'ഇതിഹാസത്തിനു ആദരം'; പിറന്നാള്‍ ദിനത്തില്‍ സച്ചിന്റെ ഐ.പി.എല്‍ സെഞ്ച്വറി വീഡിയോയുമായി ഐ.പി.എല്‍; ഏറ്റെടുത്ത് ആരാധകര്‍; വീഡിയോ കാണാം
IPL
'ഇതിഹാസത്തിനു ആദരം'; പിറന്നാള്‍ ദിനത്തില്‍ സച്ചിന്റെ ഐ.പി.എല്‍ സെഞ്ച്വറി വീഡിയോയുമായി ഐ.പി.എല്‍; ഏറ്റെടുത്ത് ആരാധകര്‍; വീഡിയോ കാണാം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 24th April 2018, 11:16 am

 

മുംബൈ: ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ന് 45 ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. കളിക്കളത്തില്‍ നിന്നു വിരമിച്ചെങ്കിലും ഇന്നും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് സച്ചിന്‍ രമേഷ് ടെണ്ടുല്‍ക്കര്‍. ക്രിക്കറ്റിന്റെ വിവിധ ഫോര്‍മാറ്റുകളിലായി നിരവധി സെഞ്ച്വറികള്‍ അടിച്ചുകൂട്ടിയ സച്ചിന്‍ ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതല്‍ റണ്‍സിനുടമയാണ്.

ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡുകള്‍ക്ക് പുറമേ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയും മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പേരിലാണ്. ഇന്ന് സച്ചിന്‍ 45ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ സച്ചിന്റെ ഐ.പി.എല്‍ സെഞ്ച്വറിയുടെ വീഡിയോയുമായി താരത്തിനു ആദരവ് അര്‍പ്പിച്ചിരിക്കുകയാണ് ഐ.പി.എല്‍ അധികൃതര്‍.

2011 ഏപ്രില്‍ 15 നു കേരളത്തിന്റെ സ്വന്തം കൊച്ചി ടസ്‌കേഴ്‌സ് കേരളയ്‌ക്കെതിരെയായിരുന്നു സച്ചിന്റെ സെഞ്ച്വറി നേട്ടം. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ ഇന്നിങ്‌സിന്റെ അവസാന പന്തിലായിരുന്നു സച്ചിന്‍ തന്റെ ഐ.പി.ല്‍െ കരിയറിലെ ആദ്യത്തെയും അവസാനത്തേയുമായ സെഞ്ച്വറി നേടിയത്.

66 പന്തുകളില്‍ നിന്ന് 151.51 സ്‌ട്രൈക്ക്‌റേറ്റിലായിരുന്നു സച്ചിന്റെ സെഞ്ച്വറി. ഐ.പി.എല്ലില്‍ 2008 മുതല്‍ 2013 വരെയായിരുന്ന സച്ചിന്‍ കളിച്ചിരുന്നത്. മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന സച്ചിന്‍ ഇപ്പോഴും ടീമിന്റെ ഭാഗമാണ്.

ആറു സീസണുകളിലായി 78 മത്സരങ്ങള്‍ കളിച്ച താരം 2334 റണ്‍സാണ് നേടിയിട്ടുള്ളത്. 295 ഫോറുകളും 29 സിക്‌സുകളുമാണ് താരത്തിന്റെ ഐ.പി.എല്‍ കരിയറലുള്ളത്. 2009 ലെ ടൂര്‍ണ്ണമെന്റില്‍ മാത്രമായിരുന്നു താരം ടീമിനായി ബോള്‍ ചെയ്തിരുന്നത്. സീസണില്‍ ആറു ഓവര്‍ എറിഞ്ഞിരുന്നെങ്കിലും വിക്കറ്റൊന്നും നേടാന്‍ കഴിഞ്ഞിരുന്നില്ല.