|

വീട്ടിലെ പ്രസവം; സമൂഹമാധ്യമങ്ങള്‍ വഴി തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: വീണ ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വീട്ടിലെ പ്രസവത്തെപ്പറ്റി സമൂഹമാധ്യമങ്ങള്‍ വഴി തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജ്. അശാസ്ത്രീയ മാര്‍ഗം വഴിയുള്ള പ്രസവം അമ്മയ്ക്കും കുഞ്ഞിനും ജീവന്‌ ഭീഷണിയാണെന്നും ഇത്തരം പ്രചരണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കേസ് എടുക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ചികിത്സ ഉറപ്പാക്കുക എന്നത് അവകാശമാണെന്നും അത് നിഷേധിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പ്രതിവര്‍ഷം 400 പ്രസവങ്ങളാണ് വീട്ടില്‍വെച്ച് നടക്കുന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. ഈ വര്‍ഷം രണ്ട് ലക്ഷം പ്രസവം നടന്നതില്‍ 382 എണ്ണമാണ് വീട്ടില്‍വെച്ച് നടന്നത്.

അതേസമയം മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെതിരെ നരഹത്യാക്കുറ്റം ചുമത്തി പൊലീസ് കോടതിയില്‍ ഹാജരാക്കി. ഇന്നലെ പെരുമ്പാവൂരിലെ ആശുപത്രിയില്‍ നിന്നാണ് മലപ്പുറം പൊലീസ് സിറാജുദ്ദീനെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ ഇയാളെ മലപ്പുറത്തേക്ക് കൊണ്ടുപോയി. നേരത്തെ സംഭവത്തില്‍ അസ്വാഭാവിക മരണത്തിനായിരുന്നു കേസെടുത്തിരുന്നത്.

വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം മനപൂര്‍വമായ നരഹത്യ തന്നെയാണെന്ന് വീണാ ജോര്‍ജ് പറഞ്ഞു. ചില കാര്യങ്ങള്‍ ബോധപൂര്‍വ്വം മറച്ചുവെയ്ക്കുകയാണെന്നുംഇത് ഗൗരവമുള്ള വിഷയമാണെന്നും വീണാ ജോര്‍ജ് പ്രതികരിച്ചു. അസ്മ അഞ്ചാമതും ഗര്‍ഭിണിയായത് ആരും അറിഞ്ഞില്ല. ആശാവര്‍ക്കര്‍മാരോടുപോലും കള്ളം പറഞ്ഞെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കേരളത്തില്‍ ഒരു ലക്ഷം പ്രസവം നടക്കുമ്പോള്‍ 19 അമ്മമാരാണ് മരണപ്പെടുന്നത്. 19ലേക്ക് കുറച്ചുകൊണ്ടുവന്നത് വലിയ പ്രയത്‌നത്തിലൂടെയാണെന്നും മന്ത്രി വ്യക്തമാക്കി. ഈ വിഷയത്തില്‍ എല്ലാവരെയും പങ്കെടുപ്പിച്ച് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു മലപ്പുറം ചട്ടിപ്പറമ്പിലെ വാടകവീട്ടില്‍വെച്ച് അസ്മ എന്ന യുവതി ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു ഇത്. പ്രസവ സമയത്തുതന്നെ അസ്മ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കാന്‍ സിറാജുദ്ദീന്‍ തയ്യാറായില്ല. കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ അസ്മ മരണത്തിന് കീഴടങ്ങി.

അക്യൂപഞ്ചര്‍ പഠിച്ചതിനാല്‍ വേദനയില്ലാതെ പ്രസവിക്കാമെന്ന് തെറ്റിധരിപ്പിച്ചായിരുന്നു മൂന്ന് പ്രസവങ്ങളും വീട്ടില്‍ തന്നെ നടത്താന്‍ സിറാജുദ്ദീന്‍ അസ്മയെ നിര്‍ബന്ധിച്ചത്. രക്തംവാര്‍ന്നാണ് അസ്മ മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. പ്രസവശേഷം കൃത്യമായ പരിചരണം ലഭിച്ചിരുന്നുവെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

Content Highlight: Birth at home; Legal action will be taken against those spreading false propaganda through social media: Veena George