ജോധ്പൂര്‍: മാതൃത്വത്തിന് അതിര്‍വരമ്പുകളില്ലെന്ന് തെളിയിച്ചുകൊണ്ട് മാന്‍കുഞ്ഞിനെ മുലയൂട്ടുന്ന ഒരു രാജസ്ഥാനി യുവതിയുടെ ചിത്രം വൈറലാകുന്നു. പരമ്പരാഗത ബാന്ദ്‌നി ലെഹംഗയും ആഭരണങ്ങളുമണിഞ്ഞാണ് യുവതി മാന്‍കുഞ്ഞിന് മുലയൂട്ടുന്നത്.
പ്രശസ്ത ഷെഫായ വികാസ് ഖന്നയാണ് മാന്‍കുഞ്ഞിനെ മുലയൂട്ടുന്ന യുവതിയുടെ ചിത്രം ഇന്‍സ്റ്റഗ്രാം,ട്വിറ്റര്‍ പേജുകളിലൂടെ ഷെയര്‍ ചെയ്തത്. മനുഷ്യത്വത്തിന്റെ ഏറ്റവും മഹത്തരമായൊരു രൂപമാണ് അനുകമ്പ എന്ന ക്യാപ്ഷനോടെയായിരുന്നു അദ്ദേഹം ചിത്രം പങ്കു വെച്ചത്.
ഇതോടെ യുവതിയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. രാജസ്ഥാനിലെ ജോധ്പുരില്‍ വച്ചാണ് ചിത്രം പകര്‍ത്തിയത്. ബിലോവ്ഡ് ഇന്ത്യ എന്ന പേരില്‍ വരാനിരിക്കുന്ന ഒരു പ്രൊജക്ടിന്റെ ഭാഗമായി രാജസ്ഥാനില്‍ ഗവേഷണത്തിനെത്തിയതായിരുന്നു വികാസ് ഖന്ന.
അതിനിടയിലാണ് മാന്‍കുഞ്ഞിനെ മുലയൂട്ടുന്ന യുവതി വികാസിന്റെ ശ്രദ്ധയില്‍ പെട്ടത്. യുവതി ആദ്യമായിട്ടല്ല ഇത്തരത്തില്‍ മാന്‍കുഞ്ഞിന് മുലയൂട്ടുന്നത്. ഇതിന് മുമ്പും അനാഥരായ, പരിക്കുകള്‍ പറ്റിയ മാന്‍കുഞ്ഞുങ്ങളെ യുവതി സംരക്ഷിച്ചിട്ടുണ്ട്.
ബിഷ്‌ണോയി സമുദായക്കാരിയാണ് യുവതി. മൃഗങ്ങളോടും പരിസ്ഥിതിയോടും ബിഷ്‌ണോയി സമുദായക്കാര്‍ക്കുള്ള സ്‌നേഹം പ്രശസ്തമാണ്. ഈ സമുദായത്തിലെ സ്ത്രീകള്‍ സ്വന്തം കുഞ്ഞിനെയെന്ന പോലെയാണ് മാന്‍കുഞ്ഞുങ്ങളെ സംരക്ഷിച്ചുപോരുന്നത്.