തിരുവനന്തപുരം: പക്ഷിപ്പനി മൂലം കൊന്നൊടുക്കുന്ന പക്ഷികളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു. രണ്ട് മാസത്തില്‍ കൂടുതല്‍ പ്രായമുള്ള ഒരു പക്ഷിക്ക് 200 രൂപ വെച്ച് കര്‍ഷകന് നഷ്ടപരിഹാരം നല്‍കും.
രണ്ട് മാസം വരെ പ്രായമുള്ള പക്ഷി ഒരെണ്ണത്തിന് നൂറ് രൂപ നഷ്ടപരിഹാരം നല്‍കും. 5 രൂപ ഒരു മുട്ടയ്ക്ക് നഷ്ടപരിഹാരം നല്‍കാനും തീരുമാനമായി. ഇത് കര്‍ഷകര്‍ക്ക് കഴിയുന്നത്ര വേഗം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം പക്ഷിപ്പനിയുടെ ഉറവിടം ദേശാടനപ്പക്ഷികളാണെന്ന് കെ.രാജു പറഞ്ഞു. പക്ഷിപ്പനിക്ക് കാരണമായ എച്ച്5 എന്‍8 വൈറസിന് ജനിതകമാറ്റം സംഭവിച്ച് അത് മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജാഗ്രത കൈവെടിയരുതെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ കളക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ പ്രഭവ കേന്ദ്രത്തിനു പുറമെയുള്ള പ്രദേശങ്ങളില്‍ രോഗ ലക്ഷണങ്ങളോടു കൂടി പക്ഷികള്‍ ചാവുകയാണെങ്കില്‍ സാമ്പിളെടുത്ത് പരിശോധിക്കാനും അതിന്‍മേല്‍ നടപടികള്‍ സ്വീകരിക്കാനും ജില്ലാ മൃഗസംരക്ഷണ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പക്ഷിപ്പനിയുടെ ഭാഗമായി ആലപ്പുഴയില്‍ 42960 പക്ഷികളെ കൊന്നു. ആലപ്പുഴയില്‍ പക്ഷിപ്പനിയെത്തുടര്‍ന്ന് 23857 പക്ഷികള്‍ നേരത്തെ ചത്തിട്ടുണ്ട്. കൊന്നതും ചത്തതും കൂടിയായി ആകെ 61513 എണ്ണമാണ് ആലപ്പുഴ ജില്ലയിലുള്ളത്.
കോട്ടയം ജില്ലയില്‍ 7729 പക്ഷികളെ കൊന്നു. ആലപ്പുഴയില്‍ താറാവിനെ മാത്രമാണ് കൊന്നത്. എന്നാല്‍ പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലെ വീടുളിലെ പക്ഷികളെയും വരും ദിവസം കൊന്നൊടുക്കും. കൊന്നൊടുക്കിയ പ്രദേശം നാളെ സാനിറ്റൈസ് ചെയ്യും.
ചില മേഖലകളില്‍ കൊക്ക്, മറ്റ് പക്ഷികള്‍ എന്നിവ ചത്തു വീഴുന്നു എന്ന പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മേഖലയില്‍ പരിശോധന നടത്തും. ഏതെങ്കിലും പക്ഷികള്‍ ചത്ത് വീഴുന്നുണ്ടോയെന്ന് പരിശോധിക്കാനും സാമ്പിള്‍ ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക