| Saturday, 22nd February 2020, 7:59 am

ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ വിടുതല്‍ ഹരജി പരിഗണിക്കും: ഫ്രാങ്കോ ഇപ്രാവശ്യവും കോടതിയിലെത്തില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളക്കലനിതെരെയുള്ള ലൈംഗികാക്രമണക്കേസില്‍ ഫ്രാങ്കോ നല്‍കിയ ഹരജിയില്‍ കോടതി ശനിയാഴ്ച വാദം കേള്‍ക്കുന്നു. കേസിന്റെ വിചാരണ തുടങ്ങും മുന്‍പേ തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് വാദം നടക്കുക.

ഇപ്രാവശ്യവും ഫ്രാങ്കോ മുളക്കല്‍ കോടതിയില്‍ ഹാജരാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍പ് നാല് തവണ കേസ് പരിഗണിച്ചപ്പോഴും ഫ്രാങ്കോ ഹാജരായിരുന്നില്ല. കോട്ടയം ജില്ലാ അഡീഷണല്‍ കോടതിയിലാണ് കേസ് പരിഗണിക്കുന്നത്. ഫ്രാങ്കോയുടെ വിടുതല്‍ ഹരജിക്ക് പുറമേ ഈ ഹരജിക്കെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ തടസ്സ ഹരജികളും പരിഗണിക്കും.

ഫ്രാങ്കോ മുളയ്ക്കലിനെതിരെ 2018 ജൂണ്‍ 26നാണ് കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ കന്യാസ്ത്രീ പരാതി നല്‍കിയത്. തുടര്‍ന്ന് സെപ്റ്റംബര്‍ 21ന് ബിഷപ്പിനെ അറസ്റ്റു ചെയ്തു. 25 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ഫ്രാങ്കോ ജാമ്യത്തിലിറങ്ങി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫ്രാങ്കോ തന്നെയും ലൈംഗികമായി ആക്രമിച്ചെന്ന് കഴിഞ്ഞ ദിവസം ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ കേസിലെ 14ാം സാക്ഷിയായ കന്യാസ്ത്രീ
മൊഴി നല്‍കിയിരുന്നു.

മഠത്തില്‍ വെച്ച് ബിഷപ്പ് കടന്നുപിടിച്ചെന്നും വീഡിയോ കോളിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നുമാണ് മൊഴി. എന്നാല്‍ മൊഴിയില്‍ ബിഷപ്പിനെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗികാരോപണ കേസില്‍ 80 ഓളം കന്യാസ്ത്രീകളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അതില്‍ 14ാം
സാക്ഷിയായ കന്യാസ്ത്രീയാണ് അതിഗുരുതരമായ ആരോപണം ബിഷപ്പിനെതിരെ ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തരമൊരു സാക്ഷിമൊഴി മറ്റൊരു എഫ്.ഐ.ആര്‍ ആയി രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താതെ അത് സാക്ഷിമൊഴിയായി കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു പൊലീസ്.

DoolNews Video

We use cookies to give you the best possible experience. Learn more