| Monday, 17th September 2018, 7:49 am

ഭരണച്ചുമതലയില്‍നിന്ന് ഒഴിവാക്കണം: മാര്‍പാപ്പയ്ക്കു ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കത്തയച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ജലന്തര്‍ രൂപതയുടെ ഭരണച്ചുമതലയില്‍നിന്നു താല്‍ക്കാലികമായി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ മാര്‍പാപ്പയ്ക്ക് കത്തയച്ചു. തനിക്കെതിരായ കന്യാസ്ത്രീയുടെ ആരോപണങ്ങള്‍ നിഷേധിക്കുന്ന ബിഷപ്, നിയമനടപടികളുമായി സഹകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കേസിന്റെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതിനാലാണ് ഭരണച്ചുമതലയില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടിസ് നല്‍കിയിട്ടുണ്ട്. 19ന് കേരളത്തിലെത്തുമെന്നും ബിഷപ് കത്തില്‍ പറയുന്നു.


ന്യൂഡല്‍ഹിയിലെ വത്തിക്കാന്‍ സ്ഥാനപതിക്കാണ് കത്തു കൈമാറിയത്. അതേസമയം, ബിഷപ് പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ പൊലീസ് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഹൈക്കോടതി ജംഗ്ഷനില്‍ നടന്നുവരുന്ന അനിശ്ചിതകാല സമരം പത്താം ദിവസത്തിലേക്കു കടന്നു.

രാവിലെ കന്യാസ്ത്രീയുടെ സഹോദരി നിരാഹാരം ആരംഭിക്കും. വൈകീട്ട് എഴുത്തുകാരി പി ഗീതയും നിരാഹാരം തുടങ്ങും. നിരാഹാര സമരം നടത്തിയ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ഭാരവാഹി സ്റ്റീഫന്‍ മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


സമരത്തിന്റെ മൂന്നാം ദിവസമാണ് ഇദ്ദേഹം നിരാഹാരം ആരംഭിച്ചത്. ശനിയാഴ്ച നിരാഹാരം ആരംഭിച്ച ക്രിസ്ത്യന്‍ റവല്യൂഷണറി മൂവ്‌മെന്റ് അംഗം അലോഷ്യ ജോസഫ് സമരം തുടരുന്നു.

We use cookies to give you the best possible experience. Learn more