കൊച്ചി: പൊലീസിനെതിരെ കോടതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പരാതി. രക്തവും ഉമിനീരും അനുമതിയില്ലാതെ പൊലീസ് എടുത്തുവെന്നാണ് ബിഷപ്പിന്റെ ആരോപണം.
കസ്റ്റഡിയെ എതിര്‍ത്തുകൊണ്ട് ബിഷപ്പ് നല്‍കിയ ജാമ്യാപേക്ഷയിലാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്. കസ്റ്റഡി അനുവദിക്കരുതെന്നും ബിഷപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് ദിവസം പൊലീസ് ചോദ്യം ചെയ്തു. അതിനാല്‍ കസ്റ്റഡിയില്‍ നല്‍കരുതെന്നാണ് ബിഷപ്പിന്റെ വാദം.
അഡ്വ. ബി. രാമന്‍പിള്ളയാണ് ബിഷപ്പിനുവേണ്ടി ഹാജരാവുന്നത്.
ഇന്ന് ഉച്ചയോടെയാണ് ബിഷപ്പിനെ പാലാ കോടതിയില്‍ എത്തിച്ചത്. പാലാ മജിസ്‌ട്രേറ്റ് കോടതിയിലാണ് ബിഷപ്പിനെ ഹാജരാക്കാനായി കൊണ്ടുവന്നത്.
കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് ബിഷപ്പിനെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. പാലാ താലൂക്ക് ആശുപത്രിയിലായിരിക്കും വൈദ്യ പരിശോധന നടത്തുക.
ബിഷപ്പിനെ മൂന്നുദിവസം കസ്റ്റഡിയില്‍ വേണമെന്ന് കോടതിയില്‍ പൊലീസ് ആവശ്യപ്പെട്ടു. രണ്ടുതവണ ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അധികാരം ഉപയോഗിച്ച് ബിഷപ്പ് ഭീഷണിപ്പെടുത്തുകയായിരുന്നു. എതിര്‍ത്താല്‍ സഭ വിട്ടു പോകേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും ബിഷപ്പിന്‍രെ വസ്ത്രങ്ങളും ലാപ്‌ടോപ്പും കണ്ടെത്തേണ്ടതുണ്ടെന്നും അതിനാല്‍ കസ്റ്റഡിയില്‍ വിടണമെന്നുമാണ് പൊലീസ് ആവശ്യപ്പെട്ടത്.