| Wednesday, 15th May 2024, 4:02 pm

സല്‍മാന്‍ഖാന്‍ ക്ഷേത്രത്തില്‍ വന്ന് മാപ്പുപറഞ്ഞ് പ്രതിജ്ഞയെടുത്താല്‍ ക്ഷമിക്കുന്നത് പരിഗണിക്കാം: ബിഷ്‌ണോയ് സൊസൈറ്റി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ സല്‍മാന്‍ഖാന്‍ ക്ഷേത്രത്തില്‍ വന്ന് മാപ്പു പറഞ്ഞാല്‍ ക്ഷമിക്കുന്നത് പരിഗണിക്കാമെന്ന് ബിഷ്‌ണോയ് സൊസൈറ്റി. കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തിലാണ് മാപ്പു പറഞ്ഞാല്‍ അദ്ദേഹത്തോട് ക്ഷമിക്കുന്നത് പരിഗണിക്കാമെന്ന് ഓള്‍ ഇന്ത്യ ബിഷ്‌ണോയ് സൊസൈറ്റി പ്രസിഡന്റ് ദേവേന്ദ്ര ബുദിയ അറിയിച്ചത്.

ക്ഷേത്രത്തില്‍ വന്ന് മാപ്പ് പറയുന്നതിന് പുറമെ ഇനി ഈ തെറ്റ് ആവര്‍ത്തിക്കില്ലെന്നും വന്യജീവികളെയും പരിസ്ഥിതിയെയും സംരക്ഷിക്കുമെന്നും പ്രതിജ്ഞയെടുക്കണമെന്നും ബുദിയ ആവശ്യപ്പെട്ടു.

1998ലായിരുന്നു തന്റെ സിനിമയുടെ ഷൂട്ടിങ്ങിനിടെ ജോധ്പൂരിനടുത്ത് വെച്ച് സല്‍മാന്‍ഖാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയത്. പിന്നാലെ ബിഷ്ണോയ് സമുദായത്തിലെ ആളുകള്‍ താരത്തിന് എതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരുന്നു. കേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സല്‍മാന്‍ഖാന് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചെങ്കിലും പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു.

കഴിഞ്ഞ മാസം താരത്തിന്റെ വീടിന് നേരെ രണ്ടുപേര്‍ വെടിവെച്ച സംഭവത്തിന് പിന്നാലെ ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ ആളുകളെയായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. അതോടെ സല്‍മാന്‍ഖാന്റെ മുന്‍ കാമുകിയായിരുന്ന സോമി അലി ബിഷ്ണോയ് സമുദായത്തോട് മാപ്പ് പറഞ്ഞിരുന്നു.

ഇതിലാണ് ഓള്‍ ഇന്ത്യ ബിഷ്‌ണോയ് സൊസൈറ്റി പ്രസിഡന്റ് ദേവേന്ദ്ര ബുദിയ തന്റെ പ്രതികരണവുമായി വന്നത്. സോമി അലിയല്ല ഇവിടെ തെറ്റ് ചെയ്തതെന്നും താരത്തിന് വേണ്ടി മറ്റാരും മാപ്പ് പറയേണ്ടെന്നും ബുദിയ അറിയിച്ചു. സല്‍മാന്‍ഖാന്‍ തന്നെ ക്ഷേത്രത്തില്‍ വന്ന് മാപ്പ് പറഞ്ഞ് ഇനിയൊരിക്കലും തെറ്റ് ചെയ്യില്ലെന്ന് പ്രതിജ്ഞയെടുത്താല്‍ ക്ഷമിക്കുന്നത് പരിഗണിക്കാമെന്നാണ് ബുദിയ പ്രതികരിച്ചത്.

Content Highlight: Bishnoi Society Demands An Apology From Salman Khan

We use cookies to give you the best possible experience. Learn more