'ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കിയുള്ള പ്രണയക്കെണി യാഥാര്‍ത്ഥ്യം,' കണക്കുകള്‍ സഭയുടെ കൈവശമുണ്ട്: ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി
Kerala News
'ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കിയുള്ള പ്രണയക്കെണി യാഥാര്‍ത്ഥ്യം,' കണക്കുകള്‍ സഭയുടെ കൈവശമുണ്ട്: ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th September 2022, 11:47 am

തലശ്ശേരി: ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ലക്ഷ്യമാക്കിയുള്ള പ്രണയക്കെണി യാഥാര്‍ത്ഥ്യമാണെന്ന് തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. തലശ്ശേരി അതിരൂപയിലെ പള്ളികളില്‍ ഇടയലേഖനം വായിച്ചതിന് പിന്നാലെയാണ് നിലപാട് ആവര്‍ത്തിച്ച് ആര്‍ച്ച് ബിഷപ്പ് രംഗത്തെത്തിയത്.

വസ്തുതകളുടെ അടിസ്ഥാനത്തിലാണ് സഭ ഇക്കാര്യം പറയുന്നതെന്നും ബിഷപ്പ് പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രതികരണം.

‘പ്രണയക്കെണി പരാമര്‍ശം മതസ്പര്‍ധയുടെ വിഷയമായി കാണേണ്ടതില്ല. വഴിതെറ്റുന്ന മക്കളെ കുറിച്ചുള്ള മാതാപിതാക്കളുടെ സങ്കടമാണ് പരാമര്‍ശിച്ചത്. ഏതെങ്കിലും പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടല്ല പരാമര്‍ശം’, ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പ്രതികരിച്ചു.

പെണ്‍കുട്ടികളുടെ ഭാവിയെ സുരക്ഷിതമല്ലാത്ത രീതിയില്‍ വഴിതെറ്റിക്കുന്ന പ്രണയം യഥാര്‍ത്ഥ പ്രണയമല്ല. അതുകൊണ്ടാണ് പ്രണയക്കെണിയെന്ന് പറഞ്ഞത്. എത്രപേര്‍ ഇത്തരം കെണിയില്‍പ്പെട്ടിട്ടുണ്ടെന്ന് കൃത്യമായ കണക്കുകള്‍ സഭയുടെ കൈവശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു തലശ്ശേരി അതിരൂപതയിലെ പള്ളികളില്‍ ഇടയലേഖനം വായിച്ചത്. ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് തീവ്രവാദ സംഘടനകള്‍ ഒരുക്കുന്ന പ്രണയക്കുരുക്കുകള്‍ വര്‍ധിക്കുന്നതായി ഇടയലേഖനത്തില്‍ ആരോപിച്ചിരുന്നു. മക്കള്‍ ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ ബോധവല്‍ക്കരണം പ്രയോജനപ്പെടുത്തണമെന്ന ആഹ്വാനവും ഇടയലേഖനത്തിലുണ്ടായിരുന്നു.

ബഫര്‍സോണ്‍ വിഷയത്തില്‍ വനംവകുപ്പിനെയും ബിഷപ്പ് നിശിതമായി വിമര്‍ശിച്ചു. മലയോര കര്‍ഷകരുടെ വികാരവിചാരങ്ങളെ ശരിയായ രീതിയില്‍ മനസിലാക്കുന്നതിലും ഹരജികള്‍ പരമോന്നത നീതിപീഠത്തിന്റെ പക്കലെത്തിക്കുന്നതിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ ഉദാസീനത കാട്ടുകയാണ്.

കര്‍ഷക പക്ഷത്ത് നില്‍ക്കുന്നതില്‍ വനംവകുപ്പ് മുമ്പും കൃത്യവിലോപം കാണിച്ചിട്ടുണ്ട്. കര്‍ഷക വിരുദ്ധ നിലപാട് സ്വീകരിക്കുന്ന വനംവകുപ്പല്ല ഈ വിഷയം കൈകാര്യം ചെയ്യേണ്ടത്. കൃഷി വകുപ്പും റവന്യു വകുപ്പും ഇതില്‍ ഇടപെടണം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പ്രശ്നത്തെ വിലയിരുത്തേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തേയും ലവ് ജിഹാദ് ആരോപണങ്ങള്‍ ഉന്നയിച്ച് ക്രിസ്തീയ സഭകള്‍ രംഗത്തെത്തിയിരുന്നു. കത്തോലിക്കാ പെണ്‍കുട്ടികളെയും യുവാക്കളെയും നാര്‍ക്കോട്ടിക്-ലവ് ജിഹാദിന് ഇരയാക്കുന്നുവെന്ന് പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത് വലിയ വിവാദത്തിനാണ് വഴിവെച്ചത്. വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

പല കോണില്‍ നിന്നും പ്രസംഗത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യങ്ങളും ശക്തമായിരുന്നു. കല്‍ദായ സുറിയാനി സഭാധ്യക്ഷന്‍ ബിഷപ് മാര്‍ അപ്രേം, മലങ്കര യാക്കോബായ സഭ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് അടക്കം ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയില്‍ നിന്നുതന്നെ ഇതിനെതിരെ വിമര്‍ശനമുയര്‍ന്നതും ശ്രദ്ധേയമായിരുന്നു.

അതേസമയം, കേരളത്തില്‍ ലവ് ജിഹാദിന് യാതൊരു തെളിവും ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയുടെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നത്. സംസ്ഥാന സര്‍ക്കാരും ബി.ജെ.പി ഒഴികെയുള്ള മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും നേരത്തെ ലവ് ജിഹാദിനെ തള്ളിപ്പറഞ്ഞിരുന്നു.

Content Highlight: Bishop Joseph Pamplany says love trap is real