൂട്ടറുകളുടെ സോഫ്റ്റ്‌വെയറിനകത്തു മാത്രം കഴിഞ്ഞു കൂടിയിരുന്ന ബിറ്റ്‌കോയിന്‍ ഇങ്ങനെ ഭൗതികരൂപത്തില്‍ പുറത്തിറങ്ങുകയും കേന്ദ്ര ബാങ്കുകള്‍ അടിച്ചിറക്കുന്ന നാണയങ്ങളെത്തന്നെ വെല്ലുവിളിച്ചുകൊണ്ട് സ്വന്തം അസ്തിത്വം സ്ഥാപിച്ചെടുക്കുകയും ചെയ്യുകയാണ്.

25 ശതമാനം നാണയപ്പെരുപ്പമുള്ള അര്‍ജന്റീനയില്‍ സര്‍ക്കാര്‍ അച്ചടിച്ചിറക്കുന്ന നോട്ടിനേക്കാള്‍ വിശ്വാസ്യത മൂല്യവര്‍ദ്ധന ഏതാണ്ടുറപ്പുള്ള ബിറ്റ്‌കോയിന് നേടാനാവുന്നുണ്ടത്രെ! കേന്ദ്രബാങ്കുകള്‍ നിലനില്‍ക്കേണ്ടതു തന്നെയുണ്ടോ എന്ന് പണ്ട് ചോദിച്ചിരുന്നവര്‍പോലും ഇപ്പോള്‍ കേന്ദ്രബാങ്കുകള്‍ ഇതില്‍ ഇടപെട്ടേ പറ്റൂ എന്ന് അമര്‍ത്തിപ്പറയാന്‍ തുടങ്ങിയിരിക്കുന്നു.

ബിറ്റ്‌കോയിനെ ഏതു വകുപ്പില്‍പെടുത്തി വേണം നിയന്ത്രിക്കാന്‍ എന്ന കാര്യത്തില്‍ അമേരിക്കയില്‍ നടന്നുകൊണ്ടിരുന്ന ചര്‍ച്ചകള്‍ തന്നെ നോക്കിയാല്‍ മനസ്സിലാവും ഇക്കാര്യത്തിലുള്ള അട്ടര്‍ കണ്‍ഫ്യൂഷന്‍! ഏതു നിയമത്തിന്റെ പരിധിയിലാണ് ഉള്‍പ്പെടുത്തുക എന്നതാണ് ചോദ്യം.

അടുത്ത പേജില്‍ തുടരുന്നു


ബിറ്റ് കോയിന്‍ സമ്പദ്‌വ്യവസ്ഥയില്‍ നടക്കുന്ന ഓരോ ഇടപാടും കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കില്‍ പരസ്യമായി രജിസ്റ്റര്‍ ചെയ്യപ്പെടും. ആ ലോകത്ത് പ്രവേശിച്ചു കഴിഞ്ഞ് ആര്‍ക്കു നോക്കിയാലും മനസ്സിലാവും ഏത് നാണ്യം ആരുടെ ഉടമസ്ഥതയിലാണ് എന്ന കാര്യം. പരസ്യമാക്കപ്പെട്ട ഒരു ലഡ്ജറിനെപ്പോലെയാണത്. ആര്‍ക്കും കാണാം.


bit-coin-580-4

വ്യാജനോട്ട് അച്ചടിപോലെയല്ല കാര്യം. അതുകൊണ്ട് തന്നെ ആ വകുപ്പില്‍ ഉള്‍പ്പെടുത്താനാവില്ല. 2013 മാര്‍ച്ചിലാണ് ഫിന്‍സെന്‍ (ഫൈനാന്‍ഷ്യല്‍ ക്രൈംസ് എന്‍ഫോഴ്‌സ്മനെന്റ് നെറ്റ് വര്‍ക്ക്) ഡിജിറ്റല്‍ കറന്‍സിക്കും ബാങ്കിങ് സീക്രസി ആക്ട് ബാധകമാക്കിയത്. പക്ഷേ ബിറ്റ് കോയിന്‍ “”മൈന്‍”” ചെയ്‌തെടുക്കുന്ന മൈനര്‍മാര്‍ തങ്ങളുടെ കമ്പ്യൂട്ടര്‍ ജ്ഞാനം ഒരു സേവനമായി ആ നെറ്റ് വര്‍ക്കിന് നല്‍കുകയാണ്. ശൂന്യതയില്‍ നിന്ന് നാണയങ്ങള്‍ കുഴിച്ചെടുക്കുകയാണ്. പണമിടപാടുകാരായി ഇവരെ കണക്കാക്കാനാവുമോ?

കമോഡിറ്റി ഫ്യൂച്ചേഴ്‌സ് ട്രെയ്ഡിങ് കമ്മീഷന്‍ (സി.എഫ്.ടി.എ) ഇടപെടാനൊരു ശ്രമം നടത്തി, ബിറ്റ്‌കോയിനെ നിയന്ത്രിക്കാന്‍. പക്ഷേ അവരുടെ അധികാര പരിധിയിലും ഉള്‍പ്പെടുന്നതല്ല ഈ ഡിജിറ്റല്‍ നാണയം. നിലവിലുള്ള നിയമങ്ങളനുസരിച്ച് ഏതെങ്കിലുമൊരു തരത്തില്‍ ഇടപെടാനുള്ള സാധ്യത ഇലക്‌ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ ആക്ട് (EFTA) വഴി മാത്രമാണ് എന്നാണ് ഒടുവിലത്തെ കണ്ടെത്തല്‍.

ഏതായാലും ഈ നാണയം കൊണ്ടുള്ള കളി അത്ര നല്ലതല്ല എന്ന് ഒട്ടു മിക്ക കേന്ദ്രബാങ്കുകളും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആകാവുന്ന രീതിയില്‍ അതിന്മേല്‍ ഒരു കണ്ണ് വെക്കുന്നുമുണ്ട്. അതില്ലെങ്കില്‍ മയക്കു മരുന്ന് കടത്തുകാരും ആയുധം കടത്തുകാരുമൊക്കെ ഈ മേഖലയില്‍ ഇടപ്പെട്ട് നാശം വിതയ്ക്കുക തന്നെ ചെയ്യുമെ ന്ന കാര്യത്തില്‍ സംശയത്തിനിടയില്ല.

യഥാര്‍ത്ഥത്തില്‍ ബിറ്റ് കോയിന്‍ സമ്പദ്‌വ്യവസ്ഥയില്‍ നടക്കുന്ന ഓരോ ഇടപാടും കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കില്‍ പരസ്യമായി രജിസ്റ്റര്‍ ചെയ്യപ്പെടും. ആ ലോകത്ത് പ്രവേശിച്ചു കഴിഞ്ഞ് ആര്‍ക്കു നോക്കിയാലും മനസ്സിലാവും ഏത് നാണ്യം ആരുടെ ഉടമസ്ഥതയിലാണ് എന്ന കാര്യം. പരസ്യമാക്കപ്പെട്ട ഒരു ലഡ്ജറിനെപ്പോലെയാണത്. ആര്‍ക്കും കാണാം. സാങ്കേതികമായി ഇതിനെ ബ്ലോക്ക് ചെയിന്‍ എന്നാണ് പറയുക. ഓരോ പുതിയ ഇടപാടിലൂടെയും കടന്നു വരുന്ന ബിറ്റ് കോയിന്‍ ആരുടെ ഉടമസ്ഥതയിലാണ് എന്ന് ആ ബ്ലോക്ക് ചെയിന്‍ വഴി മനസ്സിലാക്കാനാവും.

bit-coin-4ഒരു ബിറ്റ് കോയിന്‍ മറ്റാരുടെയും ഉടമസ്ഥതയിലല്ല, അസ്സല്‍ ഉരുപ്പടിയാണ് എന്ന് തിരിച്ചറിയാന്‍ ഈ പബ്ലിക്ക് കീ ക്രിപ്‌റ്റോഗ്രാഫി സഹായിക്കും. പക്ഷേ തന്റെ ഉടമസ്ഥതയിലുള്ള ഒരു ബിറ്റ് കോയിനെ നിയന്ത്രിക്കാന്‍ ഓരോ ഇടപാടുകാരനും ഒരു സ്വകാര്യതാക്കോലും ഇതോടൊപ്പം അനുവദിക്കും. എന്നു വെച്ചാല്‍ ഓരോ ഇടപാടുകാരനും രണ്ടു താക്കോല്‍ കിട്ടും.

രണ്ടു പാസ്‌വേര്‍ഡുകള്‍ എന്നു കരുതിയാല്‍ മതി. സ്വകാര്യ താക്കോല്‍ നിങ്ങളുടെ ഇടപാടിനായി ഉപയോഗിക്കാവുന്ന പാസ്‌വേര്‍ഡ്. (അതിനെ സുരക്ഷിതമായി സൂക്ഷിക്കേണ്ട കടമ നിങ്ങളുടേത്.) പരസ്യത്താക്കോല്‍ ഉപയോഗിച്ച് ബിറ്റ്‌കോയിന്റെ വിശാലലോകം തുറന്നു കാണാം. 100 ബിറ്റ് കോയിന്‍ “ബി” യുടെ അക്കൗണ്ടിലേക്ക് അയക്കാന്‍ “എ” തീരുമാനിക്കുന്നു വെന്നു കരുതുക. “എ”അതിനായി ഒരു സന്ദേശം തയ്യാറാക്കണം. അതിനെയാണ്  ഇടപാട് (Transaction) എന്നു വിളിക്കുക.

“ബി”യുടെ പരസ്യത്താക്കോലിന്റെ പേരിലായിരിക്കും ഈ ഇടപാട്. തങ്ങളുടെ പരസ്യത്താക്കോല്‍ വഴി നോക്കിയാല്‍ ആര്‍ക്കു മനസ്സിലാക്കാനാവും അത്രയും തുക “എ” യുടെ കൈയ്യോപ്പോടെ (എന്നു വെച്ചാല്‍ പാസ്‌വേര്‍ഡ് വഴി എന്നര്‍ത്ഥം) കൈമാറ്റം ചെയ്തിരിക്കുന്നുവെന്നും അതിന്റെ പുതിയ ഉടമസ്ഥന്‍ “ബി”ആണെന്നും.

ഇടപാട് നടന്ന സമയമടക്കം അതില്‍ നിന്നു വായിച്ചെടുക്കാം. ബ്ലോക്ക് ചെയിനിന്റെ ഒരു ബ്ലോക്കില്‍ ഇതെല്ലാം നേരിട്ട് കാണാനാവും.
നെറ്റ് വര്‍ക്കിലുള്ള എല്ലാ കമ്പ്യൂട്ടറുകളിലും നിരന്തരം പുതുക്കലുകള്‍ വഴി കൂട്ടിചേര്‍ക്കാനും എല്ലാ ഇടപാടുകളും പരിശോധനാവിധേയമാക്കാനും പൊതുതാക്കോല്‍ വഴിയുള്ള ക്രിപ്പ്‌റ്റോ ഗ്രഫി സഹായിക്കും.

ഇങ്ങനെയൊക്കെയുള്ള സുരക്ഷാ ക്രമീകരണങ്ങളോടെ കഴിഞ്ഞു കൂടുന്ന ബിറ്റ് കോയിനുകള്‍ മുഴുവന്‍ 2140 ആവുമ്പോഴേക്കും കുഴിച്ചെടുത്ത് കഴിഞ്ഞിരിക്കുമത്രെ. ഖനനം ചെയ്ത് ഖനനം ചെയ്ത് എത്രയും നാണയങ്ങള്‍ കൈവശപ്പെടുത്താമെന്ന ധാരണ വേണ്ട. 21 ദശലക്ഷം ബിറ്റ് കോയിനുകളേ പരമാവധി ഖനനം ചെയ്‌തെടുക്കാനാവൂ എന്ന ഒരു പരിധി നിശ്ചയിച്ചു കഴിഞ്ഞിട്ടുണ്ടത്രെ!

അങ്ങനെ അവസാന നാണയവും കുഴിച്ചെടുത്തു കഴിഞ്ഞാലോ? പിന്നെ ഈ നെറ്റ് വര്‍ക്ക് ചരമമടയുമോ? നെറ്റിസന്മാര്‍ക്ക് അതങ്ങനെ ഒഴിവാക്കി പോവാനാവുമോ? നെറ്റ് വര്‍ക്കിനെ തുടര്‍ന്നും നിലനിര്‍ത്താനായി അതില്‍ ഇടപെടുകയും ഇടപാടുകളുടെ ശരിമ പരിശോധിക്കുകയും ചെയ്യുന്നതിനുള്ള കൂലി  ട്രാന്‍സാക്ഷന്‍ ഫീസായി  ഇക്കൂട്ടര്‍ക്ക് കിട്ടുമത്രെ. 21 ദശലക്ഷം ബിറ്റ് കോയിനുകളുടെ കൊള്ളക്കൊടുക്കലുകളുടെ ആധികാരികത, കൃത്യത ഉറപ്പു വരുത്തുന്നതിനായി ഇങ്ങനെ കുറെ ആളുകളുടെ സേവനം തുടര്‍ന്നും നിലനിര്‍ത്തേണ്ടതുണ്ടല്ലേ? പശു ചത്താലും മോരിലെ പുളി പോവില്ല എന്നു തന്നെ.

കേന്ദ്ര ബാങ്കുകളുടെയും മോണിറ്ററി അധികൃതരുടെയും ഉറക്കം കെടുത്തിക്കൊണ്ട്, അതങ്ങനെ വ്യാപിക്കുകയാണ്. ലാഭം ഇരുന്നൂറു ശതമാനം ഉണ്ടാക്കാനായാല്‍ ഉടമയെ തന്നെ തൂക്കിലേറ്റുന്ന മൂലധനത്തിന്റെ ആര്‍ത്തി എവിടെച്ചെന്ന് അവസാനിക്കും എന്ന് ആര്‍ക്കും പറയാനാവില്ലല്ലോ.

ഏതായാലും 2008 നവംബര്‍ 1 ന് സതോഷി നക്കാമൊതോ എന്ന അജ്ഞാതനായ ഒരു നെറ്റിസണ്‍ പോസ്റ്റ് ചെയ്ത റിസര്‍ച്ച് പേപ്പര്‍ ഇങ്ങനെയൊക്കെ രൂപാന്തരപ്പെടും എന്ന് അയാള്‍ പോലും കണക്കാക്കിയിരിക്കില്ല എന്ന് തീര്‍ച്ച. ബിറ്റ്‌കോയിന്‍ എന്ന് പേരുമിട്ട് ഒരു പുതിയ ഡിജിറ്റല്‍ നാണ്യം പുറത്തിറക്കിയ നക്കാമൊതോ ഏത് നാട്ടുകാരനാണെന്ന കാര്യത്തില്‍ പോലും സംശയങ്ങള്‍ നിലനില്‍ക്കുന്നു. പേരുകൊണ്ടും സാഹചര്യം കൊണ്ടും ജപ്പാന്‍കാരനാണെങ്കിലും, കക്ഷിയുടെ ഈമെയില്‍ അഡ്രസ്സ് തപ്പിയാല്‍ ഒരു ജര്‍മ്മന്‍കാരനാണ് എന്നു തോന്നുമത്രേ.

90 കളുടെ തുടക്കത്തില്‍ “”ഇ-ക്യാഷ്”” എന്നൊരു സംവിധാനത്തിന് ഡേവിഡ് ഷോം (David Chaum) രൂപ കല്‍പ്പന നല്‍കിയിരുന്നെങ്കിലും അതിന് സര്‍ക്കാറിന്റെ കണ്ണുവെട്ടിച്ച് പണമിടപാട് നടത്താനാവുമായിരുന്നില്ല. നിലവിലുള്ള പശ്ചാത്തല സൗകര്യങ്ങള്‍ ഉപയോഗിച്ചുകൊണ്ട് മാത്രമേ അതിന് നിലനില്‍ക്കാനാവൂ.

ബാങ്കുകളെയും ക്രെഡിറ്റ് കാര്‍ഡുകളെയും ആശ്രയിച്ചുകൊണ്ടുള്ള പശ്ചാത്തല സൗകര്യം അതിനു വേണം. ഒരു മധ്യവര്‍ത്തിയുടെ സഹായമില്ലാതെ, സോഫ്റ്റ്‌വെയര്‍ നെറ്റ് വര്‍ക്കിലെ സുതാര്യമായ ഇടപെടല്‍ വഴി പരസ്പരം കൊള്ളക്കൊടുക്കല്‍ നടത്താനാവുന്ന ഒരു സംവിധാനം വികസിപ്പിച്ചെടുക്കാനായതാണ് സതോഷി നക്കാമതോയുടെ സവിശേഷത.

തന്റെ പുതിയ കണ്ടുപിടിത്തം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച്, ഊരും പേരും വെളിപ്പെടുത്താതെ, ഒരു നാള്‍ സ്വയം നിഷ്‌ക്രമിച്ച ആ അജ്ഞാതനായ മൈനറുടെ പിറകെ കുഴിച്ചു കുഴിച്ചു കുഴിച്ചങ്ങനെ പോവുകയാണ് പൈഡ് പൈപ്പറുടടെ പിറകെ പോയ എലികളെപ്പോലെ നമ്മുടെ നെറ്റിസന്മാരില്‍ ഒരു വിഭാഗം.

കേന്ദ്ര ബാങ്കുകളുടെയും മോണിറ്ററി അധികൃതരുടെയും ഉറക്കം കെടുത്തിക്കൊണ്ട്, അതങ്ങനെ വ്യാപിക്കുകയാണ്. ലാഭം ഇരുന്നൂറു ശതമാനം ഉണ്ടാക്കാനായാല്‍ ഉടമയെ തന്നെ തൂക്കിലേറ്റുന്ന മൂലധനത്തിന്റെ ആര്‍ത്തി എവിടെച്ചെന്ന് അവസാനിക്കും എന്ന് ആര്‍ക്കും പറയാനാവില്ലല്ലോ.