കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചോദ്യം ചെയ്യല്‍ നാളെ പൂര്‍ത്തിയായേക്കുമെന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍. ചോദ്യം ചെയ്യലിന്റെ രണ്ടാം ദിവസമായ ഇന്നും ബിഷപ്പിനെ വിട്ടയച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു എസ്.പി.
കേസില്‍ ഇനിയും വിവരശേഖരണം നടത്താനുണ്ട്. നാളെ പത്തരയോടെ വീണ്ടും ബിഷപ്പിനെ ചോദ്യം ചെയ്യാനാരംഭിക്കും. അതിനു മുന്നോടിയായി ഇന്നു രാത്രി മൂന്നു സംഘങ്ങളായി ചേര്‍ന്ന് മൊഴിയില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ പരിശോധിക്കുമെന്നും എസ്.പി അറിയിച്ചു.
ചോദ്യം ചെയ്യല്‍ പൂര്‍ണമാകാത്ത സാഹചര്യത്തില്‍ അറസ്റ്റിനെക്കുറിച്ചു തീരുമാനിക്കാനാകില്ലെന്നും എസ്.പി കൂട്ടിച്ചേര്‍ത്തു. ബിഷപ്പ് നല്‍കിയ വിവരങ്ങളില്‍ തെറ്റുണ്ടോയെന്ന വിഷയത്തില്‍ അന്വേഷണ സംഘം ഇതേവരെ പരസ്യപ്രസ്താവന നടത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
Also Read: ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തു വിട്ടയച്ചു; മൊഴിയില്‍ വൈരുദ്ധ്യം, അറസ്റ്റ് ഇന്നില്ല
ചോദ്യം ചെയ്യല്‍ വിവര ശേഖരണത്തിനു സഹായകമാകുന്നുണ്ട്. ചെറിയ വിശദാംശങ്ങള്‍ പോലും വിട്ടുകളയാതെ, സമയമെടുത്താണ് ചോദ്യം ചെയ്യുന്നത്. അതിനാലാണ് ചോദ്യം ചെയ്യല്‍ രണ്ടു ദിവസമായിട്ടും പൂര്‍ത്തിയാകാത്തതെന്നും എസ്. പി ഹരിശങ്കര്‍ വിശദീകരിച്ചു.
എന്നാല്‍, അറസ്റ്റ് പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തോട് വ്യക്തമായി പ്രതികരിക്കാന്‍ എസ്.പി തയ്യാറായില്ല. അതേസമയം, അറസ്റ്റിനു നിയമതടസ്സമില്ലെന്ന നിയമോപദേശം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്. ഇതോടെ, ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ നാളെത്തന്നെ അറസ്റ്റുണ്ടായേക്കും എന്ന വിലയിരുത്തല്‍ ബലപ്പെടുകയാണ്.