| Thursday, 14th June 2018, 3:08 pm

പിറന്നാള്‍ ദിനത്തില്‍ മഹാരാഷ്ട്രയ്ക്ക് രാജ് താക്കറേയുടെ സമ്മാനം: പെട്രോള്‍ വിലയില്‍ 9 രൂപവരെ കിഴിവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: തന്റെ പിറന്നാള്‍ ദിനത്തില്‍ ഇരുചക്രവാഹനയാത്രക്കാര്‍ക്ക് പെട്രോള്‍ വില കുറച്ചു നല്‍കി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന പ്രസിഡന്റ് രാജ് താക്കറെ. മഹാരാഷ്ട്രയിലെ തെരഞ്ഞെടുത്ത പമ്പുകളിലാണ് ഇന്ന് ഇരുചക്രവാഹനവുമായി എത്തുന്നവര്‍ക്ക് നാലു മുതല്‍ ഒന്‍പതു രൂപ വരെ ഇളവു ലഭിക്കുക.

വിലക്കുറവു പ്രമാണിച്ച് ധാരാളം ആളുകള്‍ വാഹനങ്ങളുമായി എത്തുന്നതിനാല്‍ പമ്പുകളില്‍ അസാധാരണമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കുന്നതോടൊപ്പം ഇന്ന് അന്‍പതു വയസ്സു തികയുന്ന താക്കറേയ്ക്ക് ആശംസകളുമര്‍പ്പിച്ചാണ് വാഹന ഉടമകള്‍ മടങ്ങുന്നത്. “ആദ്യമായാണ് എന്റെ വാഹനത്തില്‍ ടാങ്ക് നിറയെ പെട്രോള്‍ നിറയ്ക്കുന്നത്. താക്കറേയെപ്പോലെ മോദിയും പെട്രോള്‍ വില കുറയ്ക്കുമെന്നാണ് പ്രത്യാശിക്കുന്നത്. വിലക്കയറ്റം കാരണം പൊറുതിമുട്ടിയിരിക്കുകയാണ്.” ഇരുചക്ര വാഹന ഉടമയായ സാഗര്‍ പറയുന്നു.

മഹാരാഷ്ട്രയിലെ ഇന്നത്തെ പെട്രോള്‍ വില 84.26 രൂപയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ പമ്പുകളിലെത്തി കണക്കെടുക്കുകയും പെട്രോള്‍ വിലനിലവാരം രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യുന്നുണ്ട്. ദിവസത്തെ മുഴുവന്‍ ചെലവും തിട്ടപ്പെടുത്തി അവസാനം ആവശ്യമായ തുക പമ്പില്‍ നല്‍കുമെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.


Also Read:ഉമ്മന്‍ ചാണ്ടിയേക്കാള്‍ ജനകീയന്‍ ആന്റണി; തന്നേയും പി.സി ചാക്കോയേയും ഉമ്മന്‍ ചാണ്ടി വെട്ടിനിരത്തി; വീണ്ടും കുര്യന്‍


“രാവിലെ എട്ടു മണിതൊട്ട് പമ്പിലെത്തുന്നവര്‍ക്ക് ഇളവു നല്‍കുന്നുണ്ട്. ഇന്നു വൈകിട്ടുവരെ ഇതുതുടരും. ഇരുചക്ര വാഹന ഉടമകള്‍ക്ക് ഇന്ന് തെരഞ്ഞെടുക്കപ്പെട്ട പമ്പുകളില്‍ ലിറ്ററില്‍ 4-5 രൂപ ഇളവു ലഭിക്കും. മുംബൈയിലെ ശിവാദി നിയോജകമണ്ഡലത്തില്‍ ലിറ്ററിന്മേല്‍ 9 രൂപയാണ് കിഴിവു നല്‍കുന്നത്.” പാര്‍ട്ടി പ്രവര്‍ത്തകര്‍ എ.എന്‍.ഐയോടു പറഞ്ഞു.

“മോദി മുക്ത ഭാരത”ത്തിനായി ഒന്നിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് എന്‍.ഡി.എക്കെതിരെ താക്കറെ പരസ്യമായി രംഗത്തുവന്നിരുന്നു. 2019ല്‍ ബി.ജെ.പി സര്‍ക്കാറിനെ താഴെയിറക്കാന്‍ പ്രതിപക്ഷപ്പാര്‍ട്ടികള്‍ ഒരുമിച്ചു നില്‍ക്കണം എന്നാണ് താക്കറേയുടെ പക്ഷം. “ഇന്ത്യയ്ക്ക് ആദ്യമായി സ്വാതന്ത്ര്യം ലഭിച്ചത് 1947ലും, രണ്ടാമതായി അടിയന്തരാവസ്ഥയ്ക്കു ശേഷം 1977ല്‍ നടന്ന തെരഞ്ഞെടുപ്പിലുമാണ്. ഭാരതം മോദി മുക്തമായാല്‍ 2019ല്‍ നമുക്ക് മൂന്നാമതൊരു തവണ രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുക്കാം.” താക്കറെ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more