ബിരിയാണി കിട്ടിയില്ലെന്ന് പറഞ്ഞ കുട്ടി ക്ലാസിലുണ്ടായിരുന്നുവെന്ന് അധ്യാപക കമ്മീഷന്‍
Kerala News
ബിരിയാണി കിട്ടിയില്ലെന്ന് പറഞ്ഞ കുട്ടി ക്ലാസിലുണ്ടായിരുന്നുവെന്ന് അധ്യാപക കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th July 2022, 12:35 pm

പാലക്കാട്: പാലക്കാട് ജി.വി.എച്ച്.എസ്.എസ് പത്തിരിപ്പാലയിലെ വിദ്യാര്‍ത്ഥികളെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സമരത്തിന് കൊണ്ടുപോയതിനെ ചൊല്ലിയുള്ള വിവാദത്തില്‍ ട്വിസ്റ്റ്. ബിരിയാണി വാങ്ങിത്തരാമെന്ന് പറഞ്ഞ് കൊണ്ടുപോയിട്ടും ബിരിയാണി കിട്ടിയില്ല എന്ന് പരാതി പറഞ്ഞ കുട്ടി സംഭവ ദിവസം ക്ലാസിലുണ്ടായിരുന്നു എന്നാണ് അധ്യാപക കമ്മീഷന്റെ വിശദീകരണം.

സംഭവം രാഷ്ട്രീയപ്രേരിതമാണെന്ന് എസ്.എഫ്.ഐ ആവര്‍ത്തിക്കുന്നതിനിടെയാണ് അധ്യാപക കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

രക്ഷിതാക്കളുടെ പരാതിയില്‍ പി.ടി.എ നിയോഗിച്ച അധ്യാപക കമ്മീഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ബിരിയാണി വാഗ്ദാനം ചെയ്താണ് എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളെ കൊണ്ടുപോയതെന്ന വാദം നേരത്തെ തന്നെ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ തള്ളിയിരുന്നു.

സംഭവത്തിന് നേരെയുള്ള വിവാദങ്ങളെ തള്ളിക്കൊണ്ട് എസ്.എഫ്.ഐയും രംഗത്തെത്തിയിരുന്നു.

എസ്.എഫ്.ഐ ഒരു വിദ്യാര്‍ത്ഥികളെയും പിടിച്ചുകൊണ്ടുപോകുന്നില്ല. പത്തിരിപ്പാല സ്‌കൂളില്‍ സംഘടനാപരമായി മുന്നില്‍ നില്‍ക്കുന്ന സംഘടന എസ്.എഫ്.ഐയാണ്.

രണ്ട് ദിവസം സംഘടനാ പ്രതിനിധികള്‍ നടത്തിയ ഇടപെടലിന്റെ ഭാഗമായാണ് കളക്ടറേറ്റ് മാര്‍ച്ചില്‍ വിദ്യാര്‍ത്ഥികളെത്തിയത്.

രക്ഷിതാക്കളുടെ രാഷ്ട്രീയം നോക്കിയല്ല എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത്. താല്‍പര്യം പ്രകടിപ്പിക്കുന്ന എല്ലാവരെയും സംഘടനയുടെ ഭാഗമാക്കും. ഭാവിയിലും ആ സമീപനം തുടരുമെന്നും എസ്.എഫ്.ഐ പ്രതികരിച്ചിരുന്നു.

രാഷ്ട്രീയ ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്നവര്‍ ഇപ്പോഴുണ്ടായ വിവാദത്തിന് പിന്നിലുണ്ട്. കഴിഞ്ഞ ദിവസം ചിലര്‍ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് ബിരിയാണി എന്ന് ആദ്യമായി പറയുന്നത്. ഇല്ലാത്ത ബിരിയാണിക്കഥയുണ്ടാക്കി വിദ്യാര്‍ത്ഥികളെ പറഞ്ഞുപഠിപ്പിച്ചത് അവരാണ്.

അരാഷ്ട്രീയം കുട്ടികളില്‍ കുത്തിവെക്കണം എന്ന താല്‍പര്യമുള്ളവരും അവര്‍ക്കൊപ്പം കൂടിയിട്ടുണ്ടെന്നും എസ്.എഫ്.ഐ ആരോപിച്ചിരുന്നു.

Content Highlight: Biriyani controversy, Teachers commission says that student who claimed he didn’t receive biriyani was at the school when incident happened