തൃപ്പുണിത്തുറ: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ചോദ്യം ചെയ്തതിനു ശേഷം ബിഷപ്പിനെ വിട്ടയച്ചിട്ടുണ്ട്. തൃപ്പുണിത്തുറയിലെ കേന്ദ്രത്തില്‍ വച്ച് ഏഴു മണിക്കൂറോളമാണ് ഇന്നും ചോദ്യം ചെയ്തത്. ബിഷപ്പിന്റെ അറസ്റ്റ് ഇന്നുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
സാധാരണയില്‍ നിന്നും വ്യത്യസ്തമായി ക്രോസ് വിസ്താര രീതിയിലായിരുന്നു ഇന്നു ചോദ്യം ചെയ്യല്‍ നടന്നത്. മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നു കണ്ടെത്തിയതോടെ അറസ്റ്റിനായുള്ള നീക്കങ്ങള്‍ നടത്തുകയാണ് അന്വേഷണ സംഘം.
നടപടിക്രമങ്ങള്‍ക്കു മുന്നോടിയായി കൂടുതല്‍ പൊലീസിനെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ വിന്യസിച്ചതായും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, പരിശോധന തുടരുകയാണെന്നും ചോദ്യം ചെയ്യല്‍ നാളെയും തുടര്‍ന്നേക്കുമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നു. നിലവില്‍ അന്വേഷണസംഘം യോഗം ചേര്‍ന്നു കൊണ്ടിരിക്കുകയാണ്.
Also Read: ഫ്രാങ്കോ മുളയ്ക്കലിനെ രൂപതയുടെ ചുമതലകളില്‍ നിന്ന് വത്തിക്കാന്‍ നീക്കി
അറസ്റ്റു സംബന്ധിച്ച് പൊലീസ് നിയമോപദേശം തേടുന്നുമുണ്ട്. ഐ.ജി. വിജയ് സാക്കറെ ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ അഭിഭാഷകരെ കണ്ട് കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സുമന്‍ ചക്രവര്‍ത്തിയുമായാണ് ഐ.ജി കൂടിക്കാഴ്ച നടത്തിയത്.
അതേസമയം, ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധര്‍ രൂപതയുടെ ചുമതലകളില്‍ നിന്ന് മാറ്റിയിട്ടുണ്ട്. ബിഷപ്പിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് സി.ബി.സി.ഐ അധ്യക്ഷന്‍ വ്യക്തമാക്കിയിരുന്നു. തന്നെ രൂപതയുടെ ചുമതലകളില്‍ നിന്ന് മാറ്റണമെന്ന് ഫ്രാങ്കോ ദല്‍ഹിയിലുള്ള വത്തിക്കാന്‍ സ്ഥാനപതി മുഖേന മാര്‍പാപ്പയ്ക്ക് കത്ത് നല്‍കിയിരുന്നു.