തിരുവല്ല പക്ഷിരോഗ നിര്‍ണയ ലബോറട്ടറിയിലും പാലക്കാട് ഡിസീസ് ഇന്‍വെസ്റ്റിഗേറ്റിങ് ഓഫീസിലും നടത്തിയ പരിശോധനയില്‍ താറാവുകള്‍ക്ക് പക്ഷിപ്പനിയാണെന്ന് കണ്ടെത്തിയിരുന്നു. പക്ഷിപ്പനി കണ്ടെത്തിയിട്ടും ജാഗ്രതാ നിര്‍ദേശമോ മുന്‍കരുതല്‍ നിര്‍ദേശമോ മൃഗസംരക്ഷണ വകുപ്പ് നല്‍കിയില്ല. മറിച്ച് കൂടുതല്‍ സ്ഥിരീകരണത്തിനായി സാമ്പിളുകള്‍ ബംഗളുരുവിലെയും ഭോപ്പാലിലെയും ലാബുകളിലേക്ക് അയക്കുകയാണ് ചെയ്തത്.
മൃഗ സംരക്ഷണ വകുപ്പ് രോഗത്തെക്കുറിച്ചുള്ള സൂചനപോലും നല്‍കാത്തതിനാല്‍ കര്‍ഷകരും ആരോഗ്യ പ്രവര്‍ത്തകരം പക്ഷികളുമായി നേരിട്ടാണ് ഇടപെട്ടത്. യാതൊരു സുരക്ഷാ ഉപകരണങ്ങളും ഇവര്‍ ധരിച്ചിരുന്നില്ല. തിങ്കളാഴ്ച ഉച്ചയോടെയാണ് താറാവുകള്‍ക്ക് പക്ഷിപ്പനിയാണെന്ന് ആരോഗ്യപ്രവര്‍ത്തകരും കര്‍ഷകരും അറിയുന്നത്. താറാവുകളുമായി നേരിട്ട് ഇടപഴകിയ ഡോക്ടര്‍മാരെ അനൗദ്യോഗികമായിപ്പോലും പക്ഷിപ്പനിയുടെ വിവരം അറിക്കാത്തത് വന്‍ പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്.
തിങ്കളാഴ്ച രാത്രിയോടെ മാത്രമാണ് താറാവുകളമായി നേരിട്ട് ഇടപഴകിയ ഡോക്ടര്‍മാര്‍ പ്രതിരോധ മരുന്ന് കഴിച്ചിരുന്നത്. രോഗം ബാധിച്ച് ചത്ത താറാവുകളുടെ കണക്കുകള്‍പ്പോലും വെള്ളിയാഴ്ച മൃഗസംഗക്ഷണ വകുപ്പ് ശേഖരിച്ചിരുന്നില്ല.