| Tuesday, 8th September 2020, 11:59 am

'തീവ്രവാദഗ്രൂപ്പുകളുമായി സഖ്യത്തിലാണ് മുസ്‌ലിം ലീഗ്; മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിന് കൂട്ടുനില്‍ക്കുന്നു' : കെ.സി.ബി.സി ജാഗ്രത കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലെ മുസ്‌ലിം ലീഗ് മതേതര പരിവേഷം അഴിച്ചുവെച്ച് തീവ്രവാദ ഗ്രൂപ്പുകളുമായി സന്ധിയിലേര്‍പ്പെടുകയാണെന്ന് കെ.സി.ബി.സി ജാഗ്രത കമ്മീഷന്‍. ഈ മാറ്റത്തിന് കൂട്ടുനില്‍ക്കുന്നത് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും സമൂഹത്തിലെ ബുദ്ധിജീവികളുമാണെന്നാണ് പ്രധാന വിമര്‍ശനം.

കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും തീവ്രവാദഗ്രൂപ്പുകളുമായി ബന്ധമുണ്ടായിരിക്കാം. അതിനാലാവാം അവര്‍ ലീഗിന്റെ മാറ്റത്തില്‍ മൗനം പാലിക്കുന്നതെന്ന് കെ.സി.ബി.സി ജാഗ്രത സമിതി ചെയര്‍മാന്‍ ബിഷപ്പ് ജോസഫ് കരിയില്‍ ആരോപിച്ചു.

ഓര്‍ത്തുപറയലുകളെ ശ്രദ്ധിക്കുക എന്ന തലക്കെട്ടില്‍ സെപ്റ്റംബര്‍ ലക്കം ജാഗ്രത ന്യൂസില്‍ എഴുതിയ ലേഖനത്തിലാണ് മുസ്‌ലിം ലീഗിന് തീവ്രഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നാരോപിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ലീഗ് സഖ്യത്തിലേര്‍പ്പെടുന്നതിനെയും ലേഖനം വിമര്‍ശിക്കുന്നു.

തുര്‍ക്കിയിലെ ഹയ സോഫിയ മുസ്‌ലിം പള്ളിയാക്കിയ തീരുമാനത്തെ ലീഗ് പിന്തുണച്ചതിനെയും ലേഖനത്തില്‍ ചോദ്യം ചെയ്യുന്നുണ്ട്. സ്വന്തം അണികളുടെ കൊഴിഞ്ഞുപോക്കിന് തടയിടാനാണോ ഇത്തരത്തില്‍ തീവ്രവാദ പ്രസ്ഥാനങ്ങളുമായി സഖ്യത്തിലേര്‍പ്പെടുന്നതെന്ന് ജോസഫ് കരിയില്‍ ചോദിക്കുന്നു.

അതേസമയം കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തീവ്രവാദ പ്രസ്ഥാനങ്ങളുമായി പരസ്പര സഹായത്തിന്റ അന്തര്‍ധാരയുണ്ടന്നും ലേഖനത്തില്‍ ആരോപിക്കുന്നുണ്ട്.

മുമ്പ് സമാനമായി മുസ്‌ലിം പരാമര്‍ശവുമായി ഫാദര്‍ സേവ്യര്‍ ഖാന്‍ വട്ടായില്‍ രംഗത്തെത്തിയിരുന്നു. കേരളത്തില്‍ ജിഹാദി തീവ്രവാദ ഗ്രൂപ്പുകളുമായി രാഷ്ട്രീയ പാര്‍ട്ടികളും ചിന്തകരും മാധ്യമങ്ങളും അന്തര്‍ധാരയിലാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വിമര്‍ശനം.

കേരളത്തിലേക്ക് മുസ്ലിം സമുദായത്തിന്റെ കുടിയേറ്റമുണ്ടായാല്‍ സംസ്ഥാനത്തെ സന്തുലിതാവസ്ഥ നഷ്ടപ്പെടുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കേരളത്തില്‍ ക്രിസ്ത്യന്‍ വംശഹത്യ വ്യാപകമാകുന്നുവെന്നും ഫാദര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കേരളത്തിലെ ഇന്നത്തെ സ്ഥിതിഗതികള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും തീവ്രവാദ സ്വഭാവമുള്ള ഗ്രൂപ്പുകള്‍ എല്ലാ തലങ്ങളിലേക്കും വ്യാപിക്കുകയാണെന്നും ഫാദര്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ ഒരു വിഭാഗം അതിതീവ്ര സ്വഭാവം കാണിച്ച് ക്രിസ്തീയ സമൂഹത്തെ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights: bishop joseph kariyil slams muslim league

We use cookies to give you the best possible experience. Learn more