രണ്ടായിരത്തിനപ്പുറം നേടിയ രണ്ട് ലോകകപ്പ് ഫൈനലില്‍ നിങ്ങളില്ലായിരുന്നെങ്കില്‍!
Sports News
രണ്ടായിരത്തിനപ്പുറം നേടിയ രണ്ട് ലോകകപ്പ് ഫൈനലില്‍ നിങ്ങളില്ലായിരുന്നെങ്കില്‍!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 14th October 2022, 9:42 pm

2000ന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട സുവര്‍ണ നിമഷങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് രണ്ട് ലോക കിരീടങ്ങളാണ്. ഒന്ന് 2007ലെ പ്രഥമ ടി20 ലോകകപ്പാണെങ്കില്‍ രണ്ടാമത്തേത് 2011 ലെ ലോകകപ്പ് കിരീട നേട്ടമാണ്.

ഈ രണ്ട് ലോകകപ്പിലേയും നിര്‍ണായകമായ ഫൈനലുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് ഗൗതം ഗംഭീര്‍. ഗംഭീര്‍ വെള്ളിയാഴ്ച അദ്ദേഹത്തിന്റെ 41ാം പിറന്നാള്‍ ആഘോഷിക്കുമ്പോഴും ഈ നേട്ടങ്ങളെക്കുറിച്ചാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്. ഗംഭീറില്ലായിരുന്നില്ലെങ്കില്‍ ഈ രണ്ട് കിരീടങ്ങളും ഇന്ത്യക്ക് നേടാനാകില്ലെന്നായിരുന്നു ഈ ദിവസം ആരാധകര്‍ പറയുന്നത്.

ഗംഭീറിന്റെ തകര്‍പ്പന്‍ പ്രകടനമാണ് 2007ലെ ടി20 ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. 54 പന്തില്‍ 75 റണ്‍സാണ് നിര്‍ണായക ഫൈനലില്‍ ഗംഭീര്‍ അടിച്ചുകൂട്ടിയത്.

2011ലെ ഏകദിന ലോകകപ്പ് ഫൈനലിലും ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ഗംഭീറായിരുന്നു. മൂന്നാമനായി ഇറങ്ങി 97 റണ്‍സാണ് ഗംഭീര്‍ നേടിയത്. സച്ചിന്‍ ടെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗും ചെറിയ സ്‌കോറില്‍ മടങ്ങിയപ്പോള്‍ ഗംഭീറിന്റെ ഇന്നിങ്സാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് പിടിച്ചുനിര്‍ത്തിയത്.

എന്നാല്‍ അവസാന ഓവറുകളില്‍ നല്ല പ്രകടനം കാഴ്ചവെച്ച് സിക്സറിലൂടെ ഫിനിഷ് ചെയ്ത് ധോണി ഹീറോയായപ്പോള്‍ ഗംഭീറിന്റെ പ്രകടനത്തിന് സ്വീകാര്യത ലഭിച്ചില്ലെന്ന് അദ്ദേഹത്തിന് തന്നെ പരാതിയുണ്ട്.

‘1983ല്‍ ഇന്ത്യ ആദ്യമായി ലോകകപ്പ് ജയിച്ചപ്പോള്‍ എവിടെ നോക്കിയാലും കപില്‍ ദേവായിരുന്നു ചര്‍ച്ചാ വിഷയം. 2007ലും 2011ലും ലോകകപ്പ് ജയിച്ചപ്പോള്‍ അത് ധോണിയായി എന്നു മാത്രം. ആരാണ് ഈ ചര്‍ച്ചയൊക്കെ ഉണ്ടാക്കിയത്. കളിക്കാരോ ബി.സി.സി.ഐയോ അല്ലെന്നുറപ്പാണ്. ഇന്ത്യന്‍ ക്രിക്കറ്റിനെ ഏതാനും കളിക്കാര്‍ ഭരിക്കുന്ന അവസ്ഥ ഉണ്ടാകരുത്.

എല്ലാ കളിക്കാരെയും ഒരുപോലെ പരിഗണിക്കണം. രണ്ടോ മൂന്നോ കളിക്കാര്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ അധികാരികളാകുന്ന സാഹചര്യമുണ്ട്. അങ്ങനെയാവരുത്, ഡ്രസിങ് റൂമിലെ 15പേരും ചേര്‍ന്നാണ് കളി ഭരിക്കേണ്ടത്,’ എന്നായിരുന്നു ഈയടുത്ത് ഇതുസംബന്ധിച്ച ഒരു പ്രതികരണത്തില്‍ പറഞ്ഞത്.

സജീവ ക്രക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച് അദ്ദേഹം പാര്‍ലമെന്റ് എം.പിയായിട്ടുണ്ട്. നിലവില്‍ അവതാരകനായും കമന്റേറ്ററായുമെല്ലാം ഗംഭീര്‍ ക്രിക്കറ്റില്‍ സജീവമാണ്.