| Friday, 17th September 2021, 2:34 pm

ബിഷപിന്റെ പ്രസംഗം വിവാദമാക്കുന്നത് വര്‍ഗീയവാദികള്‍; നാര്‍ക്കോട്ടിക് വിവാദം അടഞ്ഞ അധ്യായമെന്നും മന്ത്രി വി.എന്‍. വാസവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: പാല ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായി ചര്‍ച്ച നടത്തി സഹകരണവകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. നര്‍കോട്ടിക് വിവാദം അടഞ്ഞ അധ്യായമാണെന്നും പ്രസ്താവനയുടെ പേരില്‍ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ വര്‍ഗീയവാദികളാണെന്നും വാസവന്‍ പറഞ്ഞു.

ബിഷപുമായി നടത്തിയത് സൗഹൃദ സംഭാഷണമാണെന്നും നാര്‍ക്കോട്ടിക് വിവാദം ചര്‍ച്ചയായില്ലെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് – ബി.ജെ.പി നേതാക്കളുടെ സന്ദര്‍ശനം രാഷ്ട്രീയലക്ഷ്യമാണെന്നും അദ്ദേഹം ആരോപിച്ചു.

സഭയോടുള്ള സ്നേഹവും ആദരവും കൊണ്ടാണ് താന്‍ ബിഷപ്പിനെ സന്ദര്‍ശിച്ചത്. തന്റേത് സൗഹൃദ സന്ദര്‍ശനം മാത്രമാണ്. മന്ത്രിയായ ശേഷം ബിഷപ്പിനെ കാണാന്‍ സാധിച്ചിരുന്നില്ലെന്നും മന്ത്രി വിശദീകരിച്ചു.

സംസ്ഥാനത്തെ മതസൗഹാര്‍ദ്ദവും സമാധാനവും തകര്‍ക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും ഏതുതരത്തിലുള്ള മത വിദ്വേഷ പ്രചരണത്തെയും സര്‍ക്കാര്‍ ശക്തമായി നേരിടുമെന്നും വാസവന്‍ പറഞ്ഞു.

വര്‍ഗീയ ചേരിതിരിവ് ഉണ്ടാകാന്‍ ആരെയും അനുവദിക്കില്ല. ഭൂരിപക്ഷത്തിന്റെതായാലും ന്യൂനപക്ഷത്തിന്റെതായാലും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.

വിവാദത്തിന് ശ്രമിക്കുന്നത് വര്‍ഗീയവാദികളാണ്. സോഷ്യല്‍മീഡിയയില്‍ നടക്കുന്ന വിദ്വേഷപ്രചരണങ്ങളെ ശക്തമായി നേരിടുമെന്നും കുറ്റക്കാര്‍ക്കെതിരെ കൃത്യമായ നടപടികള്‍ സ്വീകരിക്കുമെന്നും വാസവന്‍ പറഞ്ഞു.

അതേസമയം മന്ത്രിയുടെ പരാമര്‍ശത്തിന് പിന്നാലെ വ്യാപക വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടി അനുകൂലികളില്‍ നിന്ന് തന്നെ ഉയരുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Bishop’s speech controversial by communalists; Narcotics controversy is a closed chapter, says Minister VN Vasavan

We use cookies to give you the best possible experience. Learn more