| Saturday, 7th March 2020, 10:08 pm

പക്ഷിപ്പനി: രണ്ട് സ്ഥലത്ത് കോഴിവില്‍പന നിരോധിച്ചു; പ്രതിരോധ പരിപാടികള്‍ സജ്ജം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ രണ്ടിടങ്ങളില്‍ കോഴി വില്‍പന നിരോധിച്ചു. രോഗം റിപ്പോര്‍ട്ട് ചെയ്ത വെസ്റ്റ് കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളിലാണ് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ കോഴി വില്‍പന നിരോധിച്ചത്. മുന്‍കരുതലെന്നോണമാണ് നിരോധനം.

പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് വേങ്ങേരിയിലും വെസ്റ്റ് കൊടിയത്തൂരിലും ഒരു കിലോമീറ്റര്‍ ചുറ്റളവിലെ വളര്‍ത്തുപക്ഷികളെ കൊന്ന് ദഹിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഞായറാഴ്ച മുതല്‍ ഇതിനുള്ള നടപടികള്‍ ആരംഭിക്കും. ഇതിനായി 25 പ്രതിരോധ സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ജനങ്ങള്‍ ആശങ്കപ്പെടാനില്ലെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ നിര്‍ദ്ദേശം. എങ്കിലും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പകുതി വേവിച്ച മാംസം കഴിക്കരുത്.

അതേസമയം, പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിയിറച്ചി വില കുത്തനെ ഇടിഞ്ഞു. സംസ്ഥാനത്തെ ഉല്‍പാദന കേന്ദ്രങ്ങളില്‍ നിന്നുള്ള ചിക്കന് മൊത്തവില 45 രൂപ വരെ ആയി. ഉല്‍പാദകര്‍ തന്നെ ചില്ലറ വില്‍പന നടത്തുന്ന കടകളില്‍ വില 59 രൂപ വരെയായി കുറഞ്ഞിട്ടുണ്ട്.

വെള്ളിയാഴ്ച എറണാകുളം മാര്‍ക്കറ്റില്‍ 90 രൂപയായിരുന്നു ചിക്കന്‍ വില, എന്നാല്‍ ശനിയാഴ്ച രാവിലെ 70 രൂപയായി കുറഞ്ഞത്. രണ്ടാഴ്ച മുമ്പ് 120 രൂപയായിരുന്ന സ്ഥാനത്തു വില ഏതാനും ദിവസങ്ങളായി കുറഞ്ഞു വരികയായിരുന്നു.

പക്ഷിപ്പനിക്ക് പുറമെ തമിഴ്നാട് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം ഉല്‍പാദനം വര്‍ധിച്ചതോടെ വന്‍ തോതില്‍ കോഴിയിറച്ചി എത്തുന്നതും വിലയിടിവിന്റെ പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more