| Saturday, 9th July 2022, 5:36 pm

ഒടുവില്‍ നീതി; ഇത് ഇന്ത്യന്‍ ആരാധകരുടെ വിജയം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് സീരീസിലെ അഞ്ചാം ടെസ്റ്റ് ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ വെച്ചായിരുന്നു നടന്നിരുന്നത്. സ്‌പോര്‍ട്‌സമാന്‍ സ്പിരിറ്റിന്റെ അങ്ങേയറ്റമായിരുന്നു ഗ്രൗണ്ടില്‍ നടന്ന പ്രകടനമെങ്കില്‍ ക്രിക്കറ്റ് സ്പിരിറ്റിന് ഒട്ടും ചേരാത്ത പ്രകടനമായിരുന്നു ഇംഗ്ലണ്ട് ആരാധകര്‍ പുറത്തെടുത്തത്.

വര്‍ണവെറിയുടെ അങ്ങേയറ്റത്തേക്ക് പോയ ഇംഗ്ലണ്ട് ആരാധകര്‍ ഇന്ത്യന്‍ ആരാധകരെ വംശീയമായി അധിക്ഷേപിക്കുകയായിരുന്നു. ഇംഗ്ലണ്ട് ടീമിനെ പോലും നാണംകെടുത്തിയ സംഭവം ക്രിക്കറ്റ് ലോകമൊന്നാകെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ഇതാദ്യമായല്ല ഇംഗ്ലണ്ട് ആരാധകര്‍ നിലവിട്ടുപെരുമാറുന്നത്. മുമ്പും ഇത്തരത്തില്‍ ആരാധകരുടെ മോശം പെരുമാറ്റം കാരണം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡൊന്നാകെ തലതാഴ്ത്തി നിന്നിരുന്നു.

എന്നാലിപ്പോള്‍, വംശീയ അധിക്ഷേപം നടത്തിയ ഒരാളെ അറസ്റ്റ് ചെയ്തു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ബെര്‍മിങ്ഹാം പൊലീസാണ് 32കാരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ബെര്‍മിങ്ഹാം പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിരിക്കുന്നത്.

വംശീയ അധിക്ഷേപത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും ഇത്തരം സംഭവങ്ങള്‍ തങ്ങളെ നിരാശരാക്കിയെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ അറിയിച്ചിരുന്നു.

ഇന്ത്യന്‍ ആരാധകര്‍ക്ക് നേരെ നടന്ന സംഭവങ്ങള്‍ ഒരിക്കലും നടക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും ആരാധകരുടെ നിലവിട്ടുള്ള പെരുമാറ്റത്തില്‍ താന്‍ ഏറെ നിരാശനാണെന്നും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് പറഞ്ഞിരുന്നു.

ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

‘പിച്ചിലെ പ്രകടനത്തെ അടിസ്ഥാനമാക്കി പറയുകയാണെങ്കില്‍ ഇത് മികച്ച ഒരു ആഴ്ച തന്നെയായിരുന്നു, എന്നാല്‍ വംശീയ അധിക്ഷേപത്തിന്റെ റിപ്പോര്‍ട്ടുകള്‍ കേട്ടതോടെ ഞാന്‍ നിരാശനായിരിക്കുകയാണ്. ക്രിക്കറ്റില്‍ വംശീയ അധിക്ഷേപത്തിന് ഒരിക്കലും സ്ഥാനമില്ല.

വൈറ്റ് ബോള്‍ പരമ്പരയില്‍ ആരാധകര്‍ക്ക് മികച്ച സമയം ലഭിക്കുമെന്നും ഒരു പാര്‍ട്ടി അന്തരീക്ഷം തന്നെ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു. ക്രിക്കറ്റ് എന്നുപറഞ്ഞാല്‍ അതാണ്,’ സ്റ്റോക്സ് ട്വീറ്റ് ചെയ്തു.

അതേസമയം, ഇന്ത്യ – ഇംഗ്ലണ്ട് വൈറ്റ് ബോള്‍ പരമ്പരയിലെ ആദ്യ മത്സത്തില്‍ ആതിഥേയരെ നിലംപരിശാക്കി ഇന്ത്യ വിജയിച്ചിരുന്നു. 50 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.

ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ഒരിക്കല്‍ക്കൂടി തന്റെ ഓള്‍റൗണ്ട് മികവ് പുറത്തെടുത്തപ്പോള്‍ ഇംഗ്ലണ്ട് ടീം നിഷ്പ്രഭമാവുകയായിരുന്നു. ഹര്‍ദിക് തന്നെയായിരുന്നു കളിയിലെ താരവും.

ശനിയാഴ്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം. നേരത്തെ അനിഷ്ടസംഭവങ്ങള്‍ നടന്ന അതേ എഡ്ജബാസ്റ്റണില്‍ വെച്ചാണ് മത്സരം.

Content highlight:  Birmingham Police Arrest Fan After Racism Allegations During Edgbaston Test

We use cookies to give you the best possible experience. Learn more