ന്യൂദല്‍ഹി: ബി.ജെ.പി നേതാക്കള്‍ ബിറ്റ്‌കോയിന്‍ അഴിമതി നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ഗുജറാത്തില്‍ 5000 കോടിയുടെ ബിറ്റ്‌കോയിന്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിച്ചുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
സംഭവത്തില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഗുജറാത്ത് സി.ഐ.ഡിയുടെ കണക്കുകള്‍ അനുസരിച്ച് 5000 കോടിയുടെ അഴിമതി നടന്നെന്നാണ് കോണ്‍ഗ്രസ് വക്താവ് ശക്തിസിന്‍ഹ് ഗോഹില്‍ മാധ്യമങ്ങളോട് പറഞ്ഞത്.
ചില സ്വതന്ത്ര ബ്ലോഗുകളില്‍ 88000 കോടിയുടെ ബിറ്റ്‌കോയിന്‍ ഇടപാട് നടത്തിയെന്നും പറയുന്നുണ്ട്. ഇടപാടുമായി ബന്ധപ്പെട്ട് ചില വ്യവസായികളെ ബി.ജെ.പി എം.എല്‍.എമാര്‍ ഭീഷണിപ്പെടുത്തിയെന്നും കോണ്‍ഗ്രസ് വക്താവ് ആരോപിച്ചു.
നോട്ടു നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനാണ് ബി.ജെ.പി നേതാക്കള്‍ ബിറ്റ്‌കോയിനെ ഉപയോഗപ്പെടുത്തിയത്. അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കില്‍ വന്‍ തുക നോട്ട് നിരോധനത്തിനു ശേഷം നിക്ഷേപിക്കപ്പെട്ടതിനെ കുറിച്ച് ബി.ജെ.പി മറുപടി പറയണം.
Also Read: ലോകകപ്പില്‍ സ്പാനിഷ് ലീഗിനെ തോല്‍പ്പിച്ച് ഇംഗ്ലീഷ് ലീഗ് താരങ്ങള്‍
വിവിധ തലങ്ങളിലാണ് ഗുജറാത്തിലെ ബിറ്റ്‌കോയിന്‍ അഴിമതി നടന്നത്. ബിറ്റ്‌കോയിന്‍ അഴിമതിയില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പങ്കുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഇന്ത്യയില്‍ ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി നേരത്തെ ആര്‍.ബി.ഐ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിരവധി തവണ നിരോധനം നീക്കാന്‍ ആവശ്യങ്ങള്‍ ഉയര്‍ന്നിട്ടും ആര്‍.ബി.ഐ തയ്യാറായിരുന്നില്ല.