ആലപ്പുഴ: പക്ഷിപ്പനി ബാധിത മേഖലയില്‍ സര്‍ക്കാര്‍ ഇന്ന് കൂടുതല്‍ മരുന്നുകള്‍ എത്തിക്കും. രാജസ്ഥാനില്‍ നിന്ന് 30,000 ടാബ്ലറ്റുകളാണ് ഇന്ന് എത്തിക്കുക. എന്നാല്‍ കൂടുതല്‍ മരുന്നുകള്‍ എത്തുന്നത് വൈകും. മരുന്നുകള്‍ ലഭ്യമാകുന്നത് 10 മുതല്‍ 15 ദിവസം വരെയാണ് വൈകുക. ഉത്തരേന്ത്യന്‍ കമ്പനികള്‍ മരുന്നുകള്‍ നിര്‍മിക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. കേരളത്തിന്റെ ആവശ്യം കണക്കിലെടുത്ത് കമ്പനികള്‍ കൂടുതല്‍ മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ആരംഭിച്ചിട്ടുണ്ട്.
പക്ഷിപ്പനി ബാധിത പ്രദേശങ്ങളിലെ ആളുകള്‍ക്ക് ആയുര്‍വേദ മരുന്നുകള്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്. ഇവരുടെ വീടുകളിലെത്തി ആരോഗ്യപ്രവര്‍ത്തകര്‍ ബോധവല്‍ക്കരണം നല്‍കും.
പക്ഷികളെ കൊല്ലുന്നത് ഇന്നും തുടരും. ആലപ്പുഴയില്‍ പ്രതിരോധ കിറ്റുകള്‍ എത്തിച്ചിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ഈ കിറ്റുകള്‍ കൈമാറും. പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ ഡെപ്യൂട്ടി തഹസില്‍ദാറെ ചുമതലപ്പെടുത്തി. ഈ റാങ്കിലുള്ള ഉദ്യോഗസ്ഥരെ നോഡല്‍ ഓഫീസര്‍മാരായി നിയമിക്കാനും തീരുമാനമായി.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആരും തടസ്സം സൃഷ്ടിക്കരുതെന്നും എല്ലാവരും പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്നും ആലപ്പുഴ ജില്ലാ കലക്ടര്‍ അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് പോലീസ് സംരക്ഷണം നല്‍കും. പ്രതിരോധ പ്രവര്‍ത്തകരെ തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം അനുസരിച്ച് തടവും പിഴയും ശിക്ഷ ലഭിക്കുന്ന വകുപ്പ് ചേര്‍ത്ത് കേസെടുക്കാനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഞ്ച് അംഗങ്ങള്‍ വീതമുള്ള പത്ത് സംഘങ്ങളാണ് പക്ഷികളെ കൊല്ലുന്നതിനായി ഇന്ന് രംഗത്തിറങ്ങുക.
രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പക്ഷികളെയും കൊന്നു സംസ്‌കരിക്കാനാണ് ആലപ്പുഴ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
പത്തനംതിട്ട ജില്ലയില്‍ കൊന്ന പക്ഷികളെ കത്തിക്കുന്നതിന് കര്‍ഷകര്‍ തന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്. പ്രതിരോധ മരുന്നുകള്‍ എത്തിയിട്ടില്ലെന്ന് പറഞ്ഞ് പ്രതിരോധ പ്രവര്‍ത്തകര്‍ താറാവുകളെ കത്തിക്കുന്നതില്‍ നിന്നും മാറി നിന്ന സാഹചര്യത്തിലാണ് കര്‍ഷകര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.
യാതൊരു സുരക്ഷാ നടപടിയും സ്വീകരിക്കാതെയാണ് കര്‍ഷകര്‍ പക്ഷികളെ കത്തിക്കുന്നത്. കൊന്ന പക്ഷികളെ ചാക്കിലാക്കിയതിന് ശേഷം ടയറും ചേരിയും ഉപയോഗിച്ചാണ് ഇതിനെ കത്തിക്കുന്നത്. കൈയുറകളോ മുഖം മൂടികളോ ധരിക്കാതെയാണ് കര്‍ഷകരുടെ ഈ സാഹസികത.
കൊല്ലം എറണാകുളം ജില്ലകളിലേക്കും പക്ഷിപ്പനി വ്യാപിച്ചുകഴിഞ്ഞു. ബുധനാഴ്ചമാത്രം അഞ്ച് ജില്ലകളിലായി മൂവായിരത്തോളം താറാവുകളാണ് ചത്തത് എന്നാണ് അനൗദ്യോഗിക വിവരം.