| Monday, 16th September 2019, 6:49 pm

വില്‍പ്പന കുത്തനെ കുറഞ്ഞു; ജി.എസ്.ടി കുറയ്ക്കണമെന്ന് ബിസ്‌കറ്റ് നിര്‍മാതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സാമ്പത്തിക മാന്ദ്യം ബിസ്‌ക്കറ്റ് വില്‍പ്പനാ മേഖലയെ സാരമായി ബാധിക്കുന്നതായി റിപ്പോര്‍ട്ട്. ബിസ്‌ക്കറ്റിന്റെ വില്‍പ്പന കുത്തനെ കുറഞ്ഞതോടെ ചരക്ക് സേവന നികുതി (ജി.എസ്.ടി) കുറയ്ക്കണമെന്ന് ബിസ്‌കറ്റ് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടു.

നികുതി 18 ശതമാനത്തില്‍ നിന്നും അഞ്ചു ശതമാനമാക്കണമെന്നാണ് നിര്‍മാതാക്കളുടെ ആവശ്യം. അഞ്ചു രൂപ വിലയുള്ള ബിസ്‌ക്കറ്റിന്റെ പോലും വില്‍പ്പന കുറഞ്ഞതോടെയാണ് ആശ്വാസ നടപടികള്‍ ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.

2017ലാണ് ബിസക്കറ്റിന്റെ നികുതി 18 ശതമാനമാക്കി ഉയര്‍ത്തിയത്. നൂറ് രൂപക്ക് താഴെ വിലയുള്ള ബിസ്‌ക്കറ്റുകള്‍ക്കുള്ള ജി.എസ്.ടി അഞ്ചു ശതമാനമാക്കണമെന്നാണ് നിര്‍മാതാക്കളുടെ ആവശ്യം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

100 രൂപക്ക് മുകളില്‍ വിലയുള്ളവക്ക് 18 ശതമാനം നികുതി അടയ്ക്കാവുന്നതാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ മാസം 20നു ചേരുന്ന ജി.എസ്.ടി കൗണ്‍സിലില്‍ നികുതി കുറയ്ക്കുന്ന കാര്യം പരിഗണിക്കണമെന്നാണ് നിര്‍മാതാക്കളുടെ ആവശ്യം.

ജി.എസ്.ടി വന്നതോടെ വില കൂട്ടേണ്ട സാഹചര്യം ഉണ്ടായെങ്കിലും ഓരോ പാക്കറ്റുകളിലെയും ബിസ്‌ക്കറ്റുകളുടെ എണ്ണം കുറച്ചാണ് കമ്പനികള്‍ ഇതിനെ നേരിട്ടത്. എന്നാല്‍ ഇത് വില്‍പ്പനയെ ബാധിച്ചുവെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

വില്‍പ്പന കുറഞ്ഞത് മൂലം രാജ്യത്തെ ഏറ്റവും വലിയ ബിസ്‌ക്കറ്റ് നിര്‍മാതാക്കളായ പാര്‍ലെ ജി 10,000 ജീവനക്കാരെ പിരിച്ചു വിടുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. 40 ഓളം വന്‍കിട ബിസ്‌ക്കറ്റ് നിര്‍മാതാക്കളാണ് രാജ്യത്തുള്ളത്. 31,200 കോടി രൂപ മൂല്യമുള്ളതാണ് രാജ്യത്തെ ബിസ്‌ക്കറ്റ് വിപണി.

We use cookies to give you the best possible experience. Learn more