കോഴിക്കോട്: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആരോഗ്യസൗഖ്യം നേര്‍ന്ന് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. കൊടിയേരി ഹൃദയംകൊണ്ട് സംസാരിക്കുന്ന ജനകീയ നേതാവാണെന്നും പൂര്‍ണ ആരോഗ്യം വീണ്ടെടുത്ത് കൂടുതല്‍ ശക്തിയോടെ പൊതുരംഗത്ത് പ്രവര്‍ത്തിക്കാന്‍ സഖാവിന് സാധിക്കട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
‘എനിക്ക് ഏറെ ഇഷ്ടമുള്ള രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് ശ്രീ. കോടിയേരി ബാലകൃഷ്ണന്‍. ഹൃദയംകൊണ്ട് സംസാരിക്കുകയും മനുഷ്യപ്പറ്റോടെ ഇടപെടുകയും ചെയ്യുന്ന അടിമുടി ജനകീയനായ നേതാവ്.
സഖാവിനെ കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തില്‍ കണ്ടപ്പോള്‍ സങ്കടം തോന്നി. പൂര്‍ണ ആരോഗ്യം വീണ്ടെടുത്ത് കൂടുതല്‍ ശക്തിയോടെ പൊതുരംഗത്ത് പ്രവര്‍ത്തിക്കുവാന്‍ സഖാവിന് സാധിക്കട്ടെ. പ്രാര്‍ത്ഥനകള്‍ ഒപ്പമുണ്ടാകും,’ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചു.
വെള്ളിയാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ കോടിയേരിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലനും സന്നിഹിതനായിരുന്നു. ക്ഷീണിതനായി അനുഭവപ്പെട്ടിരുന്നെങ്കിലും മാധ്യമപ്രവര്‍ത്തകരുടെ എല്ലാ ചോദ്യങ്ങള്‍ക്കും വ്യക്തമായ ഭാഷയില്‍ തന്നെയാണ് കോടിയേരി ഉത്തരം നല്‍കിയത്.
കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ചുള്ള കമന്റുകളും, വിശ്രമം നിര്‍ദേശിച്ചുള്ള കമന്റുകളും വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോക്ക് താഴെ വന്നിരുന്നു. ഇതിനിടെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്ന കോടിയേരിയുടെ ആരോഗ്യ സ്ഥിതിക്കെതിരെ വന്ന വലിയ രൂപത്തിലുള്ള വിദ്വേഷ കമന്റുകളും ചര്‍ച്ചയായിരുന്നു.
CONTENT HIGHLIGHTS: Bishop Geevarghese Coorilos wished good health to CPIM State Secretary Kodiyeri Balakrishnan