കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്ന ബിഷപ്പുമാര്‍ വിചാരധാര വായിക്കണം, നിങ്ങളോട് പൊറുക്കണമോ വേണ്ടയോ എന്ന് കര്‍ത്താവ് തീരുമാനിക്കട്ടെ: ബിനോയ് വിശ്വം
Kerala News
കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്ന ബിഷപ്പുമാര്‍ വിചാരധാര വായിക്കണം, നിങ്ങളോട് പൊറുക്കണമോ വേണ്ടയോ എന്ന് കര്‍ത്താവ് തീരുമാനിക്കട്ടെ: ബിനോയ് വിശ്വം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th April 2024, 1:21 pm

തിരുവനന്തപുരം: കേരള സ്‌റ്റോറി പ്രദര്‍ശിപ്പിക്കുന്ന ബിഷപ്പുമാര്‍ ആര്‍.എസ്.എസിന്റെ വിചാരധാര വായിക്കണമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അവര്‍ ചെയ്യുന്നത് എന്താണെന്ന് അവര്‍ അറിയുന്നില്ലെന്നും അവരോട് പൊറുക്കണമോ വേണ്ടയോ എന്ന് കര്‍ത്താവ് തീരുമാനിക്കട്ടെ എന്നും ബിനോയ് വിശ്വം പറഞ്ഞു.

‘കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ തയ്യാറെടുക്കുന്ന ചില ബിഷപ്പുമാരുണ്ട്. എല്ലാവരുമില്ല, ചിലര്‍. അവര്‍ ദയവായി ആര്‍.എസ്.എസിന്റെ വിചാരധാര വായിക്കണം. അതില്‍ പറയുന്നുണ്ട്, ആദ്യത്തെ ശത്രു മുസ്‌ലിങ്ങള്‍, രണ്ടാമത്തെ ശത്രു ക്രിസ്ത്യാനികള്‍, മൂന്നാമത്തെ ശത്രു കമ്യൂണിസ്റ്റുകാര്‍ എന്ന്. റോമില്‍ നിന്നുള്ള പണം കൈപറ്റിക്കൊണ്ട് മതംമാറ്റം വഴി സമൂഹത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നവരാണ് ക്രിസ്ത്യാനികള്‍ എന്നാണ് അതില്‍ പറയുന്നത്.

ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് സദാചാര ബോധമുണ്ടാക്കാനും അവരാരും പ്രണയത്തില്‍ അകപ്പെട്ട് പോകാതിരിക്കാനുമുള്ള ഒറ്റമൂലിയായി കേരള സ്‌റ്റോറി കാണിക്കാന്‍ തിരക്ക് കൂട്ടുന്ന ബിഷപ്പുമാര്‍ ദയവായി വിചാരധാര വായിക്കണം. എല്ലാ സഭകളിലെയും ഭൂരിപക്ഷം ബിഷപ്പുമാരും ഇത് ചെയ്യുന്നില്ല. അവര്‍ വിചാരധാരയിലെ പരാമര്‍ശത്തെ കുറിച്ച് ബോധവാന്‍മാരാണ്.

നസ്രത്തില്‍ നിന്ന് നന്മ പ്രതീക്ഷിക്കരുതെന്നാണ് ക്രിസ്ത്യന്‍ വചനം. എന്നാല്‍ ചില അപൂര്‍വം ബിഷപ്പുമാര്‍ നസ്രത്തില്‍ നിന്ന് നന്മ പ്രതീക്ഷിക്കുന്നുണ്ട്. അവര്‍ ചെയ്യുന്നത് എന്താണെന്ന് അവര്‍ അറിയുന്നില്ല. അവരോട് പൊറുക്കണമോ വേണ്ടയോ എന്നത് കര്‍ത്താവ് തീരുമാനിക്കട്ടെ’, ബിനോയ് വിശ്വം പറഞ്ഞു.

content highlights: Bishops presenting Kerala Story should read Vicharadhara