ന്യൂദല്‍ഹി: ഫിറോസ് ഷാ കോട്‌ലാ മൈതാനത്ത് മുന്‍മന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രതിമ സ്ഥാപിക്കുന്നതില്‍ പ്രതിഷേധിച്ച് മുന്‍ ക്രിക്കറ്റ് താരം ബിഷന്‍ സിംഗ് ബേദി ദല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അംഗത്വം രാജിവെച്ചു. തന്റെ പേര് മൈതാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും ബേദി ആവശ്യപ്പെട്ടു.
ഡി.ഡി.സി.എയുടെ സംസ്‌കാരം കുടുംബവാഴ്ചയായി മാറിയിരിക്കുന്നുവെന്നും ക്രിക്കറ്റ് ഭരണകര്‍ത്താക്കള്‍ ക്രിക്കറ്റ് താരങ്ങളേക്കാള്‍ പ്രാമുഖ്യമുള്ളവരായി മാറുന്ന കാഴ്ചയാണ് അസോസിയേഷനിലെന്നും ബേദി പറഞ്ഞു.
1999 മുതല്‍ 2003 വരെ 14 വര്‍ഷം അരുണ്‍ ജെയ്റ്റ്‌ലി ഡി.ഡി.സി.എ പ്രസിഡണ്ടായിരുന്നു. എന്നാല്‍ ഇക്കാലമത്രയും സ്ഥാപിത താത്പര്യത്തിന് പുറത്തായിരുന്നു ക്രിക്കറ്റ് ഭരണമെന്ന് ബേദി ആരോപിച്ചു.
‘അതില്‍ പ്രതിഷേധിച്ച് പലവട്ടം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. ഒട്ടും മാതൃകയാകാത്ത ഒരു ഭരണകര്‍ത്താവിന്റെ പ്രതിമ സ്റ്റേഡിയത്തിന് പുറത്ത് സ്ഥാപിക്കുന്നതിനെ എതിര്‍ക്കുക തന്നെ ചെയ്യും’, ബിഷന്‍ സിംഗ് ബേദി പറഞ്ഞു.
‘ലോര്‍ഡ്സില്‍ ഡബ്ല്യു.ജെ ഗ്രേസ്, ഓവലില്‍ സര്‍ ജാക്ക് ഹോബ്സ്, സിഡ്നിയില്‍ ബ്രാഡ്മാന്‍, ബാര്‍ഡഡോസില്‍ ഗാരി സോബേഴ്സ്, എം.സി.ജിയില്‍ ഷെയിന്‍ വോണ്‍ എന്നിവരുടെ പ്രതിമകള്‍ കാണാം. അത് ക്രിക്കറ്റിന്റെ സ്പിരിറ്റ് എക്കാലവും നിര്‍ത്താന്‍ ഉപകരിക്കും. സ്പോര്‍ട്ടിംഗ് അറീനകള്‍ സ്പോര്‍ട്സിലെ റോള്‍ മോഡല്‍സിനുള്ളതാണ്. ഭരണകര്‍ത്താക്കളുടെ സ്ഥാനം ഗ്ലാസ് കാബിനുള്ളിലാണ് – ബേദി പറഞ്ഞു.
ഇന്ത്യക്കായി 67 ടെസ്റ്റുകള്‍ കളിച്ച ബിഷന്‍ സിംഗ് ബേദി 266 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 22 ടെസ്റ്റുകളില്‍ ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നു ബേദി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക