തിരുവനന്തപുരം: കൊല്ലം ജില്ലയിലും താറാലുകള്‍ കൂട്ടത്തോടെ ചത്തു. കൊട്ടാരക്കരയിലാണ് താറവുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. നൂറിലധികം താറാവുകളാണ് ഇവിടെ ചത്തത്. പക്ഷിപ്പനി കാരണമാണ് താറാവുകള്‍ ചത്തത് എന്നാണ് സംശയം.
ആരോഗ്യ പ്രവര്‍ത്തകരും മൃഗസംരക്ഷണ വകുപ്പ് അധികൃതരും സ്ഥലത്ത് എത്തുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. എറണാകുളത്തും പക്ഷിപ്പനി ഭീഷണി നിലനില്‍ക്കുന്നുണ്ട്.
എറണാകുളത്ത് ഇന്ന് വീണ്ടും 25 താറാവുകള്‍ ചത്തു. എറണാകുളം ജില്ലയിലെ മാണിക്യമംഗലത്താണ് താറാവുകളെ ചത്ത നിലയില്‍ കണ്ടത്. തൊട്ടടുത്ത് മറ്റ് പക്ഷികള്‍ക്ക് അസുഖത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. വൃത്തിയില്ലാത്ത സാഹചര്യത്തിലാണ് ഇവയെ വളര്‍ത്തിയിരുന്നത്. അതുകൊണ്ട് അണുബാധയാണ് ഇവയുടെ മരണകാരണമെന്നാണ് കരുതുന്നത്.
താറാവു ചത്ത പ്രദേശത്തെ ആളുകള്‍ ഭീതിയിലാണ്. എന്നാല്‍ എറണാകുളത്ത് പക്ഷിപ്പനിയല്ല താറാവുകള്‍ ചത്തതിന് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. തിരുവല്ലയില്‍ നടത്തിയ പരിശോധനയില്‍ പക്ഷിപ്പനിയുടെ വൈറസുകളെ കണ്ടെത്താനായില്ല.
പക്ഷിപ്പനി കണ്ടെത്തിയ പുറക്കാട് തലവടി എന്നീ പ്രദേശങ്ങളില്‍ രോഗം ബാധിച്ച താറാവുകളെ കൊല്ലുന്ന നടപടി പൂര്‍ത്തിയായി. അറുപതിനായിരത്തോളം താറാവുകളെയാണ് ആലപ്പുഴ ജില്ലയില്‍ മാത്രം ഇന്ന് കൊന്നത്.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. മനുഷ്യരിലേക്ക് ഇതുവരെ പക്ഷിപ്പനി പടര്‍ന്നിട്ടില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രണ്ടുപേര്‍ക്കും വൈറസ് ബാധയേറ്റിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായി.
താറവ് കര്‍ഷകര്‍ക്ക് നഷ്ട പരിഹാരം നല്‍കുന്ന രീതി പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. താറാവുകളെ കൊന്ന കര്‍ഷകര്‍ക്ക് മാത്രമാണ് ഇപ്പോള്‍ നഷ്ട പരിഹാരം കൊടുക്കുന്നത്.
രോഗത്തെത്തുടര്‍ന്ന് ചത്ത താറാവുകളുടെ കണക്കെടുപ്പ് പൂര്‍ത്തിയായാല്‍ മാത്രമേ അവയ്ക്കുള്ള നഷ്ടപരിഹാരം നല്‍കാനാവു എന്നാണ് അധികൃതര്‍ പറയുന്നത്.