| Friday, 28th November 2014, 12:40 pm

പക്ഷിപ്പനി: കൊല്ലേണ്ടത് അഞ്ച് ലക്ഷം താറാവുകളെ കൊന്നത് 19,000 ല്‍ താഴെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: പക്ഷിപ്പനി ബാധിത പ്രദേശങ്ങളിലെ രോഗം ബാധിച്ചതും അല്ലാത്തതുമായ മുഴുവന്‍ താറാവുകളെയും മൂന്ന് ദിവസത്തിനുള്ളില്‍ കൊല്ലും എന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. അഞ്ച് ലക്ഷം താറാവുകളെയാണ് മൂന്ന് ജില്ലകളിലായി കൊല്ലാനുള്ളത് എന്നാല്‍ ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 19000 ല്‍ താഴെ താറാവുകളെ മാത്രമാണ് ഇതുവരെ കൊന്നിട്ടുള്ളത്. പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് പുറമെ നാട്ടുകര്‍ കൂടി രംഗത്തിറങ്ങിയതിനാലാണ് ഇത്രയും താറാവുകളെ കൊല്ലാന്‍ സാധിച്ചത്.

മൂന്ന് ദിവസത്തിനുള്ളല്‍ ബാക്കിയുള്ള മുഴുവന്‍ താറാവുകളെ കൊല്ലുമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്കായി 10000 കിറ്റുകള്‍ സമാഹരിച്ചിട്ടുണ്ടെന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ചത്തുകിടക്കുന്ന താറാവുകളെ കണ്ടെത്താനും നശിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ ഇന്ന് പറഞ്ഞിരുന്നു.

ഇതുവരെ 18852 താറാവുകളെയാണ് കൊന്നിട്ടുള്ളതെന്നും പ്രതിരോധ നടപടികളുടെ ഭാഗമായി 5000 ഗുളികകള്‍ അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്ത് എത്തുക്കുമെന്നും 20000 കിറ്റികള്‍ ഇതുവരെ വിതരണം ചെയ്‌തെന്നും മന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ ഇത് എത്രത്തോളം സാധ്യകരമാണ് എന്നുള്ളത് സംശയകരമാണ്.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും 12000 ല്‍ താഴെ താറാവുകളെ മാത്രമേ കൊല്ലാനായിട്ടുള്ളു എന്നുള്ളത് അധികൃതരുടെ തികഞ്ഞ അലംഭാവകത്തെയാണ് കാണിക്കുന്നത്. മാത്രമല്ല യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് കര്‍ഷകര്‍ പക്ഷികളെ കൊല്ലുന്നത് എന്നുള്ളത് രോഗം മനുഷ്യരിലേക്ക് പടരുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ബാധിച്ചിരിക്കുന്നത് എച്ച്5എന്‍1  എന്ന മാരകമായ വൈറസാണെന്നും ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ളതാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.

പക്ഷിപ്പനി നേരിടുന്ന കാര്യത്തില്‍ സംസ്ഥാനം അലംഭാവം കാട്ടിയതായി കേന്ദ്ര ആരോഗ്യമന്ത്രിയും ആരോപിച്ചിരുന്നു. പക്ഷികളെ കൊല്ലുന്നതില്‍ മാത്രമല്ല സുരക്ഷയുടെ കാര്യത്തിലും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. രോഗം ബാധിച്ച സ്ഥലങ്ങളില്‍ രോഗ ഭീഷണിയോടൊപ്പം കുടിവെള്ള ക്ഷാമവും രൂക്ഷമാണ്.

We use cookies to give you the best possible experience. Learn more